ധന്യന്‍ കാര്‍ലോ അക്യൂറ്റിസിനെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്താനുള്ള അത്ഭുത സൗഖ്യത്തിന് സ്ഥിരീകരണം

താന്‍ ജീവിതം മുഴുവന്‍ സമര്‍പ്പിച്ച ദിവ്യകാരുണ്യഭക്തി പ്രചരിപ്പിക്കാന്‍ ആധുനിക വിവര സാങ്കേതിക വിദ്യകളെ സമര്‍ത്ഥമായി ഉപയോഗിച്ച കൗമാരക്കാരന്റെ സുകൃതങ്ങള്‍ക്കുമേല്‍ സഭയുടെ കൈയൊപ്പ്. 15ാം വയസില്‍ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ട, ‘സൈബര്‍ അപ്പോസ്തല്‍ ഓഫ് ദ യൂക്കരിസ്റ്റ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ധന്യന്‍ കാര്‍ലോ അക്യൂറ്റിസിനെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്താനുള്ള അത്ഭുത സൗഖ്യം സ്ഥിരീകരിച്ചെന്ന് റിപ്പോര്‍ട്ടുകള്‍.

ധന്യന്‍ അക്യൂറ്റിസിന്റെ മാധ്യസ്ഥത്താല്‍ ബ്രസീലിലെ ഒരു കുഞ്ഞിന് ലഭിച്ച സൗഖ്യം മെഡിക്കല്‍ സംഘം സ്ഥിരീകരിച്ചെന്നാണ് വിവരം. വത്തിക്കാന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും ‘കാര്‍ലോ അക്യൂറ്റിസ് അസോസിയേഷ’ന്റെ ഔദ്യോഗിക വെബ് സൈറ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വൈദ്യശാസ്ത്രത്തിന് വിശദീകരിക്കാനാവാത്ത ഒരു രോഗസൗഖ്യം, വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തില്‍ നിര്‍ണായകമാണ്.

ലുക്കീമിയ ബാധിച്ച് 2006 ഒക്ടോബര്‍ 12 നാണ് കാര്‍ലോ അന്തരിച്ചത്. തിന്മയുടെ നടുക്കടലില്‍ അകപ്പെട്ട അനേകരെ ചുരുങ്ങിയ കാലംകൊണ്ട് വിശ്വാസവഴിയിലേക്ക് തിരിച്ച് വിടാന്‍ അവന് കഴിഞ്ഞു. 1991ല്‍ ലണ്ടനില്‍ ജനിച്ച അക്യൂറ്റിസ്, ദിവ്യകാരുണ്യനാഥനെ പ്രാണനെക്കാളധികം സ്‌നേഹിച്ചു. കംപ്യൂട്ടറുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങളില്‍ പ്രതിഭാശാലിയായിരുന്ന അവന്‍, തന്റെ കഴിവുകള്‍ പൂര്‍ണമായും ദിവ്യകാരുണ്യഭക്തി പ്രചരിപ്പിക്കാനാണ് ഉപയോഗിച്ചത്.

11ാം വയസില്‍ വിശുദ്ധ കുര്‍ബാനയുടെ അത്ഭുതങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ അവന്‍ കംപ്യൂട്ടറില്‍ ശേഖരിക്കാന്‍ തുടങ്ങി. അതിനായി ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ തന്നെ കൊണ്ടുപോകണമെന്ന് കാര്‍ലോ മാതാപിതാക്കളോട് ആവശ്യപ്പെട്ടു. രണ്ടര വര്‍ഷത്തെ പ്രയത്‌നത്തിനൊടുവില്‍ കാര്‍ലോ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന ഏതാണ്ട് എല്ലാ ദിവ്യകാരുണ്യ അത്ഭുതങ്ങളും കോര്‍ത്തിണക്കി ഒരു വെബ്‌സൈറ്റും തയാറാക്കി.

ദിവ്യകാരുണ്യത്തിന് മുന്നില്‍ അനേകം മണിക്കൂറുകള്‍ ചെലവഴിക്കുന്നതിലൂടെയും വിശുദ്ധ കുര്‍ബാനയുടെ അത്ഭുതങ്ങള്‍ കംപ്യൂട്ടറില്‍ ശേഖരിക്കുന്നതിലൂടെയും കാര്‍ലോ സദാ ദൈവത്തോടൊപ്പമായിരുന്നു. നൂറ്റാണ്ടുകളായി വിവിധ രാജ്യങ്ങളില്‍ സംഭവിച്ചതും സഭ അംഗീകരിച്ചതുമായ 136 ദിവ്യകാരുണ്യ അത്ഭുതങ്ങളാണ് അവന്‍ ശേഖരിച്ചത്. അഞ്ചു ഭൂഖണ്ഡങ്ങളില്‍ വെര്‍ച്വല്‍ ലൈബ്രറിയുടെ പ്രദര്‍ശനവും നടത്തി. 2018 ജൂലൈയിലാണ് ഫ്രാന്‍സിസ് പാപ്പാ കാര്ഡലോയെ ധന്യരുടെ ഗണത്തിലേയ്ക്ക് ഉയര്‍ത്തിയത്.