കത്തോലിക്കാ സഭയിലെ നീന്തൽക്കാരുടെ രക്ഷാധികാരിയായ വി. അഡ്ജൂട്ടർ

ഓഷ്യൻസ് സെവൻ പൂർത്തിയാക്കിയ ആദ്യ വ്യക്തിയായ സ്റ്റീഫൻ റെഡ്മണ്ടിനെപ്പോലുള്ള നീന്തൽ താരങ്ങൾ നീന്താൻ ആരംഭിക്കുന്നതിനു മുൻപ് മുട്ടുകുത്തി തീവ്രമായും തീക്ഷ്ണമായും പ്രാർഥിക്കുന്നവരായിരുന്നു.. അവർ മൈലുകളോളം നീന്താനായി ശക്തിയാർജ്ജിച്ചിരുന്നത് പ്രാർഥനയിലൂടെയാണ്. വലിയ വെല്ലുവിളി നിറഞ്ഞ സമയത്ത് വലിയ നീന്തൽക്കാർ പോലും പ്രാർഥനയെ വലിയ ബലമായിട്ടാണ് കാണുന്നത്. നീന്തൽ പ്രൊഫഷൻ ആയും വിനോദമായും എടുത്തിട്ടുള്ളവർക്ക് പ്രത്യേകമായി ഒരു വിശുദ്ധനുണ്ട്, വി അഡ്ജൂട്ടർ.

890 വർഷങ്ങൾക്ക് മുമ്പ്, സഭയ്ക്കുവേണ്ടി പോരാടിയ വിശുദ്ധനായിരുന്നു അദ്ദേഹം. ജറുസലേമിൽ വച്ച് അദ്ദേഹത്തെ ചങ്ങലയിട്ട്, പീഡിപ്പിച്ച്, പലസ്തീൻ തീരത്ത് ഒരു ജയിലിൽ അടച്ചു. അദ്ഭുതകരമായി, അദ്ദേഹം ഒരു കോട്ടയ്ക്കുള്ളിലെ തന്റെ സെല്ലിൽ നിന്ന് രക്ഷപ്പെട്ടു. ഒരു മടിയും കൂടാതെ, മെഡിറ്ററേനിയൻ കടലിൽ ഇറങ്ങി കരയിലേക്ക് നീന്തി, ഒടുവിൽ തന്റെ സഹപ്രവർത്തകരോടൊപ്പം ചേർന്നു.

ഐതിഹ്യമനുസരിച്ച്, സെന്റ് അഡ്ജൂട്ടർ പിന്നീട് ഒരു ബെനഡിക്റ്റൈൻ സന്യാസിയായി മാറുകയും സീൻ നദിക്കടുത്തുള്ള ഒരു ആശ്രമത്തിൽ ജീവിതം നയിക്കുകയും ചെയ്തു. സമീപത്തുള്ള ഒരു ചുഴലിക്കാറ്റിൽ നിരവധി ബോട്ടു ജീവനക്കാർക്ക് ജീവൻ നഷ്ടപ്പെട്ടു. ഒരു പ്രാദേശിക ബിഷപ്പും വിശുദ്ധ അഡ്ജൂട്ടറും കപ്പലിൽ യാത്രചെയ്യുന്ന അവസരത്തിൽ ചുഴലിക്കാറ്റുണ്ടായി. ആ സമയത്ത് ബിഷപ്പ്, സീൻ നദിയിലേക്ക് വിശുദ്ധ ജലം തളിച്ചു. ” ദൈവത്തിന് എന്നെ എന്റെ ചങ്ങലകളിൽ നിന്ന് മോചിപ്പിക്കാൻ കഴിയുന്നതുപോലെ എളുപ്പമാണ് ഈ ചുഴലിക്കാറ്റിൽ നിന്ന് ആളുകളെ മോചിപ്പിക്കാൻ ” എന്ന് വി. അഡ്ജൂട്ടർ പറഞ്ഞപ്പോൾ ചുഴലിക്കാറ്റ് ഉടൻ ശാന്തമായി.

1131 ഏപ്രിൽ 30 നു അദ്ദേഹം മരണമടഞ്ഞു. നീന്തൽക്കാർ, ബോട്ടർമാർ, യാച്ചർമാർ എന്നിവരുടെ രക്ഷാധികാരിയായി തിരഞ്ഞെടുത്ത വിശുദ്ധന്റെ തിരുനാൾ ദിനവും ഏപ്രിൽ 30 നു തന്നെയാണ്.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.