നിങ്ങൾക്ക് സ്വസ്ഥമായിരുന്ന് പ്രാർത്ഥിക്കാൻ സാധിക്കുന്നില്ലേ?

ദൈവവുമായുള്ള സംഭാഷണമാണ് പ്രാർത്ഥന. എന്നാൽ പ്രാർത്ഥിക്കാനിരിക്കുമ്പോൾ മാത്രം നമുക്ക് പല വിചാരങ്ങൾ കടന്നുകൂടുക സ്വാഭാവികമാണ്. ചിലപ്പോൾ നാം വളരെ വൈകാരികമായി അവിടുത്തോട് സംസാരിക്കുമ്പോൾ കരച്ചിൽ വരാം. പിന്നെ നമ്മുടെ ശ്രദ്ധ മുഴുവൻ നമ്മെ അലോസരപ്പെടുത്തുന്ന ആ കാര്യത്തിലാകാം. മറ്റു ചിലപ്പോൾ പുറത്തു നിന്നുള്ള മറ്റെന്തെങ്കിലുമാകാം. എന്തു തന്നെയായാലും അങ്ങേയറ്റം ഏകാഗ്രതയിൽ ചെയ്യേണ്ട കാര്യത്തെ നാം കുറച്ചുകൂടി ഗൗരവമായി കാണേണ്ടതുണ്ട്. പ്രാർത്ഥിക്കുമ്പോൾ ഉണ്ടായേക്കാവുന്ന പലവിചാരങ്ങളെ അതിജീവിക്കാനുള്ള മാർഗ്ഗങ്ങളാണ് ചുവടെ ചേർക്കുന്നത്…

1. പ്രാർത്ഥനയിൽ പലവിചാരം വരുന്നുണ്ടോ? അതിനെ അതിന്റെ വഴിക്ക് വിട്ടേക്ക്

പ്രാർത്ഥിക്കുമ്പോൾ ഒന്നിനെക്കുറിച്ചും ചിന്തിക്കാതിരിക്കാൻ ശ്രമിക്കുന്നത് വളരെയധികം ഊർജ്ജം നഷ്ടപ്പെടുത്തുന്ന ഒന്നാണ്. പ്രാർത്ഥനയിൽ തടസം സൃഷ്ടിക്കുന്ന ആ കാര്യത്തെക്കുറിച്ച് ചിന്തിക്കാതിരിക്കാൻ ശ്രമിക്കുന്നതിനു പകരം ആ പ്രശ്നത്തെ – വിചാരത്തെ ദൈവത്തിന്റെ കൈയ്യിൽ മുഴുവനായി വിട്ടുകൊടുത്തതു കൊണ്ട് പ്രാർത്ഥന തുടരാം.

നമ്മുടെ വേവലാതികളിലേക്കും ഭയങ്ങളിലേക്കും ദൈനംദിന പോരാട്ടങ്ങളിലേക്കും ദൈവത്തെ ക്ഷണിക്കുക. അവിടുന്ന് തീർച്ചയായും വരും. നമ്മുടെ മനസ്സിനെയും ചിന്തകളെയും മറ്റ് ആവലാതികളെയും എല്ലാം ദൈവത്തിന് വിട്ടുകൊടുക്കുക. അങ്ങനെ അവിടുത്തേയ്ക്കായി പൂർണ്ണമായും നമ്മെ സമർപ്പിക്കുക. ക്രിസ്തുവിനെ നമ്മുടെ പാറയും അഭയസ്ഥാനവുമാക്കുക (സങ്കീ. 119:114-116, ലൂക്കാ 12: 22-31).

2. നമ്മുടെ ശ്രദ്ധ തിരിക്കുന്ന വസ്തുക്കൾ/കാര്യങ്ങൾ

ഒരുപക്ഷേ, കുട്ടികളായിരിക്കാം പ്രാർത്ഥിക്കുമ്പോൾ നിങ്ങളുടെ ശ്രദ്ധ തിരിക്കുന്നത്. മറ്റു ചിലപ്പോൾ അത് സ്മാർട്ട്‌ ഫോണിന്റെ സ്ഥിരമായ അലേർട്ട് ശബ്ദമായിരിക്കാം. പ്രാർത്ഥനയിൽ നിന്ന് രക്ഷപെടാൻ ഇത്തരം കാര്യങ്ങളെ കുറുക്കുവഴികളായി കാണരുത്. നാം പ്രാർത്ഥിക്കുമ്പോൾ നമ്മുടെ ഫോൺ കൈയയിൽ നിന്ന് മാറ്റിവയ്ക്കുക. നിങ്ങളുടെ ശ്രദ്ധക്കായി മത്സരിക്കുന്നതെന്താണെന്ന് ചിന്തിക്കുക. തുടർന്ന് പ്രാർത്ഥനയ്‌ക്കുള്ള സമയം സംരക്ഷിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളുക. നാം ദൈവവുമായി സംഭാഷണം നടത്തുന്ന സമയമാണല്ലോ പ്രാർത്ഥനാവേളകൾ.

3. ദൈവവുമായുള്ള നമ്മുടെ ബന്ധത്തെ പാപം തടസ്സപ്പെടുത്തുന്നു

നാം തെറ്റ് ചെയ്തുവെന്ന് നമുക്കറിയാവുന്ന ഒരാളുമായി സംഭാഷണം ആരംഭിക്കുന്നത് ബുദ്ധിമുട്ടാണ്. ദൈവത്തോടുള്ള നമ്മുടെ ബന്ധവും ഇങ്ങനെ തന്നെ. നമ്മുടെ കുറവുകളും തകർച്ചയും ദൈവത്തിന്റെ മുൻപിൽ ഏറ്റുപറയുക. അങ്ങനെ ചെയ്യാതിരിക്കുന്നത് നമ്മുടെ പ്രാർത്ഥനയെ തടസ്സപ്പെടുത്തും (സങ്കീ. 51). നമ്മുടെ ജീവിതത്തിലെ പാപത്തെ നേരിടാനും മാനസാന്തരപ്പെടാനും നാം തയ്യാറായിരിക്കണം. അങ്ങനെ നമുക്ക് ദൈവവുമായി ആഴത്തിലുള്ള ബന്ധം കെട്ടിപ്പടുക്കാം (1 യോഹ. 1:9).

കർത്താവുമായുള്ള നമ്മുടെ ബന്ധത്തിൽ പ്രാർത്ഥന നിര്‍ണ്ണായകമാണ്. ഈ മൂന്ന് കാര്യങ്ങളിൽ ഏതാണ് പ്രാർത്ഥനയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള ഏറ്റവും വലിയ വെല്ലുവിളികൾ എന്ന് ചിന്തിക്കുക. അവയിൽ നിന്ന് പുറത്തുകടക്കുവാൻ ഒരു പരിശ്രമം ആവശ്യമാണ്. അതിന് നമ്മെ സഹായിക്കാനായി ദൈവത്തോട് അപേക്ഷിക്കുക. അങ്ങനെ പ്രാർത്ഥനയുടെ ഒരു ജീവിതരീതി സൃഷ്ടിച്ചെടുക്കുക. അത് ഒരു ശീലമാക്കി മാറ്റുക. അപ്പോൾ നമ്മുടെ ജീവിതം എപ്പോഴും അവിടുത്തോട് കൂടുതൽ ചേർന്നുനിൽക്കും.

സുനീഷ വി. എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.