നീതിയുടെയും ഉപവിയുടേയും ഫലമാണ് സമാധാനമെന്ന് കൊറിയന്‍ ചര്‍ച്ചാവേദിയില്‍ കര്‍ദ്ദിനാള്‍ പിയത്രോ പരോളിന്‍

മറ്റുള്ളവരുടെ അവകാശങ്ങള്‍ അവര്‍ക്ക് നല്‍കണമെന്ന് നീതി ആവശ്യപ്പെടുമ്പോള്‍ ഉപവി അപരന്റെ ആവശ്യങ്ങള്‍ നമ്മുടെ സ്വന്തമാണെന്ന മനോഭാവം നമ്മില്‍ രൂപപ്പെടുത്തുന്നു എന്നും ഇത് ഫലപ്രദമായ സഹകരണവും സൗഹൃദവും പരിപോഷിപ്പിക്കുന്നുവെന്നും അതിനാല്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിലോ, സ്‌നേഹത്തിലോ നീതി അതിന്റെ സാഫല്യം കണ്ടെത്തുമ്പോള്‍ ലോകത്തില്‍ യഥാര്‍ത്ഥ സമാധാനം സ്ഥാപിക്കാനാകുമെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയത്രോ പരോളിന്‍ പറഞ്ഞു. സമാധാനത്തിനുള്ള ആഗോള കൊറിയന്‍ ചര്‍ച്ചാവേദിക്ക് (Korea Global Forunm for Peace, KGFP) അയച്ച വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.

ദക്ഷിണ കൊറിയയുടെ ഏകീകരണ മന്ത്രാലയം എല്ലാ വര്‍ഷവും ആതിഥേയത്വം വഹിക്കുന്ന വാര്‍ഷിക പരിപാടിയായിരുന്നു ഇത്. വിദഗ്ധരും ഗവേഷകരും ഉള്‍പ്പെടെ ഇരുപതിലധികം രാജ്യങ്ങളില്‍ നിന്നുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പ്രസ്തുത സമ്മേളനത്തില്‍ പങ്കെടുത്തു. ആഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ രണ്ടു വരെ തുടരുന്ന ചര്‍ച്ചാവേദിയുടെ ഈ വര്‍ഷത്തെ വിഷയം ‘കൊറിയകള്‍ തമ്മിലുള്ള ബന്ധങ്ങള്‍ക്കും സമൂഹത്തിനും ഒരു നവവീക്ഷണം: സമാധാനത്തിനും, സമ്പദ് വ്യവസ്ഥയ്ക്കും, ജീവിതത്തിനും’ എന്നതാണ്. കൊറോണാ മഹാമാരി കാരണം സമ്മേളനം ഓണ്‍ലൈനിലാണ് നടത്തപ്പെടുന്നത്.

കൊറിയന്‍ ഉപദ്വീപില്‍ സമാധാനം സ്ഥാപിക്കുന്നതില്‍ സഭകളുടെ പങ്കിനെക്കുറിച്ച് ഊന്നിപ്പറഞ്ഞ കര്‍ദ്ദിനാള്‍ അവിടെ സമാധാനവും അനുരഞ്ജനവും സംജാതമാകാന്‍ സഹായിക്കുന്ന തത്വങ്ങളും മൂല്യങ്ങളും ആദര്‍ശങ്ങളും സഭാപാരമ്പര്യത്തില്‍ നിന്നും സുവിശേഷത്തില്‍ നിന്നും ലഭ്യമാണെന്ന് അറിയിച്ചു.

ലോകത്തില്‍ യഥാര്‍ത്ഥ സമാധാനം സ്ഥാപിക്കണമെങ്കില്‍ നീതി അതിന്റെ ധര്‍മ്മത്തെ ഉപവിയില്‍, അതായത് സ്‌നേഹത്തില്‍ കണ്ടെത്തണമെന്ന ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പയുടെ വാക്കുകളെയും തന്റെ സന്ദേശത്തില്‍ കര്‍ദ്ദിനാള്‍ ഉള്‍പ്പെടുത്തി. അതുകൊണ്ടാണ് വ്യക്തികളുടെയും ജനങ്ങളുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ക്ഷമ ആവശ്യമാണെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചതെന്നു പറഞ്ഞ കര്‍ദ്ദിനാള്‍ പിയത്രോ പരോളിന്‍, ‘സ്‌നേഹത്തിന്റെ സംസ്‌കാരം’ സ്വീകരിക്കുന്ന ഒരു മാനവികതയ്ക്കു മാത്രമേ ആധികാരീകവും ശാശ്വതവുമായ സമാധാനം ആസ്വദിക്കാന്‍ കഴിയൂ എന്നും പറഞ്ഞു.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.