ഒരു വ്യക്തിയെ മനോഹരമായി നിലനിർത്തുന്ന പത്ത് സ്വഭാവഗുണങ്ങൾ

ഒരു വ്യക്തിയുടെ ബാഹ്യസൗന്ദര്യത്തിന് മങ്ങലേറ്റാലും ആന്തരിക സൗന്ദര്യം ഒരിക്കലും നഷ്ടപ്പെടുകയില്ല. എന്നാൽ, ആന്തരിക സൗന്ദര്യത്തെ നാം എത്രമാത്രം പരിപോഷിപ്പിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് അതിന്റെ ഭംഗി വർദ്ധിക്കുക. ആന്തരിക സൗന്ദര്യം അദൃശ്യവും ആകർഷകവും അത് നമ്മുടെ വ്യക്തിത്വത്തിന്റെ ഒരു പ്രധാന ഭാഗവുമാണ്. ഒരു വ്യക്തിയുടെ ആന്തരികതയെ മനോഹരമാക്കുന്ന പത്ത് സ്വഭാവസവിശേഷതകൾ ഇതാ…

1. ഉത്സാഹം

ഒരു മനുഷ്യന് എത്ര പ്രായമായാലും, അയാൾ ഉത്സാഹമുള്ള ഒരു വ്യക്തിയാണെങ്കിൽ കൂടെയുള്ളവർക്കും അവർ നൽകുന്നത് ഒരു പോസിറ്റിവ് എനർജി ആയിരിക്കും. ലളിതമായ കാര്യങ്ങളിൽ സന്തോഷം കണ്ടെത്താനും അവയുടെ യഥാർത്ഥ മൂല്യം വിലമതിക്കാനുമുള്ള കഴിവാണിത്. നമ്മുടെ ആത്മാവിൽ നിന്ന് ഉത്ഭവിക്കുന്ന ആർദ്രതയും ലാളിത്യവും നിർഭയമായും സ്വതന്ത്രമായും പ്രകടിപ്പിക്കാനുള്ള മനോഭാവമാണിത്. ഒരു കൊച്ചുകുട്ടിയെപ്പോലെ സ്നേഹിക്കാനും അത്ഭുതപ്പെടുത്താനുമുള്ള കഴിവാണ് ഉത്സാഹം.

2. മറ്റുള്ളവർക്ക് ചെയ്യുന്ന നന്മ

“മറ്റുള്ളവർ നിങ്ങളോട് ചെയ്യണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ അവരോടും ചെയ്യുക” (ലൂക്കാ 6:31). “ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ” (യോഹ. 15:12).

ആളുകളോട് ദയവോടെ പെരുമാറുക, അവരെ സ്വാഗതം ചെയ്യുക, വിശ്വസ്തത പുലർത്തുക, ആത്മാർത്ഥത നിറഞ്ഞ സൗഹൃദം എന്നീ മൂല്യങ്ങൾ ജീവിതത്തിൽ പുലർത്തുന്നവർ ഹൃദയത്തിൽ നന്മയുള്ള വ്യക്തികളാണ്. നമ്മിൽ നിന്ന് പുറപ്പെടുന്ന ദയയുടെ ഒരു ചെറിയ അംശം പോലും മറ്റുള്ളവരെ ആകർഷിക്കും. നമ്മുടെ ഹൃദയത്തിൽ അവർക്ക് ഇടമുണ്ടെന്ന് അതിലൂടെ അവർ തിരിച്ചറിയുകയാണ് ചെയ്യുന്നത്.

3. ലാളിത്യം

പലപ്പോഴും ബലഹീനതയായി വ്യാഖ്യാനിക്കപ്പെടുന്ന ഒന്നാണ് ലാളിത്യം. വിനയം സൗന്ദര്യത്തെ ഉയർത്തുകയും ലാളിത്യത്തെ പ്രകാശിപ്പിക്കുകയും ചെയ്യുന്നു. വിനയത്തിൽ നാം ആത്മീയജീവിതത്തിന്റെ അടിസ്ഥാനം കണ്ടെത്തുന്നു. അത് നമ്മെ ദൈവവുമായി നേരിട്ട് ബന്ധിപ്പിക്കുന്നു, ദൈവത്തെ സ്നേഹിക്കുന്നതിനുള്ള ഏറ്റവും നല്ല മാനദണ്ഡമാണിത്.

4. സഹാനുഭൂതി

മറ്റുള്ളവരെക്കുറിച്ച് തോന്നുന്ന സഹാനുഭൂതി നമ്മുടെ ഹൃദയത്തിന്റെ ഗുണമാണ്. സഹാനുഭൂതി എന്നാൽ, മറ്റുള്ളവർ എന്താണ് അനുഭവിക്കുന്നതെന്ന് യഥാർത്ഥമായി മനസിലാക്കുക എന്നതാണ്. അപരന്റെ സന്തോഷങ്ങളിൽ അഹ്ളാദിക്കുകയും കരയുന്നവനെ ആശ്വസിപ്പിക്കുകയും ചെയ്യുന്ന ഹൃദയമാണിത്. സഹാനുഭൂതി ആളുകളെ അവരുടെ ഹൃദയം തുറക്കാനും വിശ്വസിക്കാനും പ്രേരിപ്പിക്കുന്നു.

5. സമഗ്രത

സമഗ്രതയുള്ള സ്വഭാവത്തിൽ നിന്നാണ് ശക്തിയും വിശ്വാസവും രൂപപ്പെടുന്നത്. സമഗ്രത എന്നതിനർത്ഥം, നമ്മൾ ആരാണെന്നും നമ്മൾ എന്താണ് വിശ്വസിക്കുന്നതെന്നും വെളിപ്പെടുത്താൻ ഭയമില്ലാത്ത അവസ്ഥയാണ്. വഞ്ചന, പ്രതികാരം എന്നിവ ചെയ്യാത്ത ഇവർ സത്യസന്ധതയുള്ള വ്യക്തികളായിരിക്കും ജീവിതത്തിൽ തെറ്റുകൾ വന്നാലും എല്ലായ്‌പ്പോഴും ശരിയായ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുക എന്നതാണ് സമഗ്രത എന്നതിന് അർത്ഥം.

6. ആന്തരിക സമാധാനം

ആന്തരിക സമാധാനമുള്ള വ്യക്തികൾക്ക് ഏതൊരു സാഹചര്യത്തിലും ശാന്തമായി ജീവിക്കാൻ സാധിക്കും. മറ്റുള്ളവരോട് ആദരവോടെ പെരുമാറുന്നത് നമ്മുടെ പ്രവർത്തനങ്ങളിലും വാക്കുകളിലും നമ്മുടെ ആന്തരിക സമാധാനം പ്രകടമാക്കുന്നതാണ്.

7. ആധികാരികത

ആധികാരികത എന്ന വാക്കിനർത്ഥം സുതാര്യത, സത്യസന്ധത, ആത്മാർത്ഥത എന്നൊക്കെയാണ്. നിങ്ങളുടെ സ്വന്തം ചിന്തകൾ, വികാരങ്ങൾ, ആവശ്യങ്ങൾ, മൂല്യങ്ങൾ, മുൻഗണനകൾ, വിശ്വാസങ്ങൾ എന്നിവ ഉൾപ്പെടുന്ന യഥാർത്ഥ സ്വത്വം അനുസരിച്ച് പ്രവർത്തിക്കുക എന്നാണ് ഇതിനർത്ഥം.

8. ധൈര്യം

ധൈര്യം എന്ന വാക്കിന്റെ അർത്ഥം ഹൃദയം എന്നുകൂടിയാണ്. അത് ഹൃദയത്തിന്റെ, നമ്മുടെ സത്തയുടെ ഒരു ഗുണമാണ്. ഇത് ശക്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ ബലഹീനതയെക്കുറിച്ചുള്ള അവബോധം, വ്യക്തത എന്നിവയുള്ള വ്യക്തികൾ ധൈര്യശാലികളായിരിക്കും. നമ്മുടെ ഭയത്തെ മറികടന്ന് അപകടം, കഷ്ടപ്പാടുകൾ, തിരിച്ചടികൾ, പ്രയാസകരമായ സാഹചര്യങ്ങൾ എന്നിവ നേരിടാൻ നമ്മെ അനുവദിക്കുന്ന സ്വഭാവസവിശേഷതയാണിത്. ധൈര്യമുള്ളവർക്ക് നമ്മുടെയും നമ്മുടെ ചുറ്റുമുള്ളവരുടെയും നന്മക്കായി പ്രവർത്തിക്കുകയും പൂർണ്ണത കൈവരിക്കുകയും ചെയ്യാം.

9. സന്തോഷം

നമ്മുടെ കണ്ണുകൾക്കും മുഖത്തിനും പല്ലുകൾക്കും പ്രായമാകും. എന്നാൽ, നമ്മുടെ പുഞ്ചിരിക്കും നോട്ടത്തിനും പ്രായമാകില്ല. നമ്മുടെ മുഖത്ത് നാം കാണിക്കുന്ന സന്തോഷം നമ്മുടെ ഹൃദയത്തിന്റെ മനോഹാരിതയുടെ പ്രതിഫലനമാണ്.

10. നമ്മുടെ ഹൃദയത്തിൽ പരിശുദ്ധാത്മാവ് ഉണ്ടായിരിക്കണം

ദൈവം തന്റെ ഛായയിൽ നമ്മെ സൃഷ്ടിച്ചിരിക്കുന്നു. നമ്മുടെ നല്ല ചിന്തകളിലൂടെയും പ്രവൃത്തികളിലൂടെയും ദൈവത്തിന്റെ ഏറ്റവും മികച്ച പതിപ്പാകാൻ അവിടുന്ന് നമ്മെ വിളിക്കുന്നു. നമ്മുടെ മുഖവും വാക്കുകളും പ്രവൃത്തികളും നമ്മുടെ ഉള്ളിലുള്ള ദൈവത്തിന്റെ പ്രതിച്ഛായെയാണ് പ്രതിഫലിപ്പിക്കുന്നത്. എങ്കിൽ മാത്രമേ നാം പൂർണ്ണരാവുകയുള്ളൂ. അതിനാൽ നമ്മുടെ ഹൃദയത്തിൽ ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ആത്മാവിനെ പ്രസരിപ്പിക്കേണ്ടത് നമ്മളാണ്. ക്രിസ്തുവിന്റെ വെളിച്ചത്തിൽ നമ്മുടെ ആന്തരികജീവിതം നട്ടുവളർത്തേണ്ടത് നമ്മളാണ്. അതുവഴി മറ്റുള്ളവർ നമ്മെ അറിയാനും ദൈവത്തിലേക്ക് അടുക്കാനും സാധിക്കണം.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.