പ്രേഷിതാഭിമുഖ്യം സമര്‍പ്പിത സാക്ഷ്യത്തിന്റെ മുഖമുദ്ര: കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി

സമര്‍പ്പിതര്‍ പ്രാര്‍ത്ഥനയുടെ ചൈതന്യത്തില്‍ പരിശുദ്ധാവിനാല്‍ പ്രേരിതരായി നയിക്കപ്പെടുന്നവരാണെന്നും, സമര്‍പ്പിത സാക്ഷ്യത്തിന്റെ മുഖമുദ്ര പ്രേഷാതാഭിമുഖ്യം ആണെന്നും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. സീറോ മലബാര്‍ സഭാ മെത്രാന്‍ സിനഡിനോടുബന്ധിച്ച് കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സമര്‍പ്പിത അപ്പസ്‌തോലിക സമൂഹങ്ങള്‍ക്കു വേണ്ടിയുള്ള സിനഡല്‍ കമ്മിഷന്റെ ആഭിമുഖ്യത്തില്‍ നടന്ന സന്യാസ സമൂഹങ്ങളുടെ മേലധികാരികളുടെ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഭയിലെ പ്രതിസന്ധികളെ പ്രാര്‍ത്ഥനയാലും പരിശുദ്ധാവിന്റെ കൃപയാലും മാത്രമേ പരിഹരിക്കാന്‍ സാധിക്കുകയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. സിനഡല്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ജോസ് പൊരുന്നേടം സമര്‍പ്പിത ജീവിതത്തിന്റെ സാക്ഷ്യത്തെക്കുറിച്ചും മുന്നേറ്റ സാധ്യതകളെക്കുറിച്ചും ഓര്‍മ്മിപ്പിച്ചു. സെന്റ് ജോണ്‍സ് നാഷണല്‍ അക്കാഡമി ഓഫ് ഹെല്‍ത്ത് സയന്‍സസിന്റെ ഡയറക്ടര്‍ ഡോ. പോള്‍ പറത്താഴം മുഖ്യപ്രഭാഷണം നടത്തി.

സമര്‍പ്പിത ജീവിതത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ആവശ്യകതയെക്കുറിച്ചും അദ്ദേഹം സമ്മേളനത്തെ ഓര്‍മ്മപ്പെടുത്തി. സിനഡ് പിതാക്കന്മാരും സീറോ മലബാര്‍ സഭയിലെ വിവിധ സന്യാസ-സമൂഹങ്ങളിലെ സുപ്പീരിയര്‍ ജനറാളന്മാരും പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍മാരും പങ്കെടുത്ത സമ്മേളനത്തില്‍ കമ്മിഷന്‍ സെക്രട്ടറി ഫാ. ഷാബിന്‍ കാരക്കുന്നേല്‍ സി.എസ്.റ്റി., ഡോ. മേഴ്‌സി നെടുമ്പുറം എസ്.എ.ബി.എസ്., ബ്രദര്‍ ഫ്രാങ്കോ എന്നിവര്‍ പ്രസംഗിച്ചു.

ഫിനാന്‍സ് ഓഫീസര്‍ ഫാ. ജോസഫ് തോലാനിക്കല്‍, ഓഫീസ് സെക്രട്ടറി സി. ശുഭ എം.എസ്.ജെ. എന്നിവര്‍ യോഗത്തിന് നേതൃത്വം നല്കി.