സഭാഭരണ കാര്യങ്ങളുടെ നവീകരണം: കര്‍ദ്ദിനാള്‍ സംഘം സംഗമിച്ചു

ഫെബ്രുവരി 17 മുതല്‍ 19 വരെ തീയതികളില്‍ ഫ്രാന്‍സിസ് പാപ്പായുടെ അദ്ധ്യക്ഷതയില്‍ കര്‍ദ്ദിനാള്‍ സംഘം പേപ്പല്‍ വസതിയായ സാന്താ മാര്‍ത്തയില്‍ സംഗമിച്ചു. സഭാ നവീകരണ പദ്ധതിയില്‍ പാപ്പായുടെ ഉപദേശകരായ 9 അംഗ കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ സമ്മേളനത്തിന്‍റെ 33-ാο സമ്മേളനമാണ് കഴിഞ്ഞത്.

ഇന്ത്യയില്‍ നിന്നും ദേശീയ മെത്രാന്‍സമിതിയുടെ അദ്ധ്യക്ഷനും മുംബൈ അതിരൂപതയുടെ മെത്രാപ്പോലീത്തയുമായ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിനെ കൂടാതെ, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍, ഹോണ്ടൂരാസിലെ സലീഷ്യന്‍ കര്‍ദ്ദിനാള്‍ ഓസ്കര്‍ മരദിയാഗാ, മ്യൂനിക്-ഫ്രെയ്സിങ് അതിരൂപതാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ റെയ്നാര്‍ഡ് മാര്‍ക്സ്, ബോസ്റ്റണ്‍ അതിരൂപതാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഷോണ്‍ ഓ-മാലി, വത്തിക്കാന്‍ സംസ്ഥാനത്തിന്‍റെ കാര്യസ്ഥന്‍ കര്‍ദ്ദിനാള്‍ ജുസേപ്പേ ബര്‍ത്തോലോ, കൗണ്‍സിലിന്‍റെ സെക്രട്ടറി, ഇറ്റലിയിലെ അല്‍ബാനോ രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് മര്‍ചേലോ സെമറാരോ, ഉപകാര്യദര്‍ശി ബിഷപ്പ് മാര്‍ക്കൊ മെലീനോ എന്നിവര്‍ പാപ്പായുടെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തിൽ പങ്കെടുത്തു.

1988-ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ പ്രബോധിപ്പിച്ചിട്ടുള്ള കത്തോലിക്ക സഭയുടെ ഭരണകാര്യങ്ങള്‍ സംബന്ധിച്ച അപ്പോസ്തോലിക പ്രബോധനം, പാസ്തോര്‍ ബോനൂസ്, (Pastor Bonus) ‘നല്ല ഇടയന്‍റെ’ നവീകരണം സംബന്ധിച്ചായിരുന്നു ഇത്തവണ കര്‍ദ്ദിനാളന്മാരുടെ കൗണ്‍സില്‍ പാപ്പായ്ക്കൊപ്പം സമ്മേളിച്ചത്. റോമന്‍ കൂരിയയുടെ വിവിധ വകുപ്പുകള്‍ സൂക്ഷ്മമായി പഠിച്ച ശേഷമുള്ള അപ്പസ്തോലിക പ്രബോധനത്തിന്‍റെ നവീകരണം കരടുരൂപമാണ് ഇപ്പോള്‍ കര്‍ദ്ദിനാളന്മാരുടെ കൗണ്‍സില്‍ പാപ്പായ്ക്കൊപ്പം പരിശോധിക്കുന്നതെന്ന് വത്തിക്കാന്‍റെ പ്രസ്സ് ഓഫീസ് മേധാവി മത്തയോ ബ്രൂണി പ്രസ്താവനയിലൂടെ അറിയിച്ചു.

സഭയുടെ ഭരണകാര്യങ്ങളെ സംബന്ധിച്ച നവീകരണം ഉള്‍ക്കൊള്ളുന്ന പ്രബോധനങ്ങളുടെ പഠനം കര്‍ദ്ദിനാളന്മാരുടെ കൗണ്‍സില്‍ ഇനിയും ഏപ്രില്‍ മാസത്തില്‍ തുടരുമെന്ന് വത്തിക്കാന്‍റെ പ്രസ്താവന വ്യക്തമാക്കി.