അമ്മമാരുടെ ജീവിതം ആനന്ദകരമാക്കാൻ ചില മാർഗങ്ങൾ

ഒരു അമ്മയുടെ ജീവിതം എപ്പോഴും കഠിനവും മടുപ്പുളവാക്കുന്നതുമാണെന്നു തോന്നിയിട്ടുണ്ടോ? മാതൃത്വം ഒരിക്കലും എളുപ്പമല്ല. ശാരീരികമായും മാനസികമായും ആത്മീയമായും അമ്മമാർ എപ്പോഴും ഉണർവുള്ളവരായിരിക്കേണ്ടതുണ്ട്. നിത്യജീവിതത്തിലെ തിരക്കുകളിൽ അകപ്പെട്ട ഒരു അമ്മയായിരിക്കുമ്പോൾ തീർച്ചയായും അവർക്ക് എപ്പോഴും ഉന്മേഷഭരിതരായിരിക്കാൻ കഴിയുക അസാധ്യമാണ്. എന്നാൽ ചില കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുന്നതിലൂടെ അമ്മമാർക്ക് എപ്പോഴും എനെർജറ്റിക് ആയി മാറാം.

സ്വയം മറക്കാതിരിക്കുകയും സ്വയം പരിപാലിക്കുകയും ചെയ്യേണ്ടത് ഒരു അനിവാര്യതയാണ്, എന്നാൽ അത് എല്ലായ്‌പ്പോഴും പ്രായോഗികമാക്കാൻ എളുപ്പമല്ല. പ്രശാന്തമായ മനസോടെ ആയിരിക്കുവാൻ അമ്മമാരെ സഹായിക്കുന്ന ചില മാർഗങ്ങൾ ഇതാ:

1. പൂന്തോട്ടം നിർമ്മിക്കുക

വൃത്തിഹീനമായ വസ്ത്രങ്ങളുടെ കൂമ്പാരമോ വൃത്തിയാക്കാൻ മറന്ന പ്രഭാതഭക്ഷണ മേശയോ നിരന്തരം കാണുന്ന നമ്മുടെ കണ്ണുകൾക്കും മനോഹരമായ കാര്യങ്ങൾ കാണാനുള്ള അവകാശമുണ്ട്! പൂക്കൾ സ്വീകരിക്കുകയോ വാങ്ങുകയോ ചെയ്യുക, അവ ക്രമീകരിക്കുന്നതിൽ ആനന്ദം കണ്ടെത്തുക എന്നിവ ലളിതമായ അനുഭവമാണ്. നിങ്ങളുടെ വീട്ടിൽ ഒരു പൂന്തോട്ടം നിർമ്മിക്കുന്നതിനൊപ്പം അവ ദിവസവും പൂവിടുന്നത് കാണുന്നതിന്റെ സന്തോഷവുമുണ്ട്. നിങ്ങളുടെ വീടിനെ മനോഹരവും ശാന്തവുമായ സ്ഥലമാക്കി മാറ്റുക എന്നതാണ് ഏറ്റവും പ്രധാനം.

2. സംഗീതം ആസ്വദിക്കുക

സാംസ്കാരിക യാത്രകൾ, ഏതെങ്കിലും ഗെയിമുകൾ അല്ലെങ്കിൽ പെയിൻ്റിംഗ് തുടങ്ങിയ നിങ്ങൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുക. മക്കളെ സംഗീതം പഠിക്കാൻ കൊണ്ടുപോകുന്നതിനൊപ്പം തന്നെ അമ്മമാർ അവർക്കിഷ്ടമുള്ള ഏതെങ്കിലും സംഗീത ഉപകരണം പഠിക്കുന്നത് നല്ലതാണ്. അങ്ങനെ ഒരിക്കൽ മാറ്റിവച്ച പാഷനെ തിരിച്ചു കൊണ്ടുവരികയും ചെയ്യാം.

3. മറ്റ് അമ്മമാരോടൊപ്പം പ്രാർഥിക്കുക

അമ്മമാരുടെ സംഘടനകളിൽ അംഗമാകുകയും അവരോടൊപ്പം പ്രാർഥിക്കുകയും ചെയ്യുന്നത് മാനസികമായി ശക്തമാകാൻ കൂടുതൽ ഉപകാരപ്പെടും. ഒരു അമ്മയെന്ന നിലയിൽ ഉള്ള ഉത്തരവാദിത്വങ്ങളിൽ പതറാതെ ആശ്വാസത്തിന്റെ ഉറവിടമായി നമുക്ക് ഈ പ്രാർഥനയെ കാണാം.

4. പിൻവാങ്ങലിന്റെ ഒരു ദിവസം

പ്രിയപ്പെട്ട അമ്മമാരേ, നിങ്ങൾക്കായി ഒരു ദിവസം നീക്കിവയ്ക്കുന്നത് എപ്പോഴും നല്ലതാണ്. നിങ്ങൾക്കിഷ്ടമുള്ള കാര്യം ചെയ്ത് ഒരു ദിവസം മുഴുവനായോ അത്രയും സാധിച്ചില്ലെങ്കിൽ കുറച്ചു മണിക്കൂറുകളെങ്കിലുമോ മാറ്റിവക്കുന്നത് നിങ്ങളുടെ മാനസികാരോഗ്യത്തിനും സന്തോഷത്തിനും ഏറ്റവും മികച്ച മാർഗ്ഗമായിരിക്കും.

5. വായന

ഒഴിവു സമയങ്ങളിൽ നമുക്ക് ആസ്വദിക്കാൻ നിരവധി കാര്യങ്ങളുണ്ടെങ്കിലും വായനയ്ക്ക് പകരംവയ്ക്കാൻ മറ്റൊന്നിനുമാകില്ല. ആനന്ദത്തിനൊപ്പം അറിവും കൂടി ലഭിക്കുമ്പോൾ വെറുതേ സമയം കളഞ്ഞെന്ന ഒരു ചിന്തയും നിങ്ങൾക്കുണ്ടാകില്ല.

6. സായാഹ്ന കൂട്ടായ്മ്

സുഹൃത്തുക്കളോടൊപ്പം ഒരു സായാഹ്നം അല്ലെങ്കിൽ അത്താഴം പങ്കുവയ്ക്കുന്നത് ഏറ്റവും സന്തോഷമുള്ള കാര്യമാണ്. ആഴ്‌ചയുടെ അവസാനമോ അല്ലെങ്കിൽ അവധി ദിവസങ്ങളിലോ സംഘടിപ്പിക്കാവുന്ന ഈ കൂടി ചേരലിലൂടെ പരസ്പരം മനസ്സിലാക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. അമ്മമാരുടെ ദ്രുതഗതിയിലുള്ള ദൈനംദിന ജീവിതത്തിൽ ഈ ഇടവേളകൾ വളരെ പ്രധാനമാണ്.

7. ദിവ്യകാരുണ്യ ആരാധന

എല്ലാം ചെയ്യാനുള്ള ശക്തി നഷ്ടപ്പെടുന്നതായി തോന്നുമ്പോൾ, ആരാധനയിൽ അഭയം പ്രാപിക്കുക. അകത്തും പുറത്തും നിശ്ശബ്ദതയ്ക്കുള്ള ഏറ്റവും മികച്ച സ്ഥലമാണിത്. നാം ചോദ്യചെയ്യപ്പെടാത്ത ഒരിടം. നമ്മുടെ ഭാരം, ക്ഷീണം, ചോദ്യങ്ങൾ ഒക്കെയും സമർപ്പിക്കാൻ ഒരിടം. ഇതിന്റെയെല്ലാം ആത്യന്തികമായ ഫലം ‘സമാധാനം’ ആണ്.

വിവർത്തനം: സുനീഷ വി. എഫ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.