നേരിട്ടുള്ള വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിലേയ്ക്ക് മടങ്ങേണ്ടത് അത്യാവശ്യമെന്ന് കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ

വിശുദ്ധ കുര്‍ബാനയിലേക്ക് മടങ്ങേണ്ടത് അത്യാവശ്യമാണെന്നും, സഭയുടെ കൂട്ടായ്മയിലൂടെയും വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിലൂടെയും അല്ലാതെ ക്രിസ്തീയ ജീവിതം നിലനില്‍ക്കുകയുമില്ലെന്നും വത്തിക്കാന്‍ ആരാധനാ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ. വേള്‍ഡ് എപ്പിസ്‌കോപ്പല്‍ കോണ്‍ഫറന്‍സ് നേതാക്കള്‍ക്കയച്ച കത്തിലൂടെയാണ് കര്‍ദ്ദിനാള്‍ ഇക്കാര്യം പറഞ്ഞത്.

”ആനന്ദത്തോടുകൂടി നമുക്ക് വിശുദ്ധ കുര്‍ബാനയിലേക്ക് മടങ്ങാം” എന്ന തലക്കെട്ടോട് കൂടി ഓഗസ്റ്റ് 15ന് കര്‍ദ്ദിനാള്‍ സാറ എഴുതിയ കത്ത് സെപ്റ്റംബര്‍ മൂന്നിന് ഫ്രാന്‍സിസ് പാപ്പയുടെ അംഗീകാരം ലഭിച്ച ശേഷമാണ് എപ്പിസ്‌കോപ്പല്‍ കോണ്‍ഫറന്‍സ് നേതാക്കളായ മെത്രാന്മാരുടെ കൈകളില്‍ എത്തിയത്.

പകര്‍ച്ചവ്യാധിയെ കണക്കിലെടുത്തുകൊണ്ട് സിവില്‍ അധികാരികളുമായി സഹകരിച്ച് വേണം നടപടിയെടുക്കാനെന്നും കര്‍ദ്ദിനാള്‍ പറയുന്നു. ആരാധനാപരമായ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് സിവില്‍ അധികാരികളല്ല, സഭാധികാരികളാണെങ്കിലും ആരോഗ്യപരമായ നിര്‍ദ്ദേശങ്ങള്‍ താല്‍ക്കാലികമായി ഉള്‍പ്പെടുത്തുവാനും അതനുസരിക്കുവാനും മെത്രാന്മാര്‍ക്കവകാശമുണ്ടെന്ന് കത്തില്‍ പറയുന്നു. ഓണ്‍ലൈനിലൂടെയും ടെലിവിഷനിലൂടെയും സംപ്രേഷണം ചെയ്ത വിശുദ്ധ കുര്‍ബാനകള്‍ വലിയൊരു സേവനമാണ് ചെയ്തതെന്നും, എന്നാല്‍ ഓണ്‍ലൈന്‍ ശുശ്രൂഷ നേരിട്ടുള്ള കുര്‍ബാന അര്‍പ്പണത്തിനു പകരമാകില്ലെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.