ദൈവത്തെയോര്‍ത്ത് തോക്കുകള്‍ താഴെയിടൂ, പകരം ജനങ്ങള്‍ക്ക് വൈദ്യസഹായം നല്‍കൂ; അഭ്യര്‍ത്ഥനയുമായി കര്‍ദ്ദിനാള്‍ ചാള്‍സ് ബോ

നിങ്ങള്‍ പിടിച്ചിരിക്കുന്ന തോക്കുകള്‍ ദൈവത്തെയോര്‍ത്ത് താഴെയിടൂ, ഒരു തവണയെങ്കിലും ജനങ്ങള്‍ക്ക് മെഡിക്കല്‍ സഹായം നല്‍കൂ എന്ന അഭ്യര്‍ത്ഥനയുമായി മ്യാന്മറിലെ യാങ്കോണ്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ ചാള്‍സ് ബോ. ഇടയലേഖനത്തിലാണ് കര്‍ദ്ദിനാള്‍ ചാള്‍സ് ബോ ഈ അഭ്യര്‍ത്ഥന ഉയര്‍ത്തിയിരിക്കുന്നത്.

“മ്യാന്മറില്‍ ജനങ്ങള്‍ക്കു വേണ്ടത് സംരക്ഷണവും സുരക്ഷിതത്വവുമാണ്, മരുന്നും ഭക്ഷണവുമാണ്. എല്ലാ ജീവിതങ്ങളേയും സംരക്ഷിക്കണം. ജീവനുകളെ രക്ഷിക്കാന്‍ എല്ലാ ഡോക്ടര്‍മാരും ഒത്തുചേരണം. കോവിഡ് മൂന്നാം തരംഗം ഇതാ എത്തിക്കഴിഞ്ഞു” – കര്‍ദ്ദിനാള്‍ പറഞ്ഞു.

രാജ്യം പ്രധാനമായും മൂന്നു വെല്ലുവിളികളെയാണ് നേരിടുന്നതെന്നും കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടി. കോവിഡ്, സംഘര്‍ഷം, താറുമാറായ സാമ്പത്തികസ്ഥിതി. ഓരോ ശ്വാസം പോലും ഇപ്പോള്‍ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. രാവും പകലും ആയിരക്കണക്കിനാളുകള്‍ ജീവശ്വാസത്തിനു വേണ്ടി പിടയുന്നു. കോവിഡിനെ നേരിടാനുള്ള മെഡിക്കല്‍ വിദഗ്ധരുടേയും വോളന്റിയേഴ്‌സിന്റേയും അഭാവം സ്ഥിതിഗതികള്‍ രൂക്ഷമാക്കിയിരിക്കുന്നു. ആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞിരിക്കുന്നു. സെമിത്തേരിക്കു മുമ്പിലും നീണ്ട ക്യൂ പ്രത്യക്ഷപ്പെടുന്നു. പലരും പ്രിയപ്പെട്ടവരോട് യാത്ര പോലും പറയാനാവാതെ മരിച്ചുവീഴുന്നു.

രാജ്യം നേരിടുന്ന ഭയാനകമായ സ്ഥിതിഗതികള്‍ കര്‍ദ്ദിനാളിന്റെ വാക്കുകളില്‍ വ്യക്തം. ഇങ്ങനെയുള്ള സാഹചര്യത്തിലും പട്ടാളം പ്രക്ഷോഭകരെ അടിച്ചമര്‍ത്തുകയും വെടിവച്ചിടുകയുമാണ്. ഈ അവസ്ഥയിലാണ് തോക്കുകള്‍ താഴെയിടാനും ആവശ്യക്കാരെ സഹായിക്കാനും കര്‍ദ്ദിനാള്‍ ആഹ്വാനം ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.