ദൈവത്തിന്റെ കാരുണ്യത്തിൻെറ വെളിച്ചം മ്യാന്മാറിന് ആവശ്യമാണ്: കർദ്ദിനാൾ ബോ

പട്ടാള ഭരണത്തിൽ കഠിനമായ ദാരിദ്ര്യവും വിഷമവും അനുഭവിച്ചുകൊണ്ടിരിക്കുന്ന മ്യാൻമാറിലെ ജനതയ്ക്ക് ദൈവകാരുണ്യത്തിന്റെ വെളിച്ചം ആവശ്യമാണെന്ന് കർദ്ദിനാൾ ചാൾസ് മൗങ് ബോ. എക്കാലത്തെയുംകാൾ സമൂഹത്തിനു കരുണ ആവശ്യമാണ്. ദശലക്ഷക്കണക്കിനു ജനങ്ങൾ പട്ടിണിയിലാണ്. പങ്കുവെയ്ക്കലിന്റെ വലിയ ആവശ്യകത വെളിപ്പെടുന്ന കാലഘട്ടമാണിത്. നാം എത്ര ദരിദ്രരാണെങ്കിലും ഉള്ളത് പങ്കിടേണ്ടതിന്റെ ആവശ്യകത നിലവിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“വിശപ്പ് എന്നത് നമ്മുടെ ആളുകൾ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ്. അതിനേക്കാൾ ഉപരിയായി അവർ ഭയപ്പെടുന്നു, പരിഭ്രാന്തരാകുന്നു. തെരുവിലും നഗരങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങളിൽ അവരുടെ ആത്മാവ് തകർന്നിരിക്കുന്നു. അവർക്ക് ആശ്വാസത്തിന്റെ വചനങ്ങൾ ആവശ്യമാണ്. പ്രിയപ്പെട്ടവരേ നഷ്ടപ്പെടുമ്പോൾ വിദ്വേഷത്തിലേക്ക് കൂപ്പുകുത്തി വീഴുവാൻ സാധ്യതയുള്ള അവരെ നാം സന്ദർശിക്കേണ്ടതുണ്ട്,” -കർദ്ദിനാൾ ബോ പറഞ്ഞു.

കുരിശിന്റെ വഴിയിലെ പതിമൂന്നാം സ്ഥലം പോലെയാണ് ഇപ്പോൾ മ്യാന്മാർ. നൂറുകണക്കിന് അമ്മമാർ കണ്ണീരോടെയും ഹൃദയം തകർന്നും ഒരു രാജ്യത്ത് ജീവിക്കുകയാണ്. അവരുടെ മക്കളെയും പെൺകുഞ്ഞുങ്ങളെയും പീഡിപ്പിച്ചു കൊന്നതിൽ വിലപിക്കുന്നവർ. അവർക്കായി പ്രാർത്ഥിക്കുന്നു എന്നും അദ്ദേഹം വേദനയോടെ പറഞ്ഞു.

ഫെബ്രുവരി മുതൽ മ്യാൻമാറിൽ നടന്ന ആക്രമണത്തിൽ 44 കുട്ടികളടക്കം നൂറുകണക്കിന് പൗരൻമാർ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്ര സഭ റിപ്പോർട്ട് ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.