കുട്ടികളെ അച്ചടക്കത്തില്‍ വളര്‍ത്താന്‍ വി. ഡോണ്‍ ബോസ്കോയുടെ വിശുദ്ധമായ ഏഴു നിര്‍ദേശങ്ങള്‍

കുട്ടികളെ അച്ചടക്കത്തില്‍ വളര്‍ത്തുക എന്നത് മാതാപിതാക്കളെയും അധ്യാപകരെയും സംബന്ധിച്ചിടത്തോളം അല്പം ബുദ്ധിമുട്ടുള്ള ഒന്നാണ്. കുട്ടികളെ മനസ്സിലാക്കി അവര്‍ക്കൊപ്പംനിന്ന് തെറ്റുകള്‍ ചൂണ്ടിക്കാണിക്കാനുള്ള ക്ഷമ ഇല്ലാതാകുന്നതാണ് ഇതിന്റെ പ്രധാന കാരണം. ശിക്ഷണത്തിലൂടെ കുട്ടികളെ തിരുത്താന്‍ കഴിയും. എന്നാല്‍, അത് അധികമായാല്‍ ഗുണത്തേക്കാളേറെ ദോഷമേ ചെയ്യുകയുള്ളൂ. അതിനാല്‍ത്തന്നെ കുട്ടികൾക്ക് ശിക്ഷകള്‍ നല്‍കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം.

കുട്ടികളെ സ്നേഹിക്കുകയും ശിക്ഷണത്തിലൂടെ മുന്നോട്ടു കൊണ്ടുപോകണ്ടത് എങ്ങനെയെന്ന് അവരോടൊപ്പം ആയിരുന്നുകൊണ്ട് മനസ്സിലാക്കുകയും ചെയ്ത വ്യക്തിയാണ് വി. ഡോണ്‍ ബോസ്കോ. കുട്ടികള്‍ക്കും അവരെ നിയന്ത്രിക്കുന്നവര്‍ക്കും ശരിയായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ട് ഡോണ്‍ ബോസ്കോ അക്ഷരാര്‍ഥത്തില്‍ യഥാര്‍ഥ അധ്യാപകരെ വാര്‍ത്തെടുക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ഈ നിര്‍ദേശങ്ങള്‍ സ്വീകരിച്ചുകൊണ്ട് നമുക്കും നമ്മുടെ കുട്ടികളെ നേരായ പാതയില്‍ നടത്താം.

ശരിയായ ശിക്ഷണത്തെക്കുറിച്ച് അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കുമായി വിശുദ്ധന്‍ നല്‍കുന്ന എഴു നിര്‍ദേശങ്ങളാണ് താഴെച്ചേര്‍ക്കുന്നത്.

1. ശിക്ഷ നിങ്ങളുടെ അവസാന ആശ്രയമായിരിക്കണം.

2. കുട്ടികളുടെ ആദരവ് നേടിയെടുക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, അധ്യാപകന് തന്റെ വിദ്യാർഥികളെ സ്നേഹിക്കാൻ കഴിയണം.

3. വളരെ അപൂർവ സംഭവങ്ങളൊഴികെ, തിരുത്തലുകളും ശിക്ഷകളും പരസ്യമായി നൽകരുത്.

4. ഏതെങ്കിലും രീതിയിലുള്ള തെറ്റുകള്‍ കുട്ടികളുടെ ഭാഗത്തുനിന്നുണ്ടായാല്‍ ഒരു സ്ഥലത്തു മുട്ടുകുത്തി നിർത്തുക, ചെവികൾ പിച്ചുക, മറ്റ് സമാനമായ ശിക്ഷകൾ എന്നിവയൊക്കെ പൂർണ്ണമായും ഒഴിവാക്കണം.

5. ശിക്ഷകളിലൂടെയും ശിക്ഷണനിയമങ്ങളിലൂടെയും വിദ്യാർഥിക്ക് അവര്‍ ചെയ്ത  തെറ്റുകള്‍ എന്താണെന്ന് ബോധ്യപ്പെടുത്തിക്കൊടുക്കുകയും പിന്നീട് ആവര്‍ത്തിക്കാതിരിക്കാന്‍ സ്നേഹപൂര്‍വം ആവശ്യപ്പെടുകയും വേണം.

6. ഒരു കർത്തവ്യം ചെയ്യുമ്പോൾ നന്മ അന്വേഷിക്കുന്നതിൽ ഉറച്ചുനിൽക്കുക. തിന്മയെ തടയാനായി ധൈര്യമുണ്ടെങ്കിലും എല്ലായ്‌പ്പോഴും സൗമ്യതയും വിവേകവും ഉണ്ടായിരിക്കണം. യഥാർഥവിജയം ക്ഷമയിൽ നിന്നുമാത്രമേ  ഉണ്ടാവുകയുള്ളൂ.

7. കുട്ടികളെ കൈകാര്യം ചെയ്യുന്നതിൽ യഥാർഥ പിതാക്കന്മാരായിരിക്കുക. കോപത്തിന്റെ നിഴൽ നമ്മുടെ മുഖം കറുപ്പിക്കാൻ നാം അനുവദിക്കരുത്.

ബുദ്ധിമുട്ടുള്ള ചില സന്ദർഭങ്ങളിൽ ദൈവത്തോട് താഴ്മയോടെയുള്ള ഒരു പ്രാർഥന,  അക്രമത്തിന്റെ ഉഗ്രകോപത്തേക്കാൾ ഉപകാരപ്രദമാണ്. നിങ്ങളുടെ വിദ്യാർഥികൾക്ക് നിങ്ങളുടെ അസഹിഷ്ണുതയിൽനിന്ന് യാതൊരു പ്രയോജനവും ലഭിക്കുകയുമില്ല.

ഈ വിശുദ്ധ നിര്‍ദേശങ്ങള്‍ നമുക്കും നമ്മുടെ ജീവിതത്തില്‍ പാലിക്കാന്‍ ശ്രമിക്കാം. അങ്ങനെ നമ്മുടെ കുട്ടികളെ സ്നേഹിച്ചുകൊണ്ട് നന്മയുടെ പാതയിലേക്കു കൊണ്ടുവരാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.