പാക്കിസ്ഥാനിലെ ദരിദ്ര ജനവിഭാഗങ്ങൾക്ക് ഭക്ഷണം നൽകി കാരിത്താസ് സംഘടന

സമൂഹത്തിൽ മാറ്റിനിർത്തപ്പെട്ടവർക്ക് സഹായമായി മാറുകയാണ് ക്രൈസ്തവ സംഘടനയായ കാരിത്താസ് പാക്കിസ്ഥാൻ. വൈകല്യങ്ങൾ മൂലം വലയുന്ന അനേകം കുടുംബങ്ങൾക്കാണ് ഈ സംഘടന കൈത്താങ്ങായി മാറുന്നത്.

“ഇന്ന് ആരും വികലാംഗരെ കരുതുകയോ പരിഗണിക്കുകയോ ചെയ്യുന്നില്ല. എന്നാൽ എന്റെ മകൻ മറ്റൊരാൾക്ക് എത്രത്തോളം പ്രിയപ്പെട്ടതും പ്രധാനപ്പെട്ടതുമാണെന്ന് എന്നെ മനസ്സിലാക്കിത്തന്നത് കറാച്ചിയിലെ കാരിത്താസ് സംഘടനയാണ്. ഞങ്ങൾ ദരിദ്രരാണ്. ജന്മനാ വൈകല്യമുള്ള ഒരു കുട്ടിയെ വളർത്തുകയെന്നത് എളുപ്പമല്ല. എങ്കിലും ഞങ്ങളുടെ പരമാവധി ശ്രമിക്കുന്നു” – വൈകല്യത്താൽ വിഷമിക്കുന്ന 17 വയസ്സുകാരനായ മുഹമ്മദ് റിസ്വാന്റെ പിതാവ് മുഹമ്മദ് അലി പറയുകയാണ്.

“കുടുംബത്തിലെ സാമ്പത്തികബുദ്ധിമുട്ട് കാരണം മകന് ആരോഗ്യകരമായ ഭക്ഷണങ്ങളോ മരുന്നുകളോ നൽകാൻ പലപ്പോഴും ഞങ്ങൾക്ക് കഴിയുന്നില്ല. എന്നാൽ ഇന്ന് ഞങ്ങൾക്ക് കാരിത്താസിൽ നിന്ന് ഒരു ഭക്ഷണ പാക്കേജ് ലഭിച്ചു. അത് ഞങ്ങളെ ഈദ് പെരുന്നാൾ ആഘോഷിക്കുവാൻ അനുവദിക്കുന്നു” – മുഹമ്മദ് അലി കൂട്ടിച്ചേർത്തു. പാക്കിസ്ഥാനിലെ റോബിൻഹുഡ് ആർമിയുമായി കൂടിച്ചേർന്ന് ഈദ് ആഘോഷത്തിന്റെ ഭാഗമായി കറാച്ചിയിലെ കാരിത്താസ് സംഘടന സമ്മാനമായി നൽകിയ ഭക്ഷണകിറ്റുകൾ സ്വീകരിച്ചവരിലൊരാളാണ് മുഹമ്മദ് അലി. ഭക്ഷണവും മറ്റു വസ്തുക്കളും അടങ്ങുന്ന ഈദ് സമ്മാനം നൽകിയത് പ്രായപൂർത്തിയാകാത്ത വൈകല്യമുള്ള കുട്ടികളുള്ള കുടുംബങ്ങൾക്കാണ്.

34 കുടുംബങ്ങൾക്ക് ഈദ് സമ്മാനം കൈമാറിക്കൊണ്ട് മാനവികതയുടെയും മതസൗഹാർദ്ദത്തിന്റെയും സന്ദേശം പാക്കിസ്ഥാനിലെ ജനതയ്ക്ക് നൽകുവാൻ കാരിത്താസിനു കഴിഞ്ഞു. ഐക്യരാഷ്ട്ര സംഘടനയുടെ കണക്കനുസരിച്ച് ലോകത്ത് 650 ദശലക്ഷം ആളുകൾ വികലാംഗരായുണ്ട്. “പാക്കിസ്ഥാനിൽ 32,86,630 അന്ധരും ബധിരരും മറ്റു വൈകല്യമുള്ളവരുമുണ്ട്. മുസ്ലിം സഹോദരങ്ങൾക്കിടയിൽ ഭക്ഷണകിറ്റുകൾ വിതരണം ചെയ്യുന്നത് മതപരമായ ഐക്യത്തിന്റെ ഉദാഹരണമാണ്. മാനവികത മതത്തിന്റെ വ്യത്യാസങ്ങൾക്ക് അതീതമാണ്. ഭാവിയിലും ഇത്തരം സൗഹൃദങ്ങൾ ഞങ്ങൾ തുടരും” – കാരിത്താസ് കറാച്ചി എക്സിക്യൂട്ടീവ് സെക്രട്ടറി മൻഷാ നൂർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.