
യാതനകള്‍ക്ക് അറുതിവരുത്തി സമാധാനവും അന്തസ്സുമുള്ള ജീവിതം പുനര്‍സ്ഥാപിക്കാന്‍ വിഭാഗീയതകള്‍ മറന്ന് ഒന്നിക്കണമെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന് ആഹ്വാനം ചെയ്തു. ലബനോന്‍ വേണ്ടിയുള്ള പ്രാർത്ഥനാ ദിനമായ ഇന്നലെ പാപ്പായുടെ പ്രതിനിധിയായി ബെയ്റൂട്ടില്‍ എത്തിയതായിരുന്നു അദ്ദേഹം.
രാജ്യത്തെ വഞ്ചിക്കുന്ന പരസ്പര വിശ്വാസമില്ലായ്മയും നശീകരണപ്രവൃത്തികളും ഇല്ലാതാക്കി സമാധാനത്തിലും അന്തസ്സോടെയും ജീവിക്കാന്‍ ലബനീസ് ജനത പ്രത്യാശ കൈവെടിയാതെ പരിശ്രമിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പായുടെ പേരില്‍ ലബനോനിലെ വിവിധ മതനേതാക്കളോടും രാഷ്ട്രത്തോടുമായി കര്‍ദ്ദിനാള്‍ പരോളിന് അഭ്യര്‍ത്ഥിച്ചു.
മതങ്ങള്‍ ദൈവത്തില്‍ പ്രത്യാശയർപ്പിക്കുന്നതിനാൽ സഹോദരങ്ങളെ പരിചരിക്കുവാനും ഒത്തുചേര്ക്കുവാനുമുള്ള കൂട്ടായ്മയുടേയും സാഹോദര്യത്തിന്റേയും ഉപകരണങ്ങളാണെന്നു കര്‍ദ്ദിനാള്‍ പ്രസ്താവിച്ചു. യുവതലമുറയുടെ പങ്കാളിത്തത്തോടെ നീതിനിഷ്ഠമായ രാഷ്ട്രത്തിനായി ഐക്യദാര്‍ഢ്യത്തോടും നാടിന്റെ സവിശേഷവും പാരമ്പരാഗതവുമായ ക്ഷമയുടെയും കൂട്ടായ്മയുടെയും സ്വാതന്ത്ര്യത്തിന്റെയും വഴികളില്‍ മുന്നേറണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.