ഇന്ത്യയുടെ കോവിഡ് പ്രതിസന്ധിയിൽ സഹായമായി കത്തോലിക്കാ സന്നദ്ധ സംഘടനകൾ

കോവിഡ് പകർച്ചവ്യാധി ഇന്ത്യയെ പിടിമുറുക്കിയിരിക്കുന്ന സാഹചര്യത്തിൽ വിവിധ കത്തോലിക്കാ സഹായ സംഘടനകൾ രാജ്യത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുവാൻ സന്നദ്ധരായി മുൻപോട്ടു വരുന്നു. കാത്തോലിക് റിലീഫ് സർവീസസ് (സി ആർ എസ്), കാരിത്താസ് എന്നീ സംഘടനകൾ നിലവിൽ സഹായങ്ങൾ നൽകി വരുന്നുണ്ട്.

സമൂഹത്തിലെ രോഗബാധിതരായ ആളുകൾക്ക് ജീവൻ രക്ഷാ സഹായമാണ് ഇപ്പോൾ നൽകിവരുന്നത്. വൈറസ് പടരാതിരിക്കുവാനും ആരോഗ്യ പ്രവർത്തകരെ പിന്തുണയ്ക്കുവാനും പകർച്ചവ്യാധിയിലൂടെ ജീവിതത്തിൽ ഉണ്ടാകുന്ന പ്രതിസന്ധികളെയും പ്രത്യാഘാതങ്ങളെയും നിയന്ത്രിക്കുവാനും കുടുംബങ്ങളെ സഹായിക്കുവാനുമുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ സി ആർ എസിന്റെ പ്രവർത്തനങ്ങൾ ഏകദേശം പത്ത് ദശലക്ഷത്തിലധികം ആളുകളിൽ എത്തിയിട്ടുണ്ടെന്നു സംഘടനയുടെ മീഡിയ റിലേഷൻസ് മാനേജർ നിക്കി ഗെയിമർ പറഞ്ഞു.

കോവിഡ് 19 പകർച്ചവ്യാധിയിൽ ഇന്ത്യയിൽ മരിച്ചവരുടെ എണ്ണം 2,25,000 കവിഞ്ഞു. പ്രതിദിനം 3,500 മരണങ്ങൾ രാജ്യത്ത് നടക്കുന്നുണ്ട്. ആശുപത്രികളിൽ കിടക്കകളും ഓക്സിജൻ ലഭ്യതയും വളരെ കുറവാണ്. പ്രതിരോധ വാക്‌സിൻ നിലവിലുണ്ടെങ്കിലും അതിന്റെ ലഭ്യതക്കുറവും സ്ഥിതി അത്യന്തം രൂക്ഷമാക്കുകയാണ്. ഇന്ത്യയിൽ എവിടെ നിന്ന് സഹായ അഭ്യർത്ഥനകൾ വന്നാലും സഹായിക്കാൻ തങ്ങൾ സന്നദ്ധരാണെന്ന് കത്തോലിക്കാ സംഘടനയായ സിഎൻഇയു പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.