കര്‍ദ്ദിനാള്‍ ജോര്‍ജ് പെല്ലിന് എണ്‍പത് വയസ്; പേപ്പല്‍ കോണ്‍ക്ലേവില്‍ ഇനി വോട്ടവകാശം ഇല്ല

എണ്‍പത് വയസ്സ് പൂര്‍ത്തിയായതിനെ തുടര്‍ന്ന് പേപ്പല്‍ കോണ്‍ക്ലേവില്‍ വോട്ട് ചെയ്യാനുള്ള അവകാശം ഓസ്‌ട്രേലിയന്‍ കര്‍ദ്ദിനാള്‍ ജോര്‍ജ് പെല്ലിന് നിഷേധിക്കപ്പെട്ടു. 1970-ല്‍ പോള്‍ ആറാമന്‍ പാപ്പായാണ് ഇത്തരത്തിലൊരു നിയമം കൊണ്ടുവന്നത്. പ്രായാധിക്യത്തെ തുടര്‍ന്ന് എണ്‍പതു വയസിനു മുകളിലുള്ള കര്‍ദ്ദിനാള്‍മാര്‍ മാര്‍പാപ്പാ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തേണ്ട എന്നതായിരുന്നു അന്നത്തെ ഉത്തരവ്. 2021-ല്‍ ആറ് കര്‍ദ്ദിനാള്‍മാര്‍ക്കാണ് എണ്‍പത് വയസ് പൂര്‍ത്തിയാവുന്നതും അതുവഴി പേപ്പല്‍ കോണ്‍ക്ലേവിലെ വോട്ടവകാശം നഷ്ടമാകുന്നതും.

1941-ല്‍ വിക്ടോറിയയില്‍ ജനിച്ച ജോര്‍ജ് പെല്‍, 1966-ലാണ് വൈദികനായി അഭിഷിക്തനായത്. 2003 -ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായാണ് കര്‍ദ്ദിനാള്‍ ജോര്‍ജ് പെല്ലിനെ കര്‍ദ്ദിനാള്‍ പദവിയിലേയ്ക്കുയര്‍ത്തിയത്. വത്തിക്കാന്‍ ധനകാര്യ കാര്യാലയത്തിലെ ആദ്യത്തെ അദ്ധ്യക്ഷനായിരുന്നു അദ്ദേഹം. 2013 മുതല്‍ 2018 വരെ ഫ്രാന്‍സിസ് പാപ്പായുടെ ഉപദേശകസമിതിയിലെ അംഗവുമായിരുന്നു കര്‍ദ്ദിനാള്‍ പെല്‍.

2019-ല്‍ ലൈംഗിക കുറ്റാരോപണത്തെ തുടര്‍ന്ന് വത്തിക്കാനിലെ സാമ്പത്തിക കാര്യാലയത്തിലെ ചുമതലയില്‍ നിന്ന് അദ്ദേഹത്തെ മാറ്റിയെങ്കിലും 2020 ഏപ്രിലില്‍ കര്‍ദ്ദിനാള്‍ തെറ്റുകാരനല്ലെന്ന് ഓസ്‌ട്രേലിയന്‍ ഹൈക്കോടതി വിധിച്ചതോടെ അദ്ദേഹം ജയില്‍ മോചിതനാവുകയും സെപ്റ്റംബറില്‍ റോമിലേയ്ക്ക് തിരിച്ചെത്തുകയും ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.