സഭയിൽ സമാധാനത്തിന്റെ പുതുയുഗപ്പിറവി‌: കർദ്ദിനാൾ മാർ ആലഞ്ചേരി

നവീകരിച്ച കുർബാനക്രമവും ഏകീകൃത അർപ്പണരീതിയും നിലവിൽ വന്നതോടെ സഭയിൽ സമാധാനത്തിന്റെ പുതുയുഗപ്പിറവിയാണ് സാധ്യമായതെന്നു സീറോ മലബാർ സഭ മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. നവീകരിച്ച കുർബാനക്രമവും ഏകീകൃത അർപ്പണരീതിയും നിലവിൽ വന്ന ആരാധനക്രമവത്സരത്തിന്റെ ആദ്യദിനമായ ഇന്നലെ സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ദിവ്യബലി അർപ്പിച്ചു സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

സഭയിൽ ഐക്യവും സമാധാനവും ഉണ്ടാകണമെന്നത് ദൈവതീരുമാനമാണ്. വിശുദ്ധ കുർബാന ദൈവത്തിന്റെ വലിയ ദാനമാണ്. പരിപൂർണ്ണ ഐക്യത്തിനായി കാത്തിരിക്കേണ്ടി വന്നാൽ അതിനും നാം തയ്യാറാകണമെന്നും മാർ ആലഞ്ചേരി ഓർമ്മിപ്പിച്ചു.

കൂരിയ ചാൻസിലർ റവ. ഡോ. വിൻസന്റ് ചെറുവത്തൂർ, ലിറ്റർജി കമ്മീഷൻ സെക്രട്ടറി റവ. ഡോ. ഫ്രാൻസിസ് പിട്ടാപ്പിള്ളിൽ, കൂരിയായിലെ മറ്റു വൈദികർ എന്നിവർ‍ സഹകാർമ്മികരായിരുന്നു. ലോകമെങ്ങുമുള്ള സഭയിലെ വിശ്വാസികൾക്കായി ദിവ്യബലിയുടെ തത്സമയ സംപ്രേഷണം ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.