അധ്യാപകര്‍ വേതനത്തിനായി സെക്രട്ടേറിയറ്റു പടിക്കല്‍ യാചിക്കേണ്ട അവസ്ഥ: മാര്‍ ക്ലിമീസ് കാതോലിക്കാബാവ

വര്‍ഷങ്ങളായി ചെയ്ത ജോലിക്കുള്ള വേതനത്തിനായി അധ്യാപക സമൂഹം സെക്രട്ടേറിയറ്റ് പടിക്കല്‍ യാചിക്കേണ്ട അവസ്ഥയാണ് ഉള്ളതെന്നു മലങ്കര സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്കാബാവ. കെഇആര്‍ ഭേതഗതിക്കെതിരെയുള്ള അധ്യാപകരുടെ സെക്രട്ടേറിയറ്റ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അധ്യാപകര്‍ക്ക് ലഭിക്കേണ്ട ന്യായമായ ശമ്പളം വര്‍ഷങ്ങളായി ലഭിക്കാത്ത നാടാണ് കേരളം എന്നത് ലജ്ജാകരമാണ്. ജോലി ചെയ്തിട്ടും ശമ്പളം ലഭിക്കുന്നില്ല. വര്‍ഷങ്ങളായി ജോലി ചെയ്തിട്ടും നിയമാനുസൃതമായ രേഖ പോലും ലഭിക്കുന്നില്ല. എല്ലാവരുടെയും നിയമനത്തിന് എത്രയും വേഗം നടപടികള്‍ സ്വീകരിക്കണം. ക്ലിമീസ് കാതോലിക്കാബാവ ആവശ്യപ്പെട്ടു.

ഏറെ ബഹുമാനിക്കപ്പെടുന്ന അധ്യാപക സമൂഹം വേദനത്തിനായി തെരുവിലേയ്ക്ക് വലിച്ചിഴയ്ക്കപ്പെട്ടു. ചെയ്ത ജോലിയുടെ വേതനം നല്‍കാത്തത് മനുഷ്യാവകാശ ലംഘനം ആണെന്ന് കെസിബിസി പ്രസിഡന്റ് ഡോ. എം. സൂസപാക്യം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.