കരുണയുടെ ദശപുഷ്പങ്ങൾ

“നിങ്ങൾ ഇനി എന്നെ കാണാൻ വരുമ്പോൾ, വിലപിടിപ്പുള്ള ആഡംബര വസ്തുക്കൾ സമ്മാനമായി കൊണ്ടുവരരുത്! കഴിയുമെങ്കിൽ, ആ പണം കൊണ്ട്, ഒന്നു തലചായ്ക്കാൻ ഒരു കൂര പോലുമില്ലാത്ത പാവപ്പെട്ട ഒരു കുടുംബത്തിന് ഒരു കൈത്താങ്ങു കൊടുക്കാൻ എന്നെ സഹായിക്കുക.
എന്റെ പേരെഴുതി വച്ച, മധുരം പൊതിഞ്ഞ, അലങ്കാര കേക്കുകളോ മിഠായികളോ എനിക്കാവശ്യമില്ല; മനസ്സുണ്ടെങ്കിൽ, തെരുവിലലയുന്ന, കൊടും പട്ടിണിയിൽ കഴിയുന്ന, ആർക്കും വേണ്ടാത്ത എന്റെ കുറെ സഹോദരങ്ങൾക്ക് കൊടുക്കാൻ ഒരു നേരത്തെ അന്നം തരിക.
ഒരു വേദിയിൽ നിങ്ങളെന്നെ സ്വാഗതം ചെയ്യുമ്പോൾ, വർണ്ണനിറമുള്ള പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ പൂച്ചെണ്ടുകൾ എനിക്കാവശ്യമില്ല. പകരം, സാധിക്കുമെങ്കിൽ എന്റെ പാവപ്പെട്ട മക്കളിൽ ഒരാളുടെയെങ്കിലും നഗ്നത മറയ്ക്കാൻ എനിക്കൊരു വസ്ത്രം തരിക.”

ഈ വാക്കുകൾ തിരുവനന്തപുരത്തിന്റെ ആത്മീയാചാര്യൻ കർദ്ദിനാൾ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവയുടേതാണ്; ഇപ്പോൾ പറഞ്ഞതല്ല, പത്തു വർഷങ്ങൾക്കു മുമ്പ് തിരുവനന്തപുരത്ത് അദ്ദേഹം കാതോലിക്കാ ബാവയായി സ്ഥാനമേറ്റെടുത്ത ആദ്യ നാളുകളിൽത്തന്നെ വ്യക്തമാക്കിയ ഒരു നിലപാടാണത്! പത്തു വർഷങ്ങൾക്കു മുമ്പ് ഒരു ജനുവരി മാസം ഒന്നാം തീയതി, തന്റെ നാമഹേതുകനായ വിശുദ്ധ ബസേലിയോസിന്റെ തിരുനാൾ ദിവസം, തനിക്ക് ആശംസകൾ നേരാനെത്തിയവരോട് അദ്ദേഹം പറഞ്ഞ വിപ്ളവാത്മകമായ നിലപാടും ഉറച്ച തീരുമാനവുമായിരുന്നു അത്. ഹൃദയത്തിൽ തൊട്ട് അദ്ദേഹം പറഞ്ഞ വാക്കുകൾ സഭയും സമൂഹവും ഏറെ സന്തോഷത്തോടെ ഉള്ളിൽ എറ്റെടുത്തു.

പിന്നീടെന്തു സംഭവിച്ചു എന്നത് നമ്മെ ഏറെ പ്രചോദിപ്പിക്കുന്ന ഒരു ചരിത്രമാണ്.
അന്നു മുതൽ പിന്നീട് അധികമാരും വ്യക്തിപരമായ സമ്മാനങ്ങളുമായി അദ്ദേഹത്തിന് ആശംസ നേരാൻ ആ അരമനപ്പടിക്കലെത്തിയിട്ടില്ല. മറിച്ച്, ചെന്നവരെല്ലാം, തങ്ങൾക്കു ദൈവം തന്ന സമ്പത്തിന്റെ ഒരംശം, ‘നിർദ്ധന വിധവയുടെ ചെമ്പുതുട്ടുകൾ’ പോലെ അദ്ദേഹത്തിന്റെ കരങ്ങളിലേൽപ്പിച്ചു. പിന്നെ, ‘ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ടവൻ എന്ന നിലയിൽ ഏറ്റവും അർഹിക്കുന്നവർക്ക് അങ്ങിതു നൽകുക’ എന്ന് ഹൃദയത്തിൽ മന്ത്രിച്ച്, കർദ്ദിനാളിന്റെ ആതിഥ്യവും ആശീർവാദവും ഏറ്റുവാങ്ങി അവർ സന്തോഷത്തോടെ മടങ്ങി. അക്കൂട്ടത്തിൽ പാവപ്പെട്ടവരും പണക്കാരുമുണ്ടായിരുന്നു. സമൂഹത്തിന്റെ നാനാതുറകളിൽ പ്രവർത്തിക്കുന്ന, നാനാ ജാതി മതസ്ഥരായ ആളുകളുണ്ടായിരുന്നു.

ഹിന്ദുമത വിശ്വാസിയായ പാവപ്പെട്ട ഒരമ്മ അദ്ദേഹത്തിന്റെ പദ്ധതികളെ സഹായിക്കാനായി, ‘എനിക്കിതേ ഉള്ളൂ, തിരുമേനി സീകരിക്കണം’ എന്നൊരു കുറിപ്പെഴുതി, ആത്മാർത്ഥതയോടെ അയച്ചുകൊടുത്ത ഒരു ഇരുപതു രൂപയുടെ കാര്യം അദ്ദേഹം തന്നെ പല വേദികളിലും ഗദ്ഗദകണ്ഠനായി പറഞ്ഞു കേട്ടിട്ടുണ്ട്. അതൊരു പുതിയ തുടക്കമായിരുന്നു! മലങ്കര സഭാചരിത്രത്തിൽ, പരിശുദ്ധാത്മാവിന്റെ തൂലികയിൽ, സ്നേഹത്തിന്റെ ചായം ചാലിച്ച്, കരുണയുടെ ചരിത്രമെഴുതാൻ ദൈവം അദ്ദേഹത്തെ ഒരു ഉപകരണമാക്കിയതിന്റെ തുടക്കം!

2008 മുതൽ പിന്നീട് ഇന്നു വരെയുള്ള പത്തു വർഷങ്ങളിൽ അദ്ദേഹത്തിന്റെ നാമഹേതുകത്തിരുനാൾ വെറും ആഘോഷങ്ങളായിരുന്നില്ല, മറിച്ച് കരുണയുടെ പുഷ്പങ്ങൾ വിടർന്ന ഉത്സവങ്ങളായിരുന്നു. അദ്ദേഹത്തിലൂടെ ഒഴുകിയ ദൈവകരുണയുടെ പത്ത് അടയാളങ്ങൾക്ക് പൊതു സമൂഹം സാക്ഷിയായി.

1. ബേതലഹേം ബോയ്സ് ഹോം: കാട്ടാക്കടയിൽ, നിർദ്ധനരായ ആൺകുട്ടികൾക്ക് സൗജന്യമായി താമസിച്ച് പഠനം നടത്താനുള്ള ഭവനം (2008).

2. സ്നേഹവീട് അഗതിമന്ദിരം: തെരുവിൽ അലയുന്നതോ മാനസികമായി ദുർബലരോ ആയ പുരുഷൻമാരുടെ പുനരധിവാസത്തിനായി നാലാഞ്ചിറയിൽ സ്ഥാപിക്കപ്പെട്ട ഭവനം (2009).

3. ആശ്വാസഭവൻ: പത്തനംതിട്ട ജില്ലയിലെ ചീക്കനാൽ എന്ന സ്ഥലത്ത് ഭിന്നശേഷിക്കാരായ കുട്ടികൾക്കു വേണ്ടി സ്ഥാപിക്കപ്പെട്ട സൗജന്യ പരിശീലന പുനരധിവാസ കേന്ദ്രം (2010).

4. പിരപ്പൻകോട് സ്ഥാപിതമായ സെന്റ് ജോൺസ് കമ്മ്യൂണിറ്റി ഹോസ്പിറ്റലിന്റെ സമഗ്ര വികസനത്തിനുള്ള പദ്ധതി (2011).

5. ഡയാലിസിസ് യൂണിറ്റ്: വൃക്ക തകരാറിലായ പാവപ്പെട്ട രോഗികൾക്ക് സൗജന്യ നിരക്കിൽ ഡയാലിസിസ് നടത്താനായി പിരപ്പൻകോട് മലങ്കര മെഡിക്കൽ വില്ലേജിൽ ആരംഭിച്ച പദ്ധതി (2012).

6. പൊതു സമൂഹത്തിന് 50 ഭവനങ്ങൾ: ഇതര മതസ്ഥരും ഭവനരഹിതരുമായ അൻപതു കുടുംബങ്ങൾക്ക് ഭവനം നിർമ്മിക്കാനുള്ള സഹായ പദ്ധതി (2013).

7. സാന്തന്വം ആതുര ഭവനം: തിരുവനന്തപുരത്ത് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്ന പാവപ്പെട്ട രോഗികൾക്കും ശുശ്രൂഷകർക്കും സൗജന്യ താമസത്തിനും ഒരു നേരത്തെ സൗജന്യ ഭക്ഷണത്തിനും സൗകര്യമൊരുക്കാനായി പട്ടത്ത് ആരംഭിച്ച ഭവനം (2014).

8. കാൻസർ കെയർ സെന്റർ: ബനഡിക്ട് മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ ജന്മശതാബ്ദി സ്മാരകമായി, കാൻസർ ബാധിതർക്ക് മികച്ച ശുശ്രൂഷയും പരിചരണവും നൽകാനായി പിരപ്പൻകോട് സ്ഥാപിതമായ ഭവനം (2015).

9. സായൂജ്യം കെയർ ഹോം: വൃദ്ധരായ വൈദികർക്ക് തങ്ങളുടെ ജീവിത സായന്തനം സമാധാന പൂർണ്ണമായി ചെലവഴിക്കാൻ സ്ഥാപിക്കപ്പെട്ട ഭവനം (2016).

10. ആന്ധ്ര, ഒറീസ- ഗ്രാമവികസന പദ്ധതി: ആന്ധ്രായിലേയും ഒറീസായിലേയും രണ്ടു മിഷൻ ഗ്രാമങ്ങൾ തെരഞ്ഞെടുത്ത്, അവിടെയുള്ള മനുഷ്യരുടെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം വിഭാവനം ചെയ്യുന്ന പദ്ധതി (2017).

ഇടതു കൈ ചെയ്യുന്നത് വലതു കൈ അറിയരുതെന്ന പ്രമാണം മറന്നു പോയതു കൊണ്ടല്ല ഇതൊക്കെ ഇവിടെ കുറിച്ചിട്ടത്. മറിച്ച്, കരുണയുടെ ശ്രദ്ധിക്കപ്പെടേണ്ട, ശക്തമായ ഒരു സന്ദേശം ഇതിലുള്ളതു കൊണ്ടാണ്. ഒരു നല്ല തീരുമാനത്തിൽ നിന്ന് എന്തുമാത്രം നന്മയുണ്ടാകും എന്നതിന്റെ ശക്തമായ ഒരടയാളവും ഓർമ്മപ്പെടുത്തലുമാണിത്. കർദ്ദിനാളിന്റെ ഒരു നല്ല തീരുമാനത്തിന്റെ ഫലമെന്നവണ്ണം ഇന്ന് ജീവിതത്തിൽ സന്തോഷവും നന്മയുമനുഭവിക്കുന്ന അനേകായിരങ്ങൾ നമ്മുടെ ചുറ്റുവട്ടങ്ങളിലുണ്ട്.

2017 ജനുവരി രണ്ടാം തീയതി, തന്റെ വസതിയിൽ തിരുനാളാശംസകളറിയിക്കാൻ എത്തിച്ചേർന്നവർക്ക് കൃതജ്ഞത രേഖപ്പെടുത്തിയപ്പോൾ അദ്ദേഹം പറഞ്ഞു നിർത്തിയതിങ്ങനെയാണ്,  “ആയുസ്സിന്റെ ബലം എന്നു പറയുന്നത്, എത്ര പേരുടെ ജീവിതത്തിലേക്ക് അർത്ഥപൂർണ്ണമായി പ്രവേശിക്കാൻ നമുക്കു കഴിഞ്ഞു എന്നതിന്റെ അടിസ്ഥാനത്തിൽ നിർണ്ണയിക്കപ്പെടുന്ന ഒന്നാണ്.”

എത്ര ആഴമുള്ള ഒരു നിരീക്ഷണമാണത്! ഇനിയെങ്കിലും കുറെ മനുഷ്യരുടെ ജീവിതങ്ങളിലേക്ക് അർത്ഥപൂർണ്ണമായി പ്രവേശിക്കാൻ തക്കവണ്ണം ചില നല്ല തീരുമാനങ്ങളെടുക്കാൻ ഈ പുതുവർഷത്തിൽ നമുക്കു കഴിയുമോ?

ആദിമ സഭാപിതാവായ വിശുദ്ധ ബസേലിയോസിന്റെ വാക്കുകൾ ഇപ്പോൾ ഓർമ്മിക്കുന്നത് നല്ലതാണ്. “നിങ്ങൾ പാഴാക്കിക്കളയുന്ന ഭക്ഷണം വിശക്കുന്നവരുടേതാണ്. നിങ്ങൾ ഉപയോഗിക്കാത്ത വസ്ത്രം നഗ്നരുടേതാണ്. നിങ്ങൾ ധരിക്കാത്ത പാദരക്ഷകൾ നിഷ്പാദുകരുടേതാണ്. നിങ്ങൾ പൂട്ടി വച്ചിരിക്കുന്ന പണം ദരിദ്രരുടേതാണ്. നിങ്ങൾ ചെയ്യാതിരിക്കുന്ന നന്മ വലിയ അനീതിയാണ്.”

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പ്രിയപ്പെട്ട ഇടയ ശ്രേഷ്ഠന് പ്രാർത്ഥനാ ഭാവുകങ്ങൾ! നീർച്ചാലിനരികെ നട്ടതും യഥാകാലം ഫലം തരുന്നതും ഇലകൊഴിയാത്തതുമായ വൃക്ഷം പോലെ അനേകർക്കു തണലായി ഈ നന്മമരം എന്നും നിലനിൽക്കട്ടെ!

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.