കരുതുന്ന തിരുഹൃദയം

റോസിന പീറ്റി

കൂടെനിൽക്കുന്നവന്റെ കുറവുകളെ ഉൾകൊള്ളാൻ നമ്മളിൽ എത്രപേർക്കാവും?തരം കിട്ടുമ്പോഴെല്ലാം പഴിചാരാനും, അവരുടെ അസാന്നിദ്ധ്യത്തിൽ മറ്റുള്ളവരോട് ചേർന്ന്, ആ കുറവുകളെ കുത്തിപ്പൊക്കാനുമുള്ള നമ്മുടെ കഴിവ്, തന്ത്രപരമായി എപ്പോഴും നമ്മൾ ഉപയോഗിച്ചിരിക്കും. ക്രിസ്തുവിലേക്കു നോക്കുക. ഇടറി പോയവരെയും കുറവുകൾ ഉള്ളവരെയും പിടക്കോഴി കുഞ്ഞുങ്ങളെ ചേർത്തുപിടിക്കുന്നത് പോലെ ചേർത്തു പിടക്കാൻ ക്രിസ്തുവിന്റെ കരുതൽ കര കവിഞ്ഞൊഴുകുകയാണ്. പിതാവിന്റെ ഭവനത്തിൽ താൻ അനുഭവിക്കുന്ന അതെ സ്വീകാര്യത എനിക്കും ലഭിക്കുവാൻ ക്രിസ്തു അനുഭവിച്ച വേദനകൾ, ഒറ്റപെടലുകൾ, തിരസ്കരണങ്ങൾ എല്ലാം എന്നോടുള്ള കരുതൽ അല്ലാതെ മറ്റെന്താണ്?

കലത്തിലെ മാവും, ഭരണിയിലെ എണ്ണയും വറ്റാതെ നിറച്ചു തരുന്ന ദൈവം കൈകുഞ്ഞിനെപോലെ എന്നെ പോറ്റുന്നത് അവന്റെ കലർപ്പില്ലാത്ത കരുതൽ അല്ലേ? ഇത്രയധികമായി കരുതുന്ന ക്രിസ്തുവിൽ, നമ്മുടെ കണ്ണുകൾ ഒന്ന് തറച്ചുപോയാൽ പിന്നെ മറ്റൊന്നും നമ്മെ ഭാരപ്പെടുത്തുകയില്ല. കനലിൽ പൊള്ളിച്ച മീൻ വിളമ്പിയും, രാപകൽ കാത്തിരിക്കുന്ന സക്രാരിയിലെ വിസ്മയമായും മനുഷ്യരുടെ ഇടയിൽ ഇടംപിടിക്കാൻ തന്നെയാണ് അവൻ എന്നും കൊതിച്ചിരുന്നത്. “കരുതുന്നവൻ ഞാനല്ലയോ കരയുവതെന്തിനു നീ, കണ്ണുനീരിന്റെ താഴ്‌വരയിൽ കൈവിടുകയില്ല ഞാൻ നിന്നെ.” അതെ, കരുതുന്നവന്റെ പേരാണ് ക്രിസ്തു. ഇത്രയധികമായി കരുതുന്ന തിരുഹൃദയത്തിൽ നമ്മെ വിട്ടുകൊടുത്തു ആനന്ദിക്കാൻ പഠിക്കാം.

റോസീന പീറ്റി 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.