
കുഞ്ഞുങ്ങൾ ജനിച്ചുകഴിയുമ്പോൾ മാതാപിതാക്കൾ ഏറ്റവും കൂടുതലായി ചിന്തിക്കുന്ന കാര്യം അവർക്ക് എന്ത് പേര് നൽകും എന്നുള്ളതാണ്. എല്ലായ്‌പ്പോഴും അസാധാരണവും എന്നാൽ മനോഹരവും അർഥമുള്ളതുമായ പേരുകളാണ് നാം അവർക്കായി തിരഞ്ഞെടുക്കാൻ ശ്രമിക്കുക. നൂറ്റാണ്ടുകൾക്കുമുമ്പ് ജനിച്ച ചില വിശുദ്ധരുടെ പേരുകൾ ഒരുപക്ഷേ മക്കൾക്ക് നൽകാൻ സാധിക്കും. വിശ്വാസത്തിൽ നിറഞ്ഞുനിന്ന പ്രചോദിപ്പിക്കുന്ന വ്യക്തികളായിരുന്നു അവരെല്ലാം.
മക്കൾക്ക് മനോഹരമായ ഒരു പേര് കണ്ടെത്താനും, അതോടൊപ്പം അത്ര അറിയപ്പെടാത്ത ചില വിശുദ്ധരെ കുറച്ചുകൂടി പഠിക്കാനും ഇതിലൂടെ സാധിക്കും.
1. വി. ഹൈപ്പേഷ്യസ്
ഹൈപ്പേഷ്യസ് എന്ന പേരിന് തികച്ചും വൈജ്ഞാനിക അർഥമുണ്ട്. ഏഷ്യാമൈനറിൽ നിന്നുള്ള ഹൈപ്പേഷ്യസ് നാലാം നൂറ്റാണ്ടിലെ ഒരു സന്യാസിയും മഠാധിപതിയുമായിരുന്നു. സന്യാസ സമൂഹത്തിലെ ജ്ഞാനത്തിനും നേതൃത്വത്തിനും പേരുകേട്ട അദ്ദേഹം അക്കാലത്തെ വിവിധ പാഷണ്ഡതകളെ ചെറുത്ത ആളായിരുന്നു. ഒടുവിൽ, നിഖ്യ കൗൺസിലിൽനിന്ന് മടങ്ങിയെത്തിയ അദ്ദേഹം മതഭ്രാന്തന്മാരാൽ കൊല്ലപ്പെട്ടു.
2. വി. എഗ്വിൻ
എഗ്വിൻ എന്നത് നിങ്ങൾ ഇപ്പോൾ അധികം കേൾക്കുന്ന ഒരു പേരല്ല. എട്ടാം നൂറ്റാണ്ടിലെ വോർസെസ്റ്ററിലെ ഒരു ആംഗ്ലോ-സാക്സൺ ബിഷപ്പിന്റേതായിരുന്നു ഈ നാമം. പരിശുദ്ധ കന്യാമറിയത്തോടുള്ള അഗാധമായ ഭക്തിക്ക് പേരുകേട്ട വ്യക്തിയാണ് ഈ വിശുദ്ധൻ. മധ്യകാലഘട്ടത്തിൽ ഇംഗ്ലണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ആശ്രമങ്ങളിലൊന്നായ ഈവേഷാം ആബി സ്ഥാപിച്ചത് അദ്ദേഹമാണ്.
3. വി. ഫ്രിഡോലിൻ
ആറാം നൂറ്റാണ്ടിൽ ഇന്നത്തെ സ്വിറ്റ്സർലൻഡിലൂടെ സഞ്ചരിച്ച് ക്രിസ്തുവിശ്വാസം പ്രചരിപ്പിക്കുകയും വഴിയിൽ ആശ്രമങ്ങൾ സ്ഥാപിക്കുകയും ചെയ്ത ഐറിഷ് മിഷനറിയായിരുന്നു സക്കിംഗനിലെ വി. ഫ്രിഡോലിൻ.
4. വി. പാൻക്രാസ്
വി. പാൻക്രാസ് യഥാർഥത്തിൽ ഒരു റോമൻ രക്തസാക്ഷിയായിരുന്നു. അദ്ദേഹം പതിനാലാം വയസ്സിൽ ഡയോക്ലെഷ്യാനിക് പീഡനത്തിനിടെ മരിച്ചു. പ്രയാസകരമായ സാഹചര്യങ്ങളിൽ ശക്തി ആവശ്യമുള്ളവർ അദ്ദേഹത്തിന്റെ മാധ്യസ്ഥം തേടാറുണ്ട്. ഈ പേരിന്റെ അർഥം ‘സർവശക്തൻ’ എന്നാണ്.
5. വി. ബെന്നോ
11-ാം നൂറ്റാണ്ടിലെ ഒരു ജർമൻ ബിഷപ്പായിരുന്നു വി. ബെന്നോ. തന്റെ മിഷനറി പ്രവർത്തനത്തിനും ശക്തനായ ചക്രവർത്തിയായ ഹെൻറി നാലാമനെ എതിർത്തുനിന്നതിനും അദ്ദേഹം ഓർമിക്കപ്പെട്ടു. അദ്ദേഹത്തിന്റെ പേര് ഏറ്റവും അവിസ്മരണീയമായത് അദ്ദേഹത്തിന്റെ സംക്ഷിപ്തതയും ആകർഷകമായ സ്വരം കാരണമായിരുന്നു. ഈ പേര് ആൺകുട്ടികൾക്ക് അനുയോജ്യമാണ്.
6. വി. ബ്ലെയ്സ്
നാലാം നൂറ്റാണ്ടിലെ അർമേനിയൻ ബിഷപ്പും ഫിസിഷ്യനുമായിരുന്നു വി. ബ്ലെയ്സ്. മീൻമുള്ള് തൊണ്ടയിൽ കുടുങ്ങി ശ്വാസം മുട്ടിയ ഒരു കുഞ്ഞിനെ സംരക്ഷിച്ചതാണ് അദ്ദേഹം നടത്തിയ അത്ഭുതങ്ങളിൽ ഒന്ന്. തൊണ്ടയിലെ അസുഖങ്ങളുടെ മധ്യസ്ഥൻ കൂടിയാണ് വി. ബ്ലെയ്‌സ്.
7 . വി. പെരെഗ്രിൻ
13 – 14 നൂറ്റാണ്ടുകളിൽ ജീവിച്ചിരുന്ന ഒരു ഇറ്റാലിയൻ സന്യാസിയായിരുന്നു വി. പേരെഗ്രിൻ. കാൻസർ രോഗികളുടെ രക്ഷാധികാരി എന്ന നിലയിലാണ് അദ്ദേഹം ഇന്ന് അറിയപ്പെടുന്നത്. കാരണം അദ്ദേഹത്തിന്റെ കാൻസർ ബാധിച്ച കാലിന് അത്ഭുതകരമായി സൗഖ്യമുണ്ടായി.
8. വി. വെൻസലസ്
ഈ പേരിന് തീർച്ചയായും രാജകീയമായ ഒരു അടിസ്ഥാനമുണ്ട്. വി. വെൻസലസ് ഭക്തിക്കും ജീവകാരുണ്യത്തിനും പേരുകേട്ട പത്താം നൂറ്റാണ്ടിലെ ബൊഹീമിയയിലെ ഡ്യൂക്ക് ആയിരുന്നു. ദരിദ്രരോടുള്ള അദ്ദേഹത്തിന്റെ കാരുണ്യം ആഘോഷിക്കുന്ന ക്രിസ്മസ് കരോൾ ആയ ‘ഗുഡ് കിംഗ് വെൻസെലസ്’ അദ്ദേഹത്തിന്റെ പാരമ്പര്യം അനശ്വരമാക്കി. ക്രിസ്തുമസ് കാലഘട്ടത്തിൽ ജനിക്കുന്ന ഏതൊരു കുട്ടിക്കും അല്ലെങ്കിൽ വർഷം മുഴുവനും നല്ല ക്രിസ്തുമസ് കരോൾ ഇഷ്ടപ്പെടുന്ന മാതാപിതാക്കൾക്ക് അനുയോജ്യമായ ഒരു തിരഞ്ഞെടുപ്പാണ് ഈ പേര്.
9. വി. എക്സ്പെഡിറ്റസ്
എക്സ്പെഡിറ്റസ് എന്ന വിശുദ്ധൻ തികച്ചും നിഗൂഢമായ ഒരു വ്യക്തിയായിരുന്നു. ഐതിഹ്യം പറയുന്നത്, അദ്ദേഹം ഒരു റോമൻ ശതാധിപനായിരുന്നു എന്നായിരുന്നു. ക്രിസ്തുമതത്തിലേക്കു പരിവർത്തനം ചെയ്യുകയും വിശ്വാസത്തിനുവേണ്ടി രക്തസാക്ഷിയാകുകയും ചെയ്ത അദ്ദേഹം ഇപ്പോൾ അടിയന്തിര കാര്യങ്ങളുടെ രക്ഷാധികാരിയാണ്.
10. വി. പോളികാർപ്പ്
പോളികാർപ്പ് തീർച്ചയായും അസാധാരണമായ പേരുകളിലൊന്നാണ്. സ്മിർണയിലെ (ഇന്നത്തെ തുർക്കി) ഒരു ആദ്യകാല ക്രിസ്ത്യൻ ബിഷപ്പിന്റെയും അപ്പോസ്തലനായ യോഹന്നാന്റെ ശിഷ്യനായിരുന്നു അദ്ദേഹം. അചഞ്ചലമായ വിശ്വാസത്തിന് പേരുകേട്ട വി. പോളികാർപ്പ് 155 ൽ ചുട്ടുകൊല്ലപ്പെട്ട് രക്തസാക്ഷിയായി.
സുനീഷാ വി. എഫ്.