ലെബനന്‍ ജനതയെ സഹായിക്കാന്‍ ധനസഹായം തേടി കാരിത്താസ് ഉപവിസംഘടന

സാമ്പത്തിക ബുദ്ധിമുട്ടിലായ ലെബനോനില്‍ ഇപ്പോള്‍ നല്‍കിവരുന്ന സഹായങ്ങള്‍ തുടരാന്‍ വീണ്ടും ധനസഹായം അഭ്യര്‍ത്ഥിച്ച് കാരിത്താസ് ഉപവിസംഘടനയുടെ ഇറ്റാലിയന്‍ ശാഖ. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് നാലിന്, ലെബനോന്‍ തലസ്ഥാനമായ ബെയ്റൂട്ടില്‍ നടന്ന ശക്തമായ സ്ഫോടനത്തില്‍ ഇരുന്നൂറിലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. രണ്ടായിരത്തി എഴുന്നൂറ്റിയന്‍പത് ടണ്ണോളം അമോണിയം നൈട്രേറ്റ് കത്തിയുണ്ടായ ഈ അപകടത്തില്‍, ഏഴായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും മൂന്ന് ലക്ഷത്തോളം പേർ ഭവനരഹിതരാകുകയും ചെയ്തതായാണ് കണക്കാക്കുന്നത്.

ഇതോടെ ലെബനോനിലെയും ഇറ്റലിയിലെയും കാരിത്താസ് ശാഖകള്‍ ഒത്തുചേര്‍ന്ന്, മറ്റു ഉപവിസംഘടനകളുടെ സഹായത്തോടെ ഏതാണ്ട് മൂന്നര ലക്ഷത്തിലധികം ആളുകള്‍ക്ക് സഹായമെത്തിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മുതല്‍ രാജ്യത്ത് ഒരു സര്‍ക്കാര്‍ ഉണ്ടായിരുന്നില്ല എന്നും, ലെബനോനിനിലെ സ്ഥിതിവിശേഷങ്ങള്‍ ഗൗരവതരമാണെന്നും കാരിത്താസിന്റെ ഇറ്റാലിയന്‍ ശാഖ അറിയിച്ചു. ഗുരുതരമായ സാമ്പത്തികസ്ഥിതി കാരണം ലക്ഷക്കണക്കിന് ലെബനീസ് ജനങ്ങള്‍ അനുഭവിക്കുന്ന മനുഷ്യദുരന്തം കൂടി കണക്കിലെടുത്താണ് കാരിത്താസ് സംഘടന ഇങ്ങനെ പറഞ്ഞത്. അറുപതു ലക്ഷത്തോളം വരുന്ന ലബനോനിലെ ജനസംഖ്യയില്‍ ഏതാണ്ട് മുപ്പതു ലക്ഷത്തോളം ആളുകള്‍ ദാരിദ്ര്യത്തിന്റെ ദുരിതങ്ങള്‍ അനുഭവിക്കുന്നുണ്ട്.

നിലവില്‍, ഇറ്റലിയിലെ മെത്രാന്‍സംഘം നല്‍കിയ എട്ടരക്കോടിയോളം രൂപയും മറ്റ് സംഭാവനകളും ഉള്‍പ്പെടുത്തി കാരിത്താസ് ഇറ്റലി, രണ്ടു വ്യത്യസ്ത തലങ്ങളിലായി ലെബനോനിലെ സഹായിക്കുന്നുണ്ട്. സ്ഫോടനത്തിന്റെ ദുരന്തഫലങ്ങളെ നേരിടുന്നതിനുള്ള പരിശ്രമങ്ങള്‍ വഴിയും ലെബനോനില്‍ നിലവിലുള്ള സാമൂഹിക – സാമ്പത്തിക പ്രതിസന്ധിയെയും അഭയാര്‍ത്ഥിപ്രശ്‌നങ്ങളെയും അഭിമുഖീകരിക്കാന്‍ സഹായിക്കുന്നതും വഴിയുമാണ് കാരിത്താസ് ഇപ്പോള്‍ തങ്ങളുടെ സേവനം ലെബനോന്‍ ജനതയ്ക്ക് നല്‍കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.