
ദൈവഹിതത്തിന് പൂർണ്ണമായി കീഴ്‌പ്പെട്ടുകൊണ്ട് ഒരു സാധാരണ കുടുംബം ലോകത്തിന് നൽകിയ വലിയൊരു സന്ദേശമാണ് മാർക്ക് സ്കോച്ചിന്റെയും ഭാര്യ ലിന്നിന്റെയും ജീവിതം. എന്നാൽ 15 മാസം മാത്രം പ്രായമുള്ള മകൻ ജേസന്റെ അപ്രതീക്ഷിത വിയോഗം അവരുടെ ജീവിതത്തെയും വിശ്വാസത്തെയും മാറ്റിമറിച്ചു.
വിസ്കോൺസിനിലെ ആപ്ലെട്ടൺ പ്രദേശത്തെ കത്തോലിക്കാ സ്കൂളുകളിൽ പഠിച്ച മൂന്ന് ജീവിച്ചിരിക്കുന്ന ആൺമക്കളോടൊപ്പം, മാർക്ക് ഒരു പിതാവെന്ന നിലയിൽ അവരുടെ മക്കളുടെ കായിക വിനോദങ്ങളിലും ജീവിതവുമായി ബന്ധപ്പെട്ട എല്ലാ സാധാരണ കാര്യങ്ങളിലും സജീവമായിരുന്നു. കുടുംബമായി യാത്ര ചെയ്യുന്നത് അവർ എപ്പോഴും ആസ്വദിച്ചിരുന്നു.
ഒരു അവധിക്കാല യാത്രയ്ക്കിടയിൽ പരിചയപ്പെട്ട ഹ്യൂ സ്മിത്ത് എന്ന അപരിചിതന് തന്റെ വൃക്ക നൽകാൻ മാർക്ക് തയ്യാറായതോടെയാണ് അവരുടെ ജീവിതം മാറിമറിയുന്നത്. 56 വയസ്സുള്ള മുൻ പ്രൊഫഷണൽ കുതിരയോട്ടക്കാരനായ ഹ്യൂ സ്മിത്തിനു ഇത് ഒരു അപ്രതീക്ഷിത വാർത്തയായിരുന്നു. പക്ഷേ തികച്ചും അപരിചിതനായ മാർക്ക് അങ്ങനെ പറഞ്ഞെങ്കിലും അത് സംഭവിക്കില്ലെന്ന് അദ്ദേഹം കരുതി. എന്നാൽ അതൊന്നും മാർക്കിന് ഒരു കാര്യമേ അല്ലായിരുന്നു. കാരണം മാർക്കിന്റെ സഹോദരി 12 വർഷങ്ങൾക്ക് മുമ്പ് ഒരു വൃക്ക ദാനം ചെയ്തിരുന്നു. അന്ന് അവർ പിരിഞ്ഞെങ്കിലും അടുത്ത ദിവസം മാർക്ക്, ഹ്യൂവിന്റെ ട്രാൻസ്പ്ലാൻറ് കോർഡിനേറ്ററെ ബന്ധപ്പെടുകയും വൃക്ക ദാനത്തെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു. ഇതിനെക്കുറിച്ച് പഠിച്ചപ്പോൾ വൃക്കരോഗം മൂലം ഒരു ഡസനിലധികം ആളുകൾ ദിവസവും മരിക്കുന്നുണ്ടെന്ന് അദ്ദേഹം മനസ്സിലാക്കി.
“എനിക്ക് വ്യക്തിപരമായി സംഭവിച്ച ഒന്നിനും, ലോകത്തിൽ പൊതുവെ സംഭവിച്ച മോശമായ ഒന്നിനും ഞാൻ ഒരിക്കലും ദൈവത്തെ കുറ്റപ്പെടുത്തിയിട്ടില്ല. ദൈവത്തിന് ഒരു പദ്ധതിയുണ്ടെന്ന് ഞാൻ എപ്പോഴും മനസ്സിലാക്കിയിരുന്നു. ദൈവത്തേക്കാൾ കൂടുതൽ എനിക്കറിയാമെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല,” ദൈവഹിതം നിറവേറുമെന്ന് വിശ്വസിക്കുന്നതിനുള്ള ഒരു അടിസ്ഥാന ബോധം തനിക്കുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതുകൊണ്ട് തന്നെ തങ്ങളുടെ മകൻ സ്വർഗത്തിൽ സുരക്ഷിതനാണെന്ന ബോധ്യം അവർക്ക് വലിയ ആശ്വാസം നൽകി. ഈ വിശ്വാസത്തിന്റെ അടിത്തറയിലാണ് പിൽക്കാലത്ത് അത്ഭുതകരമായ പല കാര്യങ്ങളും സംഭവിച്ചത്.
ഹ്യൂവിന് ദാനം ചെയ്യാൻ അദ്ദേഹം യോഗ്യനല്ലെങ്കിലും, 2020 സെപ്റ്റംബറിൽ അദ്ദേഹത്തിന്റെ വൃക്ക ന്യൂയോർക്കിലെ മറ്റൊരു അപരിചിതന് നൽകി. അതുകൊണ്ട് തന്നെ നാഷണൽ കിഡ്‌നി രജിസ്ട്രിയുടെ വൗച്ചർ പ്രോഗ്രാം വഴി, ഹ്യൂ സ്മിത്തിനെ വെയിറ്റിംഗ് ലിസ്റ്റിൽ ഉയർത്താൻ അദ്ദേഹത്തിന് കഴിഞ്ഞു.
2021 ഫെബ്രുവരിയിൽ, സതേൺ കാലിഫോർണിയയിലെ ഒരു ദാതാവിൽ നിന്ന് സ്മിത്തിന് ആവശ്യമായ വൃക്ക ലഭിച്ചു. അങ്ങനെ അദ്ദേഹം പ്രതീക്ഷിച്ചതിലും വേഗത്തിൽ ഗോൾഫ് കോഴ്‌സിലേക്ക് തിരിച്ചെത്തി.
ഈ അനുഭവം മാർക്കിന്റെ ഭാര്യ ലിന്നിനെയും സ്വാധീനിച്ചു. തന്റെ മകൻ മരിച്ചപ്പോൾ അവയവങ്ങൾ ദാനം ചെയ്യാൻ കഴിയാത്തതിന്റെ വിഷമം പേറിയിരുന്ന ലിൻ, രണ്ട് വയസ്സുകാരനായ കൂപ്പർ തോംസണ് വൗച്ചർ മുഖേന വൃക്ക നൽകിക്കൊണ്ട് ആ ഖേദം മാറ്റിയെടുത്തു.
അവയവദാനത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനായി മാർക്ക് ആരംഭിച്ച സംരംഭമാണ് ‘ദി ഓർഗൻ ട്രെയിൽ’ എന്ന സംഘടന. ഒരു വൃക്ക മാത്രമുള്ള വ്യക്തിക്കും സജീവമായ ജീവിതം നയിക്കാൻ കഴിയുമെന്ന് തെളിയിക്കാൻ അദ്ദേഹം ആയിരക്കണക്കിന് മൈലുകൾ സൈക്കിൾ ചവിട്ടി യാത്ര ചെയ്തു. 2026 ജനുവരി വരെ 23 സംസ്ഥാനങ്ങളിലായി പതിനായിരത്തിലധികം മൈലുകൾ അദ്ദേഹം പിന്നിട്ടു കഴിഞ്ഞു. തന്റെ 67-ാം വയസ്സിൽ ഒരു കുട്ടിക്ക് കരളിന്റെ ഒരു ഭാഗം കൂടി ദാനം ചെയ്തുകൊണ്ട് അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ ജീവിച്ചിരിക്കുന്ന അവയവ ദാതാവായി മാർക്ക് മാറി.
ഇന്ന് കേവലം ഒരു യാത്ര എന്നതിലുപരി, അവയവദാന നിയമങ്ങൾ പരിഷ്കരിക്കാനും ജീവൻ രക്ഷിക്കാനുമുള്ള വലിയൊരു ദൗത്യമായി ഇത് മാറിയിരിക്കുന്നു. കാമിനോ ഡി സാന്റിയാഗോയിലേക്കും ഫാത്തിമയിലേക്കും നടത്തിയ തീർഥാടനങ്ങൾ മാർക്കിന്റെ വിശ്വാസത്തെ കൂടുതൽ ദൃഢമാക്കി. എല്ലാ മനുഷ്യജീവനുകളും പവിത്രമാണെന്നും അവ സംരക്ഷിക്കാൻ എപ്പോഴും തയ്യാറായിരിക്കണമെന്നുമുള്ള ബോധ്യത്തോടെ സ്കോച്ച് കുടുംബം തങ്ങളുടെ യാത്ര തുടരുകയാണ്. തന്റെ ജീവിതത്തിലെ ഈ അർഥവത്തായ മാറ്റങ്ങൾ ദൈവഹിതമാണെന്ന് വിശ്വസിക്കുന്ന മാർക്ക്, മറ്റുള്ളവരിലേക്ക് ഈ പ്രകാശം എത്തിക്കാനുള്ള പരിശ്രമത്തിലാണ്.




