ജയില്‍ ജീവിതത്തില്‍ നിന്ന് വിശ്വാസം, ക്ഷമ, സഹനത്തിന്റെ മൂല്യം എന്നിവ ആഴത്തില്‍ അറിഞ്ഞു: കര്‍ദ്ദിനാള്‍ ജോര്‍ജ് പെല്‍

ഓസ്‌ട്രേലിയന്‍ കര്‍ദ്ദിനാള്‍ ആയിരിക്കെ ലൈംഗികാരോപണം ഉന്നയിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞ നാളുകളില്‍ ദൈവവിശ്വാസമാണ് തന്നെ കാത്തുരക്ഷിച്ചതെന്നും അവിടെ വച്ച് തന്റെ ശത്രുക്കളോട് ക്ഷമിക്കാന്‍ കഴിഞ്ഞുവെന്നും കര്‍ദ്ദിനാള്‍ ജോര്‍ജ് പെല്‍. എണ്‍പതാം ജന്മദിനത്തോട് അനുബന്ധിച്ച് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

“ജയിലിലായിരുന്നപ്പോഴും പ്രാര്‍ത്ഥനയിലും വിശ്വാസത്തിലും നിലനില്‍ക്കാന്‍ എനിക്ക് സാധിച്ചു. സഭയുടെ പ്രബോധനങ്ങള്‍ ഒരാളെ ദുഷ്‌കരമായ ജീവിതസാഹചര്യങ്ങളില്‍ എത്രത്തോളം സഹായിക്കും എന്നതിന് തെളിവാണ് എന്റെ ജയില്‍ ജീവിതം” – കര്‍ദ്ദിനാള്‍ പെല്‍ പറഞ്ഞു.

ശത്രുക്കളോട് ക്ഷമിക്കുക എന്നത് ചില നേരങ്ങളില്‍ വളരെ ദുഷ്‌ക്കരമായിരുന്നുവെന്നും പക്ഷേ ക്ഷമിക്കും എന്ന് ഉറച്ച തീരുമാനം എടുത്തതോടെ അതിന് സാധിച്ചുവെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ളവരുടെ കത്തുകള്‍ ആശ്വാസമായെന്നും വിശ്വാസം, ക്ഷമ, സഹനത്തിന്റെ മൂല്യം എന്നിവ ജയില്‍ ജീവിതത്തില്‍ നിന്ന് ആഴത്തില്‍ മനസിലാക്കിയെന്നും കര്‍ദ്ദിനാള്‍ കൂട്ടിച്ചേര്‍ത്തു. 2020 ഏപ്രിലിലാണ് സുപ്രീം കോടതി കര്‍ദ്ദിനാള്‍ പെല്ലിനെ കുറ്റവിമുക്തനാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.