കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, പൗരോഹിത്യ സുവർണ്ണ ജൂബിലി വർഷത്തിൽ

സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ പൗരോഹിത്യസ്വീകരണത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്കു ലളിതമായ തുടക്കം. ആലുവ പൊന്തിഫിക്കൽ സെമിനാരിയിൽ വൈദിക പരിശീലനം പൂർത്തിയാക്കി 1972 ഡിസംബർ 18 -നാണ് അന്നത്തെ ചങ്ങനാശ്ശേരി മെത്രാപ്പോലീത്തയായിരുന്ന അഭിവന്ദ്യ മാർ ആന്റണി പടിയറ പിതാവിൽനിന്നു തുരുത്തി സെന്റ് മേരീസ് പള്ളിയിൽവെച്ച് അഭിവന്ദ്യ പിതാവ് വൈദിക പട്ടം സ്വീകരിച്ചത്. പൗരോഹിത്യപരിശീലനം നേടിയ ആലുവ സെന്റ് ജോസഫ്സ് പൊന്തിഫിക്കൽ സെമിനാരിയിൽ ‍‍ഡിസംബർ 18 -ന് രാവിലെ വിശുദ്ധ കുർബാനയർപ്പിക്കുകയും സന്ദേശം നല്കുകയും ചെയ്തുകൊണ്ടാണ് വലിയ പിതാവിന്റെ സുവർണ്ണ ജൂബിലിയാഘോഷങ്ങൾ ആരംഭിച്ചത്.

തുടർന്നു അന്നേദിവസം മൗണ്ട് സെന്റ് തോമസിൽ നടന്ന ലളിതമായ ചടങ്ങിൽ കൂരിയാ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കലും കൂരിയായിൽ സേവനം ചെയ്യുന്ന വൈദികരും സമർപ്പിതരും അല്മായ ശുശ്രൂഷകരും ചേർന്ന് പൗരോഹിത്യ സുവർണ്ണ ജൂബിലി വർഷാരംഭത്തിന്റെ ആശംസകൾ നേർന്നു. ഡിസംബർ 19 -ന് ഞായറാഴ്ച രാവിലെ സഭയുടെ ആസ്ഥാനകാര്യാലയമായ മൗണ്ട് സെൻറ് തോമസിലെ ചാപ്പലിൽ മേജർ ആർച്ചുബിഷപ് വിശുദ്ധ കുർബാനയർപ്പിച്ചു. കൂരിയാ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കലും കൂരിയായിൽ സേവനം ചെയ്യുന്ന വൈദികരും വി. കുർബാനയിൽ സഹകാർമ്മികരായിരുന്നു. സഭാകാര്യാലയത്തിൽ ശുശ്രൂഷചെയ്യുന്ന സമർപ്പിതരും അല്മായ ശുശ്രൂഷകരും വിശുദ്ധ കുർബാനയിൽ പങ്കുചേർന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.