ചൈന-വത്തിക്കാന്‍ ബന്ധത്തെക്കുറിച്ച് കര്‍ദ്ദിനാള്‍ പിയാത്രൊ പരോളിന്‍

പരിശുദ്ധ സിംഹാസനവും ചൈനയും ഇപ്പോഴും സംഭാഷണത്തിന്റെ പാതയിലാണെന്ന് വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പിയാത്രൊ പരോളിന്‍. വേനല്‍ക്കാല വിശ്രമത്തിനായി ഇറ്റലിയുടെ വടക്കുഭാഗത്തുള്ള ത്രെന്തീനൊ പ്രദേശത്ത് എത്തിയിരിക്കുന്ന അദ്ദേഹം ആ പ്രദേശത്തെ ഓണ്‍ലൈന്‍ മാധ്യമമായ, ‘വടക്കുകിഴക്കിന്റെ ശബ്ദം’ എന്ന് അര്‍ത്ഥം വരുന്ന ‘വോച്ചെ ദെല്‍ നോര്‍ദേസ്തിന്’ അനുവദിച്ച അഭിമുഖത്തിലാണ് ഇതേക്കുറിച്ച് പരാമര്‍ശിച്ചത്.

2018 -ല്‍ പരിശുദ്ധ സിംഹാസനവും ചൈനയും തമ്മില്‍ ഒപ്പുവച്ചതും 2020 -ല്‍ രണ്ടു വര്‍ഷത്തേക്കു കൂടി പുതുക്കിയതുമായ ചരിത്രപരമായ ഉടമ്പടിയെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് കര്‍ദ്ദിനാള്‍ പരോളിന്‍, കോവിഡ്-19 മഹാമാരി കാലഘട്ടം ഈ ഉടമ്പടിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലുള്ള സുഗമമായ മുന്നേറ്റം ആയാസകരമാക്കിയെന്നും അനുസ്മരിച്ചു.

ചൈനയിലെ കത്തോലിക്കാ സഭയുടെ ജീവിതത്തെയും മറ്റു കാര്യങ്ങളെയും കുറിച്ചുള്ള ചര്‍ച്ചകളും അതുപോലെ തന്നെ കൂടിക്കാഴ്ചകളും എത്രയും വേഗം പുനരാരംഭിക്കാന്‍ കഴിയുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു. ഏഷ്യയിലെ ഈ മഹാരാജ്യത്തെ കത്തോലിക്കര്‍ ഏകുന്ന വിശ്വാസസാക്ഷ്യത്തെക്കുറിച്ച് അഭിമാനം കൊണ്ട കര്‍ദ്ദിനാള്‍ പരോളിന്‍, അവര്‍ എന്നും നല്ല പൗരന്മാരും നല്ല കത്തോലിക്കാ വിശ്വാസികളുമായി തുടരട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.