കഷ്ടപ്പാടുകൾക്ക് മദ്ധ്യേ കഴിയുന്ന അർമേനിയൻ ജനതയ്ക്കു സഹായവുമായി കത്തോലിക്കാ ബിഷപ്പ്

വേദനകളുടെയും കഷ്ടപ്പാടുകളുടെയും നടുവിൽ കഴിയുന്ന അർമേനിയൻ ജനതയുടെ സ്വന്തം ബിഷപ്പാണ് റാഫേൽ മിനാസിയൻ. ഒരു ബിഷപ്പ് എന്നതിനപ്പുറം ഒരു സഭാ സേവകൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഈ ഇടയൻ ജനങ്ങളുടെ വേദനകളിലും അവർ നേരിടുന്ന പ്രതിസന്ധികളിലും അവർക്കൊപ്പം നിലകൊള്ളുകയാണ്.
“സഭയെ സംബന്ധിച്ചിടത്തോളം വളരെ എളിയ പുരോഹിതനാണ് ഞാൻ. കാരണം ഞാൻ എല്ലാം ദൈവിക പരിപാലനയ്ക്കായി വിടുന്നു” – അദ്ദേഹം പറയുന്നു. 2011 മുതൽ കിഴക്കൻ യൂറോപ്പിലെ അർമേനിയൻ കത്തോലിക്കരുടെ ബിഷപ്പായി ഫാ. റാഫേൽ സേവനമനുഷ്ഠിച്ചു വരുന്നു. അർമേനിയയിലെയും ഉക്രെയ്ൻ, ജോർജിയ, റഷ്യ തുടങ്ങിയ രാജ്യങ്ങളിലെയും 6,18,000 അർമേനിയൻ റൈറ്റ് കത്തോലിക്കരുടെ ഉത്തരവാദിത്തം അദ്ദേഹത്തിനാണ്.
2021 വർഷത്തിലേക്കു പ്രവേശിക്കുമ്പോൾ അർമേനിയൻ ജനതയിൽ നിന്നും വിശപ്പിന്റെ വിളി ഉയരുകയാണ്. മുൻ സോവിയറ്റ് രാജ്യങ്ങൾക്ക് പൊതുവേ ഇപ്പോഴും സ്വയംപര്യാപ്തത ആയിട്ടില്ല. അതിനാൽ തന്നെ സമൂഹത്തിൽ കൂടുതലും പാവപ്പെട്ടവരാണ്. അവരുടെ ദൈനംദിന ജീവിതത്തിൽ സുഖമായിരിക്കാൻ സഹായിക്കുന്ന ഒരു സംവിധാനവുമില്ല. കൊറോണ പകർച്ചവ്യാധിയും യുദ്ധവും ഇവരുടെ ജീവിതത്തെ ദുസ്സഹമാക്കുകയാണ്. അർമേനിയായും അസർബൈജാനും തമ്മിലുള്ള യുദ്ധവും ഇവരുടെ ജീവിതം ദുസ്സഹമാക്കുന്നു. ഇത്തരത്തിൽ വേദനയുടെ നടുവിൽ കഴിയുന്ന ജനതയ്ക്കു പ്രത്യാശ പകർന്നു കൊണ്ട് അവരിലേയ്ക്ക് ഇറങ്ങി ചെല്ലുകയാണ് 74 കാരനായ ഈ ആർച്ച് ബിഷപ്പ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.