കൗമാരക്കാരായ മക്കളുള്ള മാതാപിതാക്കൾക്കായി ഏതാനും നിർദ്ദേശങ്ങൾ

ജീവിതത്തിൽ നിരവധി പ്രശ്നങ്ങൾ  അഭിമുഖീകരിക്കുന്നവരാണ് കൗമാരപ്രായത്തിലുള്ള കുട്ടികൾ. ഉത്കണ്ഠ, സമ്മർദ്ദം, ആത്മാഭിമാന പ്രശ്നങ്ങൾ എന്നിവയെല്ലാം തന്നെ അവരുടെ ജീവിതത്തെ പ്രതിസന്ധിയിലാക്കാറുണ്ട്. ശരിയായ രീതിയിൽ വികാരങ്ങളെ നിയന്ത്രിക്കാന്‍ കൗമാരക്കാർക്ക് ചിലപ്പോൾ സാധിക്കാതെ വരുന്നു. അവർ ചിലപ്പോൾ പെട്ടന്ന് അനിയന്ത്രിതമായ ദേഷ്യവും വെറുപ്പും സങ്കടവും പ്രകടിപ്പിക്കാറുണ്ട്. ഇത്തരം പ്രശ്നങ്ങളെ അതിജീവിക്കാന്‍ കൗമാരക്കാരെ സഹായിക്കാന്‍ മാതാപിതാക്കൾക്കായി ചില നിർദ്ദേശങ്ങൾ.

1. നന്നായി ശ്വാസോച്ഛ്വാസം ചെയ്യുക 

അമിതമായി ദേഷ്യം വരുമ്പോൾ സ്വയം ശാന്തമാക്കാൻ പ്രയാസപ്പെടുകയും ദേഷ്യം കൊണ്ട് കത്തുന്നതായി തോന്നുകയും ചെയ്യുന്നുവെങ്കിൽ, ആദ്യം ചെയ്യേണ്ടത് വളരെ ആഴത്തിൽ ദീര്‍ഘമായി ശ്വാസമെടുക്കുക എന്നതാണ്. ഇത് നിങ്ങളെ ശാന്തമാകാനും അമിതവികാരങ്ങളെ ഒരുപരിധി വരെ നിയന്ത്രിക്കാനും സഹായിക്കും.

2. ദേഷ്യപ്പെട്ടാലും ശാന്തമാകുക

കൗമാരക്കാരായ നിങ്ങളുടെ മക്കൾ നിങ്ങളെ വേദനിപ്പിക്കുന്ന തരത്തില്‍ എന്തെങ്കിലും പറയുകയോ, പൊട്ടിത്തെറിക്കുകയോ ചെയ്താൽ അതിനെ വ്യക്തിപരമായി എടുക്കരുത്. പല കാരണങ്ങളാൽ വിഷമിച്ചിരിക്കുന്ന മാനസികാവസ്ഥയിലായിരിക്കാം അവർ. ആ സാഹചര്യത്തിൽ, തങ്ങൾ സുരക്ഷിതരാണ് എന്ന ബോധ്യമുള്ള സ്ഥലത്തായിരിക്കാം അവർ സ്വതന്ത്ര്യത്തോടെ തങ്ങളുടെ വികാരങ്ങളെ പ്രകടിപ്പിക്കുന്നത്. ദേഷ്യം നിയന്ത്രിക്കാന്‍ പറ്റാത്ത സാഹചര്യങ്ങളിൽ മക്കളോട് തിരിച്ച് ദേഷ്യപ്പെടുന്നതിനു പകരം അവരെ ശാന്തരാക്കാനും പിന്നീട് അവരോട് സംസാരിക്കാനും ശ്രമിക്കുക.

3. ക്ഷമയോടെ കേൾക്കുക

കൗമാരക്കാർ അനുഭവിക്കുന്ന സമ്മർദ്ദങ്ങൾ നിസ്സാരമെന്നു കരുതുന്നത് അവർക്ക് ലോകാവസാനമായി തോന്നിയേക്കാം. അവരുടെ സങ്കടങ്ങൾ കേൾക്കാൻ ശ്രമിക്കുക. അതിനായി നിങ്ങൾക്ക് ശാന്തമായ ഒരു നിമിഷം തിരഞ്ഞെടുക്കാം. ക്ഷമയോടെ അവരോട് ഒപ്പമായിരിക്കുകയും അവരെ ശ്രവിക്കുകയും ചെയ്യുക.

4. സ്വന്തം അനുഭവങ്ങളുമായി താരതമ്യപ്പെടുത്തി സംസാരിക്കാതിരിക്കുക

നിങ്ങൾ കൗമാരപ്രായം കടന്നുവന്ന വ്യക്തി ആയതിനാൽ നിങ്ങളുടെ സ്വന്തം കുട്ടി എന്താണ് അനുഭവിക്കുന്നതെന്ന് നിങ്ങൾക്ക് അറിയാമെന്നു ചിന്തിക്കുന്നത് എളുപ്പമാണ്. “ഞാൻ നിങ്ങളുടെ പ്രായത്തിൽ…” എന്നിങ്ങനെ താരതമ്യപ്പെടുത്തിയുള്ള സംസാരം ഒഴിവാക്കുക. അങ്ങനെ കേൾക്കുന്നതിനേക്കാൾ മോശമായ മറ്റൊന്നില്ല. ഇന്നത്തെ കാലഘട്ടത്തിലെ കൗമാരപ്രായക്കാരുടെ പ്രശ്‌നങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ ശ്രമിക്കുക. അത് മാതാപിതാക്കളുടേതിനേക്കാൾ വളരെ വ്യത്യസ്തമായിരിക്കും.

5. യാഥാർത്ഥ്യമായ പ്രതീക്ഷകൾ ഉണ്ടായിരിക്കുക

മാതാപിതാക്കൾ പ്രതീക്ഷിച്ച വഴി മക്കള്‍ സ്വീകരിച്ചില്ലെങ്കിൽ നിങ്ങള്‍ നിരാശ പ്രകടിപ്പിക്കാതിരിക്കാൻ ശ്രമിക്കുക. കുട്ടികൾ പ്രധാനമായും മാതാപിതാക്കളെ പ്രീതിപ്പെടുത്താൻ ആഗ്രഹിക്കുന്നു. മാതാപിതാക്കൾ അമിതപ്രതീക്ഷകൾ മക്കളുടെമേൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ നിങ്ങൾ അവരെ പരാജയപ്പെടുത്താനാണ് സാധ്യത. അവരുടെ കഴിവുകളെക്കുറിച്ചും അവരെ സന്തോഷിപ്പിക്കുന്നത് എന്താണെന്നും മനസിലാക്കുക. അവർക്ക് ജീവിതത്തിൽ വീഴ്ചകൾ ഉണ്ടാകുമ്പോൾ നിങ്ങൾ അവരോടൊപ്പം ഉണ്ടായിരിക്കുമെന്ന് അവരെ ബോധ്യപ്പെടുത്താൻ മാതാപിതാക്കൾക്കു കഴിയണം.

6. തിരഞ്ഞെടുപ്പുകൾ നടത്താൻ അവരെ സഹായിക്കുക

കൗമാരക്കാരായ മക്കൾ വളരെയധികം അപകടത്തിലാണ് എന്നറിയുമ്പോൾ, സ്വയം തീരുമാനങ്ങളെടുക്കാൻ അവരെ അനുവദിക്കുക പ്രയാസമാണ്. ഈ സമയത്ത് മാതാപിതാക്കൾ അവരുടെ മുന്നിൽ അധികാരം കാണിക്കാതെ സുഹൃത്തുക്കളായി പെരുമാറണം. ചില കാര്യങ്ങളെങ്കിലും അവരുടെ തീരുമാനത്തിന് വിട്ടുകൊടുക്കണം. അങ്ങനെ ആകുമ്പോൾ പലപ്പോഴും ഒരു കൗമാരക്കാരൻ അവരുടെ മാതാപിതാക്കളുടെ ഉപദേശം കണക്കിലെടുക്കും. പ്രത്യേകിച്ചും അവർ സ്വയം ഈ ആശയം മുന്നോട്ടു വച്ചതായി അവർ ചിന്തിക്കുമ്പോൾ!

7. ഡിജിറ്റൽ ലോകത്ത് സുരക്ഷിതരാക്കുക

എല്ലാ മാതാപിതാക്കളും തങ്ങളുടെ കുട്ടികളെ യഥാർത്ഥ ലോകത്ത് സുരക്ഷിതമായി നിലനിർത്താൻ ശ്രമിക്കുന്നു. എന്നാൽ ഡിജിറ്റൽ ലോകം വൈകാരികവും ശാരീരികവുമായ ദുരുപയോഗത്തിനുള്ള ഒരു പ്രധാന വേദിയാണ്. കൗമാരക്കാരായ നിങ്ങളുടെ മക്കള്‍ക്ക് അപകടങ്ങളെക്കുറിച്ച് അറിയാമെന്നും കാര്യങ്ങൾ നിരീക്ഷിക്കാൻ അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ വിശ്വസ്തരായ പ്രിയപ്പെട്ട ഒരാളെ അവരുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും ഉറപ്പാക്കുക.

8. അൽപം അകലം പാലിക്കുക

കൗമാരക്കാരായ മക്കളുമായി അൽപം അകലം പാലിക്കുക എന്നു കേൾക്കുമ്പോൾ വളരെ പ്രയാസപ്പെട്ട കാര്യമാണ്. എന്നാൽ യഥാർത്ഥത്തിൽ കൗമാരക്കാർ എപ്പോഴും നിങ്ങളുടെ ഇടപെടൽ ആഗ്രഹിക്കുന്നില്ല, അല്ലെങ്കിൽ അത് അവർക്ക് ആവശ്യമില്ല. അവരുടെ മാതാപിതാക്കളില്ലാത്ത മറ്റൊരു വീട്ടിൽ എത്തിയാൽ അവർ ആ കുടുംബത്തിൽ വളരെ പ്രയോജനമുള്ള വ്യക്തിയായി മാറുന്നത് കാണാൻ കഴിയും.

9. ആശ്രയത്വം

വളർന്നുവരുന്ന കൗമാരക്കാരായ നിങ്ങളുടെ മക്കളെ വെറുതെ വിടുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ നിങ്ങൾ അവർക്ക് നൽകിയ മൂല്യങ്ങളും വിദ്യാഭ്യാസവും, പ്രയാസകരമായ സാഹചര്യങ്ങളിൽ അവരെ മുന്നോട്ട് നയിക്കുമെന്ന് നിങ്ങൾ വിശ്വസിക്കണം. അവർ എവിടെയെങ്കിലും പോകുമ്പോൾ നിങ്ങളുടെ ഉപദേശം അവരുടെ ചെവിയിൽ മുഴങ്ങും. ആവശ്യത്തിന് പഴങ്ങളും പച്ചക്കറികളും കഴിക്കുക എന്ന പ്രായോഗിക ഉപദേശം മുതൽ അവർ എങ്ങനെ ധാർമ്മികമായി പെരുമാറുന്നു എന്നതു വരെ അവരുടെ ഓർമ്മയിൽ ഉണ്ടാവും.

10. പ്രാർത്ഥിക്കുക

നിങ്ങളുടെ കുട്ടികൾ എപ്പോഴും ദൈവത്തിന്റെ കരങ്ങളിലാണ്. കൗമാരക്കാരായ മക്കൾക്കു വേണ്ടി, അവർക്ക് നല്ല ക്ഷമക്കും വിവേകത്തിനും വേണ്ടി മാതാപിതാക്കൾ നിരന്തരം പ്രാർത്ഥിക്കുക. നിങ്ങൾ അവർക്കു വേണ്ടി പ്രാർത്ഥിക്കുന്നുവെന്ന് നിങ്ങളുടെ മക്കളും അറിയുന്നുണ്ടെന്നും ഉറപ്പാക്കണം.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.