കുട്ടികൾക്ക് വിശുദ്ധ കുർബാന കൂടുതൽ അനുഭവവേദ്യമാകാൻ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടത്

വിശുദ്ധ കുർബാനയുടെ പ്രാധ്യാനത്തെക്കുറിച്ച് പല കുട്ടികൾക്കും ഇന്ന് അറിവില്ല. വിശുദ്ധ കുർബാനയെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കേണ്ടത് മാതാപിതാക്കളുടെ കടമയാണ്. കുട്ടികളെ കുർബാന കേന്ദ്രീകൃതമായി വളർത്താൻ ഇതാ ഏഴ് മാർഗ്ഗങ്ങൾ.

1. ദൈവാലയത്തിൽ പ്രാർത്ഥനക്കായി ഏറ്റവും മുമ്പിൽ നിൽക്കുക  

ബലിപീഠത്തിന് ഏറ്റവും അടുത്തുള്ള ഇരിപ്പിടങ്ങളിൽ കുട്ടികൾ ഇരിക്കുന്നത് വിശുദ്ധ കുർബാന കൂടുതൽ അനുഭവവേദ്യമാകാൻ അവരെ സഹായിക്കും. കാരണം, ചുറ്റുമുള്ളവർ എന്ത് ചെയ്യുന്നു, എങ്ങനെ നിൽക്കുന്നു എന്നു ശ്രദ്ധിക്കാൻ അപ്പോൾ അവസരം ലഭിക്കായ്ക മൂലം അവരുടെ കണ്ണുകൾ ബലിവേദിയിൽ കേന്ദ്രീകൃതമായിരിക്കും.

2. വിശുദ്ധ കുർബാനയെക്കുറിച്ചുള്ള കുട്ടികളുടെ സംശയങ്ങൾ ദൂരീകരിക്കുക

വിശുദ്ധ കുർബാനയെക്കുറിച്ചുള്ള കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നതു വഴി, എന്താണ് വിശുദ്ധ കുർബാനയിൽ സംഭവിക്കുന്നതെന്ന് ശരിക്കും തിരിച്ചറിയാൻ കുട്ടികളെ സഹായിക്കും. സമർപ്പണം പോലെയുള്ള വിശുദ്ധ കുർബാനയിലെ പ്രധാന നിമിഷങ്ങളിൽ മാതാപിതാക്കൾ കുട്ടികളോട്, ആ തിരുവോസ്തിയിലുള്ളത് ഈശോയാണെന്ന് ശാന്തമായി പറഞ്ഞുകൊടുക്കണം. കൂടാതെ, വിശുദ്ധ കുർബാനക്കു ശേഷം പ്രാർത്ഥനയെക്കുറിച്ചും വായനകളെക്കുറിച്ചും, എന്തിനാണ് വൈദികൻ ആ വേഷം (കാപ്പ) ധരിച്ചിരിക്കുന്നതെന്നുമൊക്കെ കുട്ടികൾക്കു പറഞ്ഞുകൊടുക്കുന്നത് അവരുടെ വിശ്വാസം വർദ്ധിപ്പിക്കാൻ സഹായിക്കും.

3. എല്ലാ ദിവസവും വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുക

എല്ലാ ദിവസവും വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നത് നല്ലതാണ്. അത് പ്രാർത്ഥനയോടുള്ള അവരുടെ ആഭിമുഖ്യം വളർത്തുന്നതിനും ദിവ്യകാരുണ്യത്തോടുള്ള ഭക്തി വളരുന്നതിനും ഇടയാകും. കുർബാനക്കു ശേഷം കുട്ടികളെ ദൈവാലയത്തിന്റെ പരിസരങ്ങൾ കാണിച്ചുകൊടുക്കുന്നതും ഗ്രോട്ടോകളിലേക്കും രൂപങ്ങളുടെ അടുത്തേക്കും അവരെ കൂട്ടിക്കൊണ്ടു പോയി പ്രാർത്ഥിപ്പിക്കുന്നതും ദൈവാലയവുമായി കുട്ടികൾ കൂടുതൽ ഇണങ്ങാൻ സഹായകമാണ്.

4. വിശുദ്ധ കുർബാനക്കായി നേരത്തെ തന്നെ കുട്ടികളെ ഒരുക്കുക

വിശുദ്ധ കുർബാനക്കായി അകന്ന ഒരുക്കം നടത്തേണ്ടത് ആവശ്യമാണ്. ദൈവാലയത്തിൽ തിരക്കിട്ട് വരാതിരിക്കാൻ വേണ്ടി ഇടേണ്ട വസ്ത്രങ്ങൾ തലേന്ന് രാത്രി തന്നെ ഒരുക്കിവയ്ക്കുന്നത് നന്നായിരിക്കും. അതോടൊപ്പം, അന്നേ ദിവസം വിശുദ്ധ കുർബാനയിൽ വായിക്കുന്ന വചനഭാഗങ്ങൾ കുട്ടികൾക്ക് തലേ ദിവസം തന്നെ വായിച്ചുകൊടുക്കുന്നത് കുർബാനയിൽ കൂടുതൽ ശ്രദ്ധിക്കാൻ അവരെ സഹായിക്കും.

5. ദൈവാലയത്തിൽ അച്ചടക്കത്തോടെ പെരുമാറാൻ കുട്ടികളെ പരിശീലിപ്പിക്കുക

ദൈവാലയവും പരിസരങ്ങളും അച്ചടക്കത്തോടെ പെരുമാറേണ്ട സ്ഥലങ്ങളാണ് എന്ന് കുട്ടികൾക്ക് ബോധ്യപ്പെടുത്തിക്കൊടുക്കുക. അതിന് ബാഹ്യമായി ചില നല്ല മാതൃകകൾ നൽകുന്നതും ഉചിതമായിരിക്കും. ഉദാഹരണത്തിന്, ദൈവാലയത്തിലും പരിസരങ്ങളിലും വച്ച് കുട്ടികൾക്ക് ഭക്ഷണം  നൽകുന്നതും കളിപ്പാട്ടങ്ങൾ നല്കുന്നതും ഒഴിവാക്കുക. അവരെ ദേവാലയ പരിസരങ്ങളിലൂടെ അമിതമായി ബഹളം വച്ച് കളിക്കാൻ അനുവദിക്കാതിരിക്കുക എന്നിങ്ങനെയുള്ള ചില കാര്യങ്ങളിലൂടെ ദൈവാലയത്തിന്റെ പവിത്രത അവരെ ബോധ്യപ്പെടുത്തുക.

6. ഞായറാഴ്ചകളിൽ കുട്ടികളോടൊപ്പം ചെലവഴിക്കുക

ഞായറാഴ്ചകളിലെ കുർബാനക്കു ശേഷം കുട്ടികളുമായി കുറച്ചു സമയം ചിലവഴിക്കുകയോ, ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയോ ചെയ്യുന്നത് നല്ലതാണ്. അങ്ങനെ ഞായറാഴ്ച ദിവസം കുട്ടികൾ ആഗ്രഹിച്ച് കാത്തിരിക്കുന്ന ഒരു ദിവസമാക്കി മാറ്റുക.

7. ഓൺലൈൻ വിശുദ്ധ കുർബാനയിലും ഭക്തിയോടെ പങ്കെടുക്കാൻ കുട്ടികളെ പഠിപ്പിക്കുക

കോവിഡ് കാലം ആയതുകൊണ്ട് പലയിടങ്ങളിലും ഇപ്പോൾ ഓൺലൈൻ വിശുദ്ധ കുർബാനയാണ്. ദൈവാലയത്തിലല്ലെങ്കിലും ഓൺലൈൻ വിശുദ്ധ കുർബാനയിൽ ഭക്തിയോടെ തന്നെ പങ്കെടുക്കാൻ കുട്ടികളെ പരിശീലിപ്പിക്കുക. ഈശോയുടെ ചിത്രങ്ങളും മെഴുകുതിരികളും ഉപയോഗിച്ച് നിങ്ങളുടെ വീട്ടിൽ ഒരിടം പ്രാർത്ഥിക്കാനും ഓൺലൈൻ കുർബാനയിൽ പങ്കെടുക്കാനുമായി സജ്ജീകരിക്കുന്നത് ഉചിതമായിരിക്കും.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.