
തിരുവെഴുത്തുകൾ വിവർത്തനം ചെയ്യുന്നതിനും നിർമിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള ഒരു ഇന്റർഡെനോമിനേഷൻ ഏജൻസിയായ ഇന്റർനാഷണൽ ബൈബിൾ സൊസൈറ്റി സ്ഥാപിതമായത് 1809 ഡിസംബർ നാലിനാണ്. ന്യൂയോർക്ക് സിറ്റിയാണ് അതിന്റെ ആസ്ഥാനം. ഐ. ബി. എസ്. എന്നാണ് അതിന്റെ ചുരുക്കപ്പേര്. അതിനുശേഷം ലോകത്തിലെ 150 ലധികം രാജ്യങ്ങളിൽ ബൈബിൾ വിതരണം ചെയ്തു.
ഇന്ത്യയിൽ സതി നിരോധനം നിലവിൽവന്നത് 1829 ഡിസംബർ നാലിനായിരുന്നു. അന്നത്തെ ഗവർണർ ജനറലായിരുന്ന വില്യം ബെന്റിക് പ്രഭുവാണ് ബംഗാൾ സതി നിരോധന നിയമം പാസ്സാക്കിയതിലൂടെ ബ്രിട്ടീഷ് ഇന്ത്യയിൽ സതി നിയമവിരുദ്ധമാക്കിയത്. രാജാറാം മോഹൻ റോയ് എന്ന സാമൂഹ്യപരിഷ്കർത്താവിന്റെ നിരന്തരമായ ശ്രമങ്ങൾ ഈ നിയമരൂപീകരണത്തിനു പിന്നിലുണ്ടായിരുന്നു. സ്വന്തം സഹോദരഭാര്യ സതിക്ക് വിധേയയാകുന്നത് കണ്ടതിനുശേഷമാണ് അദ്ദേഹം ആ ദുരാചാരത്തിനെതിരെയുള്ള ശ്രമങ്ങൾ ആരംഭിച്ചത്. ‘സമ്പാദ് കൗമുദി’ എന്ന തന്റെ പ്രസിദ്ധീകരണത്തിൽ സതിനിരോധനം ആവശ്യപ്പെട്ട് അദ്ദേഹം നിരന്തരം ലേഖനങ്ങളെഴുതി. വില്യം കാരെ എന്ന ഇംഗ്ലീഷ് മിഷനറിയും സതിക്കെതിരെ പോരാടിയവരിലൊരാളാണ്. 1798 ൽ കൽക്കട്ടയിൽ സതി നിരോധിച്ചിരുന്നെങ്കിലും അതിന്റെ പരിസരപ്രദേശങ്ങളിൽ ഇത് തുടർന്നു. 1817 ൽ മാത്രം 700 സ്ത്രീകൾക്കാണ് സതിക്ക് വിധേയരാകേണ്ടിവന്നത്. ഈ ദുരാചാരമാണ് 1829 ഡിസംബർ നാലു മുതൽ ശിക്ഷാർഹമായ കുറ്റമായി മാറിയത്.
ലോകത്തിലെ ആദ്യ ഞായറാഴ്ച ദിനപ്പത്രമായ ദി ഒബ്സേർവർ പ്രസിദ്ധീകരണം ആരംഭിച്ചത് 1791 ഡിസംബർ നാലിനായിരുന്നു. ബ്രിട്ടനിൽനിന്നാണ് പത്രം പ്രസിദ്ധീകരിച്ചത്. ഇപ്പോൾ ദി ഗാർഡിയൻ മീഡിയ ഗ്രൂപ്പിന്റെ ഭാഗമാണ് ഈ പത്രം. ഡബ്ല്യു. എസ്. ബോൺ ആണ് പത്രത്തിന്റെ സ്ഥാപകൻ. പിന്നീട് പല കമ്പനികളുടെ ഭാഗമായതിനുശേഷമാണ് ഗാർഡിയൻ പത്രത്തിന്റെ ഉടമസ്ഥതയിലെത്തുന്നത്. 2006 ജനുവരി എട്ടിന് യു. കെ. യിലെ ഏക ഫുൾ കളർ സൺഡേ പത്രമായി ഇത് പുനഃപ്രസിദ്ധീകരിച്ചു. 2018 ജനുവരി 21 ന് ഒബ്സേർവറിന്റെ ആദ്യ ഡിജിറ്റൽ ടാബ്ലോയ്ഡ് വേർഷനും പ്രസിദ്ധീകരിച്ചു.
1924 ഡിസംബർ നാലിനായിരുന്നു ഗേറ്റ് വേ ഓഫ് ഇന്ത്യ ഉദ്ഘാടനം ചെയ്തത്. ജോർജ് അഞ്ചാമൻ രാജാവും രാജ്ഞി മേരിയും ഇന്ത്യ സന്ദർശിച്ചതിന്റെ സ്മാരകമായാണ് മുംബൈയിൽ ഗേറ്റ് വേ ഓഫ് ഇന്ത്യ നിർമിച്ചത്. മൂന്നുവർഷം എടുത്താണ് അതിന്റെ രൂപരേഖ തയ്യാറാക്കിയത്. ജോർജ് വിറ്റെറ്റ് തയ്യാറാക്കിയ രൂപരേഖ അംഗീകരിച്ചതിനുശേഷം 1911 മാർച്ച് 31 ന് തറക്കല്ലിട്ട് പണികൾ ആരംഭിച്ചു. അന്നത്തെ മുംബൈ ഗവർണറായിരുന്ന സർ ജോർജ് എസ് ക്ലാർക്കാണ് തറക്കല്ലിട്ടത്. 26 മീറ്റർ ഉയരമുള്ളതാണ് ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ കവാടം. പണികൾ പൂർത്തിയായ ശേഷം 1924 ൽ അന്നത്തെ വൈസ്രോയി ആയിരുന്ന റൂഫസ് എസെക്സ് ആണ് ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിലേക്കു വരുന്ന വൈസ്രോയിമാരുടെയും മുംബൈ ഗവർണർമാരുടെയും ഔദ്യോഗിക പ്രവേശനകവാടമായിരുന്നു ഗേറ്റ് വേ ഓഫ് ഇന്ത്യ. ബ്രിട്ടീഷ് ഭരണത്തിന്റെ അവസാനം 1947 ൽ ഇന്ത്യയിൽനിന്നുള്ള അവസാനത്തെ ബ്രിട്ടീഷ് കപ്പൽ രാജ്യം വിട്ട് യാത്ര തിരിച്ചതും ഇവിടെ നിന്നായിരുന്നു.
തയ്യാറാക്കിയത്: സുനിഷ് വി. എഫ്.




