പരിശുദ്ധ മറിയത്തിന്റെ മനോഹരമായ 16 ചിത്രങ്ങൾ

പരമ്പരാഗതമായി, മെയ് മാസം മരിയൻ മാസമാണ്. ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഈ മാസത്തിൽ  ജപമാല ചൊല്ലിയും മരിയൻ വണക്കമാസം നടത്തിയും പൂക്കൾ കൊണ്ട് മാതാവിന്റെ  രൂപം അലങ്കരിച്ചും നൊവേനകൾ ചൊല്ലിയും ദൈവമാതൃഭക്തിയിൽ വളരുന്നു. ഈ മരിയൻ മാസത്തിൽ മാതാവിന്റെ മനോഹരമായ ചില ചിത്രങ്ങളെ നമുക്ക് പരിചയപ്പെടാം.

അജോസിയൊറിസ്സ ഐക്കൺ അഥവാ ദൈവമാതാവിന്റെ ഐക്കൺ (Agiosoritissa Icon – Mother Of God)

ഐക്കണുകൾ സ്വർഗ്ഗത്തിലേക്കുള്ള വാതിലും മരണമടഞ്ഞവർ ഇപ്പോഴും നമ്മോടൊപ്പമുണ്ട് എന്നതിന്റെ ഓർമ്മപ്പെടുത്തലുമാണ് . ദൈവമാതാവിന്റെ ഈ ഐക്കൺ എഴാം നൂറ്റാണ്ടിലേതാണ്. പരിശുദ്ധ മറിയത്തിന്റെ ഏറ്റവും പഴക്കം ചെന്ന ചിത്രമാണിത്.  ആരാണ് ഇതു വരച്ചതെന്ന് ഇന്നും വ്യക്തമല്ല.

മംഗളവാർത്ത സ്വീകരിക്കുന്ന കന്യകാമറിയം (Virgin Mary Annunciate)

പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഫ്രാ ആഞ്ചെലിക്കോ (Fra Angelico) എന്ന സന്യാസിയാണ് ബൈബിൾ കൈയ്യിൽ പിടിച്ചിരിക്കുന്ന മറിയത്തിന്റെ ചിത്രം വരച്ചത്. യേശു വചനമാണ്. വചനം പഠിക്കുന്നതിലൂടെ മറിയം തന്റെ പുത്രനെ  അവന്റെ ജനനത്തിനു മുമ്പു തന്നെ സ്നേഹിക്കുകയും അറിയുകയും ചെയ്തിരുന്നു.

ഗ്വാഡലുപ്പേ മാതാവ് (Our Lady of Guadalupe)

മെക്സിക്കോയിലെ ഗ്വാഡലുപ്പേ എന്ന സ്ഥലത്തു താമസിച്ചിരുന്ന ഹുവാൻ ഡിയോഗ എന്ന പാവപ്പെട്ട കർഷന്റെ മേലങ്കയിൽ 1531-ൽ അത്ഭുതകരമായി പ്രത്യക്ഷപ്പെട്ട ചിത്രമാണിത്. മറിയത്തിന് മനുഷ്യവംശത്തോടുള്ള സ്നേഹത്തിന്റെ പ്രതീകമാണ് ഈ ചിത്രം.

മഡോണ (Madonna)

ഫിലിപ്പോ ലിപ്പി എന്ന ഇറ്റാലിയൻ ചിത്രകാരൻ പതിനഞ്ചാം നൂറ്റാണ്ടിന്റെ മധ്യത്തിൽ വരച്ച ചിത്രമാണിത്.  ലൂക്കായുടെ സുവിശേഷത്തിൽ, ‘അവന്റെ അമ്മ ഇക്കാര്യങ്ങളെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചു’ (ലൂക്കാ 2:51) എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. മനസിലായാലും ഇല്ലെങ്കിലും മറിയം എപ്പോഴും പ്രാർത്ഥനയോടെ, ദൈവം എങ്ങനെ അവളുടെ ജീവിതത്തിൽ ഇടപെടുന്നു എന്ന് ശാന്തമായി മനസിലാക്കിയിരുന്നു.

ഉണ്ണീശോയെ മുലയൂട്ടന്ന മറിയം (Christ Child Breastfeeding)

പതിനാറാം നൂറ്റാണ്ടിലേതാണ് ഈ ചിത്രം. പരിശുദ്ധ മറിയവും ഉണ്ണീശോയും വി. ബാർബറും വി. കത്രീനയുമാണ് ഈ ചിത്രത്തിലുള്ളത്. അമേരിക്കയിലെ റോഡ് ഐലൻഡ് സംസ്ഥാനത്തിലെ തലസ്ഥാനമായ പ്രൊവിഡൻസിലുള്ള RISD മ്യൂസിയത്തിൽ ഈ ചിത്രം സൂക്ഷിച്ചിരിക്കുന്നു.

ആഫ്രിക്കൻ മാതാവ് (African Madonna)

ആഫ്രിക്കൻ പശ്ചാത്തലത്തിൽ പരിശുദ്ധ കന്യകാമറിയത്തെ ചിത്രീകരിക്കുന്ന ചിത്രമാണിത്. പകുതി ഐക്കൺ സ്വഭാവമുള്ള ഈ ചിത്രത്തിൽ, ഒരു അമ്മക്ക് തന്റെ കുഞ്ഞിനോടുള്ള ആർദ്രതയും വാത്സല്യവും ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.

കന്യകയുടെ ശിരസ്സ് (Head of the Virgin)

വിശ്വപ്രസിദ്ധ ചിത്രകാരനായ ലിയോനാർഡോ ഡാവിഞ്ചി ഒരു ചിത്രം വരയ്ക്കാൻ വേണ്ടി പെൻസിൽചോക്ക് കൊണ്ടു വരച്ച ഒരു അപൂർണ്ണചിത്രമാണിത്. മറിയത്തെ പ്രസന്നവദനയും ആകർഷണീയ സൗന്ദര്യത്തിനുടമയായും ഡാവിഞ്ചി ചിത്രീകരിച്ചിരിക്കുന്നു. അവളുടെ കണ്ണുകളിൽ സ്നേഹം തളം കെട്ടി നിൽക്കുന്നു.

ആഫ്രിക്കൻ മാതാവ് (African Madonna)

ദക്ഷിണാഫ്രിക്കൻ കലാകാരനായ ഹെനി നീമാൻ ജൂനിയർ (Hennie Niemann Jr.) വരച്ചിരിക്കുന്ന ഈ ചിത്രത്തിൽ, മറിയത്തെ പരമ്പരാഗത രീതികളെ മറികടന്ന്  മുമ്പെങ്ങും കണ്ടിട്ടില്ലാത്ത രീതിയിൽ ചിത്രീകരിച്ചിക്കുന്നു. ചിത്രത്തിൽ മറിയം പ്രസന്നയും  സുന്ദരിയുമാണ്.

കന്യകാമറിയം (Virgin Mary)

ഇറ്റാലിയൻ ചിത്രകാരനായ ഫ്രാഞ്ചസ്കോ ഫ്രാഞ്ച (Francia Francia) പതിനഞ്ചാം നൂറ്റാണ്ടിൽ വെനീസുകാർക്കു വേണ്ടി വരച്ച മരിയൻ ചിത്രമാണ് ഇതെന്നാണ് പൊതുവിശ്വാസം. “വെനീസിലെ ജനങ്ങൾ പുതിയ ചിത്രത്തിന്റെ ജീവസുറ്റ സൗന്ദര്യം കണ്ടപ്പോൾ അവർ അത് കാണാനായി ഭ്രാന്തമായി ഓടി. ഇതിനേക്കാൾ മെച്ചമായി ഇത് വരയ്ക്കാൻ സാധ്യമല്ലെന്ന് അവർ ഒന്നടങ്കം പറഞ്ഞു.”

കന്യകാമറിയം (Virgin Mary)

ജാൻ വാൻ ഐക്ക് എന്ന ബെൽജിയൻ ചിത്രകാരൻ 1432-ൽ ഗെന്റിലുള്ള വി. ബാവോയുടെ കത്തീഡ്രലിലെ അൾത്താരയ്ക്കു വേണ്ടി വരച്ച ചിത്രങ്ങളിലൊന്നാണിത്. രണ്ടാം ലോകമഹായുദ്ധത്തിൽ നഷ്ടപ്പെട്ട ഈ ചിത്രം പിന്നീട് കണ്ടുകിട്ടി.

കന്യകയുടെ കിരീടധാരണം (Coronation of the Virgin)

സ്പാനിഷ് ചിത്രകാരനായ എൽ ഗ്രേക്കോയുടെ (El Greco) പ്രസിദ്ധമായ ഒരു ചിത്രമാണ് കന്യകയുടെ കിരീടധാരണം. മാതാവിന്റെ കിരീടധാരണത്തെ അത്ഭുതത്തോടെ ശ്ലീഹന്മാർ താഴെ നിന്ന് നോക്കിക്കാണുന്നു. പരിശുദ്ധ ത്രീത്വത്തിലെ മൂന്നാളുകളും ചേർന്നാണ് സ്വർഗ്ഗരാജ്ഞിയായി മറിയത്തെ മുടി ധരിപ്പിക്കുന്നത്.

ദൈവമാതാവ് (Theotokos) 

ദൈവമാതാവ് എന്ന ചിത്രം ആൻ മരിയ ക്യാംബെൽ എന്ന ചിത്രകാരിയാണ്‌ വരച്ചത്. മുട്ടയുടെ മഞ്ഞക്കരുവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു ശേഖരിച്ച ചായക്കൂട്ടുകളും കൊണ്ടു തയ്യാറാക്കിയ എഗ് ടെമ്പെറ (egg tempera) എന്ന പ്രത്യേക പെയിന്റും 23 ക്യാരറ്റ് സ്വർണ്ണവും സ്വാറോവാസ്കിയിിൽ നിന്നുള്ള പരലുകൾ കൊണ്ടുമാണ് ആൻ ഈ ചിത്രം 2010-ൽ പൂർത്തിയാക്കിയത്.

മുലയൂട്ടുന്ന കന്യക (La Virgen de la Leche)

എൽ ഡിവിനോ ‘El Divino’ എന്നറിയപ്പെടുന്ന ലൂയിസ് ഡി മോറലെസ് എന്ന സ്പാനിഷ് ചിത്രകാരനാണ് പതിനാറാം നൂറ്റാണ്ടിൽ ഈ ചിത്രം വരച്ചത്. ഉണ്ണിയേശു പരിശുദ്ധ കന്യകാമറിയത്തിന്റെ തലമുടിയിൽ ബലമായി പിടിച്ചുവലിക്കുകയും അവളുടെ അധരങ്ങളിൽ പിടിക്കുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. മറിയത്തിന്റെ മാതൃത്വമാണ് ഈ ചിത്രത്തിന്റെ കേന്ദ്ര ആശയം. ഒരു ശിശുവെന്ന നിലയിൽ ഈ ഭൂമിയിൽ സ്വന്തം അമ്മയെ പൂർണ്ണമായി ആശ്രയിച്ചിരുന്നതായി ഈ ചിത്രം വെളിവാക്കുന്നു.

സ്ത്രോത്രഗീതങ്ങളുടെ മറിയം (Madonna of the Magnificent)

ഇറ്റാലിയൻ ചിത്രകാരനായ സാന്ദ്രോ ബൊറ്റിചെല്ലി (Sandro Botticelli) 1483-ലാണ്  സ്തോത്രഗീതങ്ങളുടെ മറിയം എന്ന ചിത്രം വരച്ചിരിക്കുന്നത്. മറിയം ദൈവത്തിനു സമർപ്പിക്കുന്ന കൃതജ്ഞതാപ്രാർത്ഥനയാണ് ഈ ചിത്രത്തിലൂടെ ബൊറ്റിചല്ലി ചിത്രീകരിക്കുന്നത്. ഈ ചിത്രത്തിൽ പരിശുദ്ധ മറിയം തിളങ്ങുന്ന നക്ഷത്രങ്ങൾ കൊണ്ടുള്ള കിരീടം അണിഞ്ഞിരിക്കുന്നു.

പരിശുദ്ധ കന്യകാമറിയം (Virgin Mary)

എൽ ഗ്രേകോ (El Greco) 1585-ൽ വരച്ച ഈ മരിയൻ ചിത്രം മറിയത്തിന്റെ ആത്മാവിന്റെ പ്രഭ നമുക്ക് കാണിച്ചുതരുന്നു. ഫ്രാൻസിലെ സ്ട്രാസ്ബുർഗിലുള്ള ഫൈൻ ആർട്സ് മ്യൂസിയത്തിലാണ് ഈ ചിത്രം സൂക്ഷിച്ചിരിക്കുന്നത്.

നിത്യസഹായ മാതാവ് (Our Lady of Perpetual Help)

ബൈസൈന്റയിൻ പാരമ്പര്യത്തിലുള്ള ഈ ഐക്കൺ ഐതീഹ്യമനുസരിച്ച്‌, നഷ്ടപ്പെട്ടു പോയ വി. ലൂക്കായുടെ ചിത്രത്തിന്റെ കോപ്പിയാണ്. പതിമൂന്നോ, പതിനാലോ നൂറ്റാണ്ടിലാണ് ഈ ഐക്കണിന്റെ ഉത്ഭവം. പാരമ്പര്യമനുസരിച്ച്‌, ഒരു ദുഃസ്വപ്നം കണ്ട് ഉണ്ണിയേശു ഉണരുമ്പോൾ മറിയം യേശുവിനെ ആശ്വസിപ്പിക്കുന്നതാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. നൂറ്റാണ്ടുകളായി ക്രൈസ്തവർക്ക് നിത്യസഹായ മാതാവ് ദൈവതിരുമുമ്പിൽ ശക്തയായ മദ്ധ്യസ്ഥയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.