ഉപവാസം എടുക്കുന്നതുകൊണ്ട് ഉണ്ടാകുന്ന ഗുണങ്ങളെക്കുറിച്ച് വി. തോമസ് അക്വീനാസ് പറയുന്നത് 

നാം വിശുദ്ധ വാരത്തിലേക്ക് പ്രവേശിക്കാൻ ഇനി ഏതാനും മാസങ്ങളേയുള്ളൂ. ഈശോയുടെ പീഢാസഹനത്തോട് നമ്മെയും ചേര്‍ത്തുവയ്ക്കുന്നതിനായി ഉപവാസത്തിലൂടെയും മറ്റും കടന്നുപോകുന്ന ദിനങ്ങളാണ് അവ; പ്രത്യേകിച്ച്  ദുഃഖവെള്ളി. സഭ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്ന ഉപവാസദിനമാണ് അന്ന്. ഉപവാസമെടുക്കുമ്പോള്‍ അത് നമ്മുടെ ആത്മാവിനെ മാത്രമല്ല ശരീരത്തെയും ശക്തിപ്പെടുത്തുകയാണ്.

ഉപവാസം എടുക്കുന്നതു കൊണ്ടുള്ള മൂന്ന് നേട്ടങ്ങളെക്കുറിച്ച് വി. തോമസ് അക്വീനാസ് പറയുന്നത് ഇപ്രകാരമാണ്…

1. തെറ്റായ ശീലങ്ങളെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു

നമ്മുടെ ഉള്ളിലെ തെറ്റായ ജീവിതചര്യകള്‍, ദുശ്ശീലങ്ങള്‍ ഇവയൊക്കെ കടന്നുവരുന്നത് നിയന്ത്രിക്കാനാവാത്ത ആഗ്രഹങ്ങളില്‍ നിന്നാണ്. നല്ലതും ചീത്തയും ചെയ്യാനും ചെയ്യാതിരിക്കാനുമുള്ള ആഗ്രഹം തികച്ചും വ്യക്തിപരമായ ആഗ്രഹങ്ങള്‍ ആണെന്നിരിക്കെ, അവയെയൊക്കെ നിയന്ത്രിക്കാന്‍ നമുക്ക് കഴിയുക എന്നത് പ്രധാനപ്പെട്ട ഒന്നാണ്.

ഭക്ഷണസാധനങ്ങള്‍ നിയന്ത്രിക്കുന്നതിലൂടെ നമ്മുടെയുള്ളില്‍ നമ്മുടെ ആഗ്രഹങ്ങളെ നിയന്ത്രിക്കാനുള്ള ഒരു കഴിവും ഉയര്‍ന്നുവരികയാണ്. നമുക്ക് ഇഷ്ടമുള്ളതിനോട് ‘നോ’ എന്നു പറയാന്‍, അവയെ മാറ്റിവയ്ക്കാന്‍ കഴിഞ്ഞാല്‍ അത് നമ്മുടെ ജീവിതത്തില്‍ ഒരു മുതല്‍ക്കൂട്ടാകും.

2. നമ്മെത്തന്നെ മനസ്സിലാക്കാന്‍ സഹായിക്കുന്നു 

സ്വര്‍ഗീയകാര്യങ്ങളെക്കുറിച്ചുള്ള ചിന്ത, ഉപവാസം ഏറ്റവും നന്നായി എടുക്കുന്നതിന് നമ്മെ സഹായിക്കുന്നു. നമ്മുടെ ആവശ്യങ്ങളെക്കുറിച്ച് മനസിലാക്കാനും അത് ഇല്ലാത്തവരുടെ അവസ്ഥയെ അറിയാനും ഉപവാസം നമ്മെ സഹായിക്കുന്നു.

വിശപ്പ് എന്നത് നമുക്കു മാത്രം ഉള്ളതല്ലെന്നും മറ്റുള്ളവര്‍ക്കുമുണ്ടെന്നും അങ്ങനെ അവരെ സഹായിക്കാനുള്ള ചിന്തയിലേക്കും ഉപവാസം നമ്മെ നയിക്കുന്നു. ഒപ്പം തന്നെ നമ്മുടെ ആവശ്യം കണ്ടറിഞ്ഞ് ഭക്ഷണം ഉപയോഗിക്കാനും അനാവശ്യമായി ഭക്ഷണം കളയാതിരിക്കാനും നമ്മെ പ്രേരിപ്പിക്കുന്നു.

3. ആത്മീയവും മാനസികവുമായ ആരോഗ്യത്തെ പോഷിപ്പിക്കുന്നു 

ഉപവാസം ആത്മീയവും മാനസികവുമായ ആരോഗ്യത്തെ പോഷിപ്പിക്കുന്നു എന്ന് വി. അക്വീനാസ് വെളിപ്പെടുത്തുന്നു. ഉപവാസം ആത്മാവിനെ ശുദ്ധീകരിക്കുന്നു. തിരക്കുകളുടെയും ടെലിവിഷന്റെയും മുന്നില്‍ നിന്ന് ഉപവാസം എടുത്ത് ശാന്തതയിലേക്കും പ്രാര്‍ത്ഥനയിലേക്കും മാറുമ്പോള്‍ മനസും ഒപ്പം ആത്മാവും ശാന്തതയിലേക്കു വരും. തിരക്കുപിടിച്ച ജീവിതത്തില്‍ നിന്നും, അലച്ചിലുകളില്‍ നിന്നും ഒരല്‍പം ആശ്വാസം നല്‍കാന്‍ ഉപവാസത്തിനു കഴിയും.