ദുർബ്ബലരോടു ചേർന്നു നിൽക്കുക: കർദ്ദിനാൾ പിയത്രോ പരോളിൻ

“ദുർബ്ബലരോടു ചേർന്നു നിൽക്കുക.” 70 -മത് ദേശീയ സെമിനാറിനായി റോമിൽ ഒരുമിച്ചു കൂടിയ ഇറ്റാലിയൻ കത്തോലിക്കാ നിയമവിദഗ്ദ്ധരുടെ സമ്മേളനത്തിനു നൽകിയ വീഡിയോ സന്ദേശത്തിലാണ് വത്തിക്കാന്റെ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയെത്രോ പരോളിൻ ഇങ്ങനെ ആവശ്യപ്പെട്ടത്. സമ്മേളനത്തിന്റെ ശ്രദ്ധാകേന്ദ്രം സമൂഹത്തിലുള്ള ദുർബ്ബലരുടെ നിയമപരമായ സംരക്ഷണമാണ്. ഡിസംബർ 9 മുതൽ 11 വരെയാണ് ഇറ്റലിയിലെ കത്തോലിക്കാ നിയമവിദഗ്ദ്ധരുടെ യൂണിയൻ (UGCI) അതിന്റെ 70 -മത് ദേശീയ സെമിനാർ സംഘടിപ്പിച്ചിട്ടുള്ളത്. ‘സമൂഹത്തിലെ ഏറ്റം ക്ഷീണിതർ. ദുർബ്ബലരുടെ നിയമപരമായ സംരക്ഷണം’ എന്നതാണ് സെമിനാറിന്റെ വിഷയം.

കത്തോലിക്കാ തത്വങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ഇറ്റലിയുടെ ഭരണഘടനയുടെ വെളിച്ചത്തിൽ മനുഷ്യവ്യക്തിയുടെ ദുർബ്ബലതയുടെ നിയമപരമായ പ്രസക്തിയെക്കുറിച്ച് പഠിക്കുകയാണ് ഈ സമ്മേളനത്തിന്റെ ലക്ഷ്യം. ഏറ്റം ദുർബ്ബലരായവരുടെ അടിസ്ഥാനാവകാശങ്ങൾ സംരക്ഷിക്കാനും ഉയർത്തിപ്പിടിക്കാനുമാവശ്യമായ നിയമനിർമ്മാണത്തെ പ്രോത്സാഹിപ്പിക്കുന്നതിലായിരിക്കും ചർച്ചകൾ ശ്രദ്ധ ചെലത്തുക.

സെമിനാർ അവതരിപ്പിച്ചു കൊണ്ട് നൽകിയ വീഡിയോ സന്ദേശത്തിൽ ഈ വിഷയം തിരഞ്ഞെടുത്തതിനെ സ്വാഗതം ചെയ്യുകയും പുതിയ മൗലീക മനുഷ്യാവകാശങ്ങൾ ഉയർന്നുവരുന്ന ഇന്നത്തെ സാഹചര്യത്തിൽ വിഷയത്തിനുള്ള പ്രസക്തിയും അദ്ദേഹം എടുത്തുപറഞ്ഞു.

മുഖ്യപ്രഭാഷണം നടത്തിയ കർദ്ദിനാൾ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ദേശീയ, അന്തർദ്ദേശീയ തലങ്ങളിൽ നിയമചട്ടങ്ങൾ പുനർരൂപീകരിക്കുന്നതിൽ കത്തോലിക്കാ നിയമവിദഗ്ദ്ധർ നടത്തിയ അടിസ്ഥാന സംഭാവനകളെ പ്രശംസിച്ചു. ഇത് യഹൂദ – ഗ്രീക്ക് – റോമൻ സംസ്കാരങ്ങളിൽ ഉണ്ടായിരുന്ന പുരാതനമായ പ്രകൃതിനിയമ സിദ്ധാന്തം ക്രൈസ്തവ ചിന്താധാരയാൽ സമ്പന്നമാക്കിയത് വീണ്ടും കണ്ടത്തിയതിനാലാണെന്ന് അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.