മറ്റുള്ളവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയെന്നാല്‍ ദൈവത്തിന്റെ ആന്റിനയാവുക എന്നാണ് അര്‍ത്ഥമെന്ന് മാര്‍പാപ്പ

പ്രാര്‍ത്ഥിക്കുന്ന ഒരു വ്യക്തിയുടെ വാതിലില്‍ മുട്ടിയാല്‍ അനുകമ്പയുള്ള ഹൃദയം ദര്‍ശിക്കാനാകുമെന്നും ഇങ്ങനെ സകലത്തില്‍ നിന്നും എല്ലാവരില്‍ നിന്നും വേര്‍പെട്ട് ഏകാന്തതയിലായിരുന്നുകൊണ്ട് അകന്നുപോയവരെ ദൈവത്തിങ്കലേയ്ക്ക് തിരികെ കൊണ്ടുവരാനും ലോകം മുഴുവനുവേണ്ടിയും പ്രാര്‍ത്ഥിക്കുന്നതിലൂടെ മറ്റുള്ളവരുടെ മുഴുവന്‍ ഭാരവും വേദനയും സ്വന്തം ചുമലില്‍ വഹിക്കുകയാണ് അവര്‍ ചെയ്യുന്നതെന്നും പാപ്പാ വിശദീകരിച്ചു.

‘ഓരോരുത്തര്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കുക’ എന്നത് ഈ ലോകത്തില്‍ ദൈവത്തിന്റെ ഒരു ‘ആന്റിന’ പോലെ പ്രവര്‍ത്തിക്കലാണെന്നു പറഞ്ഞ പാപ്പാ, പ്രാര്‍ത്ഥനയുടെ മനുഷ്യന്‍ ദരിദ്രനിലും പുറന്തള്ളപ്പെട്ടവനിലും ദൈവത്തിന്റെ മുഖം കാണുന്നുവെന്ന് ഉദ്ബോധിപ്പിച്ചു. കൂടാതെ, തിരുസഭയുടെ മതബോധനഗ്രന്ഥത്തില്‍ ‘മാദ്ധ്യസ്ഥ്യം വഹിക്കുക അല്ലെങ്കില്‍ മറ്റൊരാള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക എന്നത് ദൈവത്തിന്റെ കാരുണ്യവുമായി ഒത്തുപോകുന്ന ഹൃദയത്തിന്റെ പ്രത്യേക അവകാശവും ക്രിസ്തുദൗത്യത്തില്‍ പങ്കുചേരലും വിശുദ്ധരുമായുള്ള കൂട്ടായ്മയുടെ പ്രകടനവുമാണെന്നാണ്’ പഠിപ്പിക്കുന്നതെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.

പ്രാര്‍ത്ഥനയുടെ മനുഷ്യന്‍ ഹൃദയമുള്ളവനും ലാളിത്യമുള്ളവനുമാകുന്നുവെന്നും സഹോദരനെ സ്‌നേഹിക്കാത്തവര്‍ക്ക് സ്വസ്ഥമായി പ്രാര്‍ത്ഥിക്കുവാനാവില്ലെന്നും പറഞ്ഞ പാപ്പാ, സഭയില്‍ മറ്റൊരാളുടെ സങ്കടമോ സന്തോഷമോ തിരിച്ചറിയുന്നവര്‍ ഏതൊരു ശാസ്ത്രത്തെയുംകാള്‍ കൂടുതല്‍ ആഴത്തില്‍ അപരനെ ഉള്‍ക്കൊള്ളുന്നുവെന്നും ഇക്കാരണത്താല്‍ തന്നെ അപരന്റെ വീഴ്ചകളില്‍ അവനെ ഉപേക്ഷിക്കുകയോ നിരസിക്കുകയോ ചെയ്യാത്ത പ്രാര്‍ത്ഥനയുടെ അനുഭവത്തിലായിരിക്കുവാന്‍ ഒരുവന് സാധിക്കുന്നുവെന്നും പ്രബോധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.