കാമറൂണിൽ സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും സന്ദേശം പകർന്ന് കർദ്ദിനാൾ പരോളിൻ

അക്രമാസക്തമായ സംഘർഷങ്ങൾക്കിടയിൽ യുദ്ധത്തിന്റെ പ്രതിസന്ധി പരിഹരിക്കാൻ പാടുപെടുന്ന കാമറൂണിൽ സമാധാനവും അനുരഞ്ജനവും കണ്ടെത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ. കാമറൂൺ സന്ദർശന വേളയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

“കോവിഡ് -19 പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ കാമറൂണിൽ സമാധാനവും അനുരഞ്ജനവുമാണ് ഞങ്ങൾ അന്വേഷിക്കുന്നത്. പ്രത്യേകിച്ചും മറ്റ് നിരവധി പ്രതിസന്ധികൾ നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ” -കർദ്ദിനാൾ പിയട്രോ പരോളിൻ കഴിഞ്ഞ ആഴ്ച്ച പ്രാദേശിക മാധ്യമപ്രവർത്തകരോട് പറഞ്ഞു. കാമറൂണിന്റെ തെക്കുപടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ സായുധ വിഘടനവാദ പ്രസ്ഥാനമുണ്ട്. കാമറൂണിലുള്ള 6,79,000 -ത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിലേക്ക് നയിച്ചു. രണ്ട് പ്രദേശങ്ങളിലായി 6,00,000 -ത്തിലധികം കുട്ടികൾക്ക് സ്കൂളിൽ പോകാൻ കഴിഞ്ഞിട്ടില്ല. നാലുവർഷമായി നടന്ന ഏറ്റുമുട്ടലിൽ കുറഞ്ഞത് 3,000 -പേർക്ക് ജീവൻ നഷ്ടപ്പെട്ടു.

ജനുവരി 29 -ന് കാമറൂണിന്റെ യൂണിറ്റി പാലസിൽ നടന്ന പത്രസമ്മേളനത്തിൽ, രണ്ട് പ്രദേശങ്ങളിലെ നീണ്ടുനിൽക്കുന്ന സംഘട്ടനം അവസാനിപ്പിക്കണമെന്ന പരിശുദ്ധ സിംഹാസനത്തിന്റെ  ആഗ്രഹം കർദ്ദിനാൾ വ്യക്തമാക്കി. എല്ലായിടത്തും സുസ്ഥിരമായ വികസനം കൈവരിക്കാനുമുള്ള ഒരേയൊരു മാർഗം സമാധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാമറൂൺ പ്രസിഡന്റ് പോൾ ബിയയുമായി ജനുവരി 29 -ന് അദ്ദേഹം കൂടിക്കാഴ്ച നടത്തി. പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയിൽ കാമറൂൺ ഇപ്പോൾ അഭിമുഖീകരിക്കുന്ന എല്ലാ പ്രതിസന്ധികളെയും, പ്രത്യേകിച്ച് വടക്കുപടിഞ്ഞാറൻ, തെക്കുപടിഞ്ഞാറൻ മേഖലകളിലെ സംഘർഷത്തെയും കുറിച്ച് സംസാരിച്ചുവെന്ന് കർദ്ദിനാൾ വെളിപ്പെടുത്തി. “ഈ ദുഷ്‌കരമായ നിമിഷങ്ങളിൽ കാമറൂൺ ജനതയോട് ഉള്ള  ഫ്രാൻസിസ് മാർപാപ്പായുടെ ശ്രദ്ധയും ഐക്യദാർഢ്യവും പ്രകടമാക്കാനാണ് ഞാൻ ഇവിടെ വന്നിരിക്കുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.