പോളണ്ടിലെ കര്‍ദ്ദിനാള്‍ സ്റ്റെഫാന്‍ വിസിന്‍സ്‌കിയേയും മദര്‍ എല്‍സ്ബിയറ്റാ റോസാ ക്‌സാക്കായേയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു

പോളണ്ടിലെ കര്‍ദ്ദിനാള്‍ സ്റ്റെഫാന്‍ വിസിന്‍സ്‌കിയേയും മദര്‍ എല്‍സ്ബിയറ്റാ റോസാ ക്‌സാക്കായേയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. പരിശുദ്ധ കന്യകാമാതാവിന്റെ തിരുനാമത്തിന്റെ തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ 12 ഞായറാഴ്ച, പോളണ്ടിന്റെ തലസ്ഥാനമായ വാര്‍സോയിലെ ടെംപിള്‍ ഓഫ് ഡിവൈന്‍ പ്രോവിഡന്‍സ് ദേവാലയത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനക്കിടെ വത്തിക്കാന്‍ നാമകരണ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍ മാര്‍സെല്ലോ സെമാരോയാണ് പ്രഖ്യാപനം നടത്തിയത്. ഈ പുണ്യാത്മാക്കള്‍ ഇരുവരും സുവിശേഷത്തോട് വിശ്വസ്തത പുലര്‍ത്തിയ ജീവിതസാക്ഷ്യമാണ് നല്‍കിയതെന്ന് വിശുദ്ധ കുര്‍ബാന മദ്ധ്യേ നടത്തിയ പ്രസംഗത്തില്‍ കര്‍ദ്ദിനാള്‍ സെമാരോ പറഞ്ഞു.

കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപത്യത്തിനെതിരെയുള്ള പോളിഷ് സഭയുടെ ചെറുത്തുനില്‍പ്പുകള്‍ക്ക് നേതൃത്വം നല്‍കിയ ധീരനായ പിതാവായിരുന്നു വാഴ്ത്തപ്പെട്ട വിസിന്‍സ്‌കി. കാഴ്ചശക്തിയില്ലാത്തവരുടെ പരിചരണത്തില്‍ വിപ്ലവം സൃഷ്ടിച്ച അന്ധയായ മദര്‍ ക്‌സാക്കാ, നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃകയായിരുന്നു. പോളണ്ടിലെ കമ്മ്യൂണിസ്റ്റ് കിരാതഭരണത്തിനിടയിലും ക്രിസ്തീയവിശ്വാസത്തിന് സംരക്ഷണമേകാന്‍ അഹോരാത്രം പരിശ്രമിച്ച കര്‍ദ്ദിനാള്‍ സ്റ്റെഫാന്‍ വിസിന്‍സ്‌കിയോടുള്ള ആദരണാര്‍ത്ഥം 2021 കര്‍ദ്ദിനാള്‍ വിസിന്‍സ്‌കിയുടെ വര്‍ഷമായി പോളണ്ട് പാര്‍ലമെന്റ് പ്രഖ്യാപിച്ചിരുന്നു.

പോളിഷ് പ്രസിഡന്റ് ആന്‍ഡ്രസെജ് ഡൂഡ, പ്രധാനമന്ത്രി മാറ്റിയൂസ് മൊറാവീക്കി, മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അടക്കം നിരവധി പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇരുവരും വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തുവാന്‍ തിരുസഭ പഠനങ്ങള്‍ക്ക് ശേഷം അംഗീകരിച്ച അത്ഭുതത്തിന് കാരണമായ വ്യക്തികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.