ഫ്രാന്‍സിസ് പാപ്പായുടെ അധ്യക്ഷതയില്‍ കര്‍ദ്ദിനാള്‍ സംഘം യോഗം ചേര്‍ന്നു

റോമന്‍ കൂരിയ നവീകരണത്തില്‍ ഫ്രാന്‍സിസ് പാപ്പയെ സഹായിക്കുന്നതിന് രൂപീകൃതമായ ഒന്‍പതംഗ കര്‍ദ്ദിനാളുമാര്‍ പാപ്പായുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. സാന്താ മാര്‍ത്തയില്‍ ഫെബ്രുവരി 17 മുതല്‍ 19 വരെ തീയതികളില്‍ നടന്ന യോഗത്തെ സംബന്ധിച്ചുള്ള വിവരം വത്തിക്കാനാണ് പുറത്തുവിട്ടത്.

റോമന്‍ കൂരിയയുടെ വിവിധ വകുപ്പുകള്‍ സൂക്ഷ്മമായി പഠിച്ചശേഷമുള്ള അപ്പസ്‌തോലിക പ്രബോധനത്തിന്റെ നവീകരണം സംബന്ധിച്ചുള്ള കരടുരൂപമാണ് ഇപ്പോള്‍ കര്‍ദ്ദിനാളന്മാരുടെ കൗണ്‍സില്‍ പാപ്പയ്‌ക്കൊപ്പം പരിശോധിക്കുന്നതെന്ന് വത്തിക്കാന്റെ പ്രസ്സ് ഓഫിസ് മേധാവി മാറ്റിയോ ബ്രൂണി പ്രസ്താവനയിലൂടെ അറിയിച്ചു.

സഭയുടെ ഭരണകാര്യങ്ങളെ സംബന്ധിച്ച നവീകരണം ഉള്‍ക്കൊള്ളുന്ന വിഷയങ്ങളുടെ പഠനം കര്‍ദ്ദിനാളന്മാരുടെ കൗണ്‍സില്‍ ഏപ്രില്‍ മാസത്തില്‍ തുടരുമെന്നും വത്തിക്കാന്‍ വ്യക്തമാക്കി. സഭാ നവീകരണപദ്ധതിയില്‍ പാപ്പയുടെ ഉപദേശകരായ 9 അംഗ കര്‍ദ്ദിനാള്‍ സംഘത്തിന്റെ സമ്മേളനത്തിന്റെ 33-ാമത് യോഗമായിരുന്നു ഇത്.