മനുഷ്യക്കടത്തിനെ ഉന്മൂലനം ചെയ്യാന്‍ ഹൃദയ പരിവര്‍ത്തനം ആവശ്യമാണ്: കര്‍ദിനാള്‍ ഔത്സ

അടിമത്വം ഒരു ചരിത്ര സ്മാരകമായി പലരും കരുതുന്നുണ്ടെങ്കിലും അത് ശരിയല്ല എന്നും അടിമത്വത്തിന് ഇരയാകുന്നവരുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുകയാണെന്നും വത്തിക്കാന്‍ സ്ഥിരം നിരീക്ഷകനായ ആര്‍ച്ചുബിഷപ്പ് ബെര്‍ണര്‍ദീത്തൊ ഔത്സ. ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനമായ ന്യുയോര്‍ക്കില്‍ സംഘടിപ്പിച്ച സമ്മേളനത്തെ സംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

മനുഷ്യക്കടത്തെന്ന ആധുനിക അടിമത്തത്തിന് സ്ത്രീകള്‍ ഇരകളാകുന്നതും അവര്‍ തെരുവുകളിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നതും അനുസ്മരിച്ച ആര്‍ച്ചു ബിഷപ്പ് ഔത്സ ഇതിനു ഉത്തരവാദികളായവരെ നീതിക്കു മുന്നില്‍ കൊണ്ടുവരാന്‍ നമുക്കുള്ള കടമയെക്കുറിച്ചും ഓര്‍മ്മിപ്പിച്ചു. ഒപ്പം ഈ സാമൂഹ്യതിന്മയ്ക്ക് ഒരവസാനം ഉണ്ടാകണമെങ്കില്‍ സ്ത്രീകളെ തങ്ങളുടെ ഇച്ഛാ പൂരണത്തിനു ഉപയോഗിക്കുന്ന വ്യക്തികള്‍ക്ക് ഹൃദയ പരിവര്‍ത്തനം ഉണ്ടാവുക ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്ത്രീകള്‍ക്കെതിരായ എല്ലാത്തരം അതിക്രമണങ്ങളെയും പരിശുദ്ധ സിംഹാസനം അപലപിക്കുന്നുവെന്ന് ആര്‍ച്ചുബിഷപ്പ് ഔത്സ ആവര്‍ത്തിച്ചു. ഈ  മാസം 5 മുതല്‍ 8 വരെ  നടന്ന  ഐക്യരാഷ്ട്രസംഘടനാ സമ്മേളനത്തിന്റെ പ്രധാന വിഷയം സ്ത്രീ ശാക്തീകരണം ആയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.