ആയുസിലെ സമ്പാദ്യം മുഴുവന്‍ അപരിചിതരായ യുവജനങ്ങളെ സഹായിക്കാന്‍ ഉഴിഞ്ഞുവച്ച മരപ്പണിക്കാരന്‍

മറ്റുള്ളവരെ സഹായിക്കുന്നതിനായി എളിമയോടെ മിതവ്യയം നടത്തി ജീവിച്ച വ്യക്തിയാണ് ഡേല്‍ ഷ്‌റോഡെര്‍ എന്ന അമേരിക്കക്കാരന്‍. 2005 ല്‍ അദ്ദേഹം മരിക്കുമ്പോള്‍ മൂന്ന് മില്ല്യണ്‍ ഡോളറായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. ഇത്രയും സമ്പാദ്യം കേട്ട് അദ്ദേഹം ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു എന്ന് കരുതരുത്. സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരു മരപ്പണിക്കാരനായിരുന്നു അദ്ദേഹം.

67 വര്‍ഷം അദ്ദേഹം ജോലി ചെയ്തു. അതികഠിനമായി എല്ലാ ദിവസവും ജോലി ചെയ്താണ് ഇത്രയും തുക അദ്ദേഹം സമ്പാദിച്ചതെന്ന് അദ്ദേഹത്തിന്റെ സുഹൃത്തായ സ്റ്റീവ് നീല്‍സണ്‍ പറയുകയുണ്ടായി. ഭാര്യയോ മക്കളോ ഇല്ലാതിരുന്ന അദ്ദേഹം തന്റെ ആയുസിലെ സമ്പാദ്യം ചെലവഴിച്ച രീതിയാണ് ശ്രദ്ധേയം. സ്വന്തം നാട്ടുകാരായ 33 കുട്ടികള്‍ക്ക് കോളജ് വിദ്യാഭ്യാസം നടത്താനുള്ള സ്‌കോളര്‍ഷിപ്പ് തുകയായാണ് അദ്ദേഹം തന്റെ സമ്പാദ്യം മാറ്റി വച്ചത്.

യാതൊരു പരിചയവുമില്ലാത്ത തങ്ങള്‍ക്കുവേണ്ടി ഈ സമ്മാനം നല്‍കിയ ഷ്‌റോഡെറുടെ അനുസ്മരണവും അദ്ദേഹത്തിന്റെ സഹായങ്ങള്‍ സ്വീകരിച്ച കുട്ടികള്‍ നടത്താറുണ്ട്. ഒരു മനുഷ്യന്റെ കാരുണ്യം തങ്ങളുടെ ജീവിതം എപ്രകാരമാണ് മാറ്റി മറച്ചതെന്നും അവര്‍ ഓരോരുത്തരും പങ്കുവയ്ക്കുകയുണ്ടായി. അദ്ദേഹത്തിന് ഒന്നും തിരിച്ച് കൊടുക്കാന്‍ കഴിയില്ലെങ്കിലും അദ്ദേഹം തങ്ങള്‍ക്ക് ചെയ്ത നന്മയ്ക്ക് സമാനമായ നന്മ ചെയ്ത് തങ്ങള്‍ ആ കടങ്ങള്‍ വീട്ടുമെന്നും അവര്‍ ഓരോരുത്തരും പറയുന്നു.