നാമകരണ നടപടികളിലെ അത്ഭുതങ്ങൾ – യുക്തിയും സത്യവും

ഡോ. നെൽസൺ തോമസ്

പ്രപഞ്ചത്തിലെ സകല പ്രതിഭാസങ്ങളെയും വിശദീകരിക്കാൻ ശാസ്ത്രം പര്യാപ്തമല്ല. ശീഘ്രഗതിയിൽ വികസിക്കുന്ന ശാസ്ത്രം വളരുന്തോറും കൂടുതൽ സങ്കീർണമാകുകയാണ്. കയൊസ് തിയറി ഈ സങ്കീർണതകൾക്ക് ഒരു ഉദാഹരണമാണ്. ശാസ്ത്രം വികസിക്കുമ്പോൾ അത്ഭുതങ്ങൾ മെഴുകുതിരി പോലെ ഉരുകി ഇല്ലാതാകും എന്നുപറഞ്ഞ ഡേവിഡ് ഹ്യൂമിന്റെ വാദഗതികൾ ശാസ്ത്രത്തിന്റെ തന്നെ സങ്കീർണതകൾക്ക് മുമ്പിൽ ഇപ്പോൾ മിഴിച്ച് നിൽക്കുകയാണ്. പ്രപഞ്ച പ്രതിഭാസങ്ങളിലെ ശാസ്ത്രസത്യങ്ങൾ അനുദിനം കണ്ടെത്തി മുന്നേറുന്ന മനുഷ്യന് ഓരോ കാലഘട്ടത്തിലും ഉത്തരം ലഭിക്കാത്ത ചില ശാസ്ത്ര സമസ്യകൾ ഉണ്ടാകും. ഇന്ന് ശാസ്ത്രത്തിന് അജ്ഞാതമായ പ്രപഞ്ച പ്രതിഭാസങ്ങളെയാണ് അത്ഭുതങ്ങൾ എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത്. ഇവ ശാസ്ത്രത്തിന് വിരുദ്ധമല്ല, നിലവിലുള്ള ശാസ്ത്ര സത്യങ്ങൾക്ക് അജ്ഞാതമാണെന്ന് മാത്രം. അത്ഭുതങ്ങളെ ഇത്തരത്തിൽ ശാസ്ത്രാതീതമായി മനസ്സിലാക്കുമ്പോൾ മാത്രമാണ് അവ ശാസ്ത്രപരമായും ദൈവ ശാസ്ത്രപരമായും യുക്തിഭദ്രമാകുന്നത്.

വൈദ്യശാസ്ത്രത്തിനും പുറത്തും നിരവധി അത്ഭുതങ്ങൾ ദിവസേന സംഭവിക്കുന്നുണ്ട്. ശാസ്ത്ര വിശദീകരണം ലഭ്യമല്ലാത്ത വൈദ്യശാസ്ത്ര പ്രതിഭാസങ്ങളെ അജ്ഞാത (idiopathic) കാരണങ്ങൾ മൂലം എന്നാണ് വിശേഷിപ്പിക്കുന്നത്. അതുപോലെ, ചികിത്സയ്ക്ക് ആനുപാതികമല്ലാത്ത വിധത്തിൽ രോഗ ശമനങ്ങളും ഉണ്ടാകാറുണ്ട്. രണ്ടിനും വ്യക്തമായ കാരണങ്ങൾ തുടർ ഗവേഷണങ്ങളിലൂടെ കണ്ടെത്തേണ്ടിയിരിക്കുന്നു.

ഇപ്പോഴത്തെ നാമകരണ നടപടികളിൽ ദൈവീക അടയാളങ്ങളായി കാനോൻ നിയമപ്രകാരം കണക്കാക്കുപ്പെടുന്നത് ശാസ്ത്രത്തിന് അജ്ഞാതമായ പ്രതിഭാസങ്ങളെയാണ്. ഇവയെയാണ് കാനോനിക അർത്ഥത്തിൽ അത്ഭുതങ്ങൾ എന്ന് വിളിക്കുന്നത്. നാല് അടിസ്ഥാന ഗുണങ്ങളാണ് നാമകരണ നടപടികൾ അത്ഭുതങ്ങൾക്ക് നിഷ്കർഷിക്കുന്നത്. അവ സ്വാഭാവികവും, ഉടനടി സംഭവിക്കുന്നതും, പൂർണ്ണവും, നിലനിൽക്കുന്നതും ആകണം. കാനോനികമായുള്ള ഈ നിർവചനങ്ങൾ ഒക്കെയും കത്തോലിക്ക സഭയുടെ പൂർണ അധികാരത്തിൽ വരുന്നവയാണ്. കാലാകാലങ്ങളിൽ ഇതുമായി ബന്ധപ്പെട്ട നിയമങ്ങളെ പരിഷ്കരിക്കാനും ഭേദഗതി വരുത്താനും അധികാരം ഉള്ളത് മാർപാപ്പയ്ക്കാണ്.

നിലവിലെ നടപടികൾ പ്രകാരം നാമകരണം പൂർത്തിയാക്കുന്നതിനായി ഏതെങ്കിലും രണ്ട് അത്ഭുതങ്ങൾ കണ്ടെത്തണമെന്ന് നിഷ്കർഷിക്കുന്നുണ്ട്. ഇത് നിലവിലെ ശാസ്ത്രത്തിന് അതീതമായുള്ള രോഗസൗഖ്യങ്ങൾ ഉൾപ്പെടെയുള്ള ഏതെങ്കിലും പ്രപഞ്ച പ്രതിഭാസങ്ങൾ ആയാൽ മതി. വത്തിക്കാൻ നിയോഗിക്കുന്ന ബന്ധപ്പെട്ട ശാസ്ത്ര ശാഖയിൽ നിന്നുള്ള അന്വേഷണ സംഘം അത് നിലവിലുള്ള ശാസ്ത്രത്തിന് അതീതമാണെന്ന് രേഖപ്പെടുത്തണം. ശാസ്ത്രത്തിന് അജ്ഞാതമായ പ്രതിഭാസമാണെന്ന് വെളിപ്പെടുത്തുക മാത്രമാണ് ശാസ്ത്ര വിദഗ്ധർ ചെയ്യുന്നത്. അതിനെ വിശുദ്ധരുടെ നാമകരണവുമായി ബന്ധപ്പിക്കുന്നത് ദൈവശാസ്ത്രജ്ഞരുടെ സംഘമാണ്.

അതിനാൽ കത്തോലിക്ക സഭയുടെ നാമകരണ നടപടികളിൽ ശാസ്ത്രവിരുദ്ധതയൊ യുക്തിരാഹിത്യമൊ ആരോപിക്കുന്നത് ശരിയല്ല. ശാസ്ത്രത്തിന് അജ്ഞാതമായ പ്രതിഭാസങ്ങളെ കണ്ടെത്തി കാനോനിക നടപടികളിലൂടെ നാമകരണ നടപടികളിലേക്ക് അവയെ ഉപയോഗിക്കുക മാത്രമാണ് കത്തോലിക്കാസഭ ഇവിടെ അനുവർത്തിക്കുന്നത്.

ചില ചോദ്യങ്ങളും ഉത്തരങ്ങളും.

1) അത്ഭുതങ്ങൾ ഇന്നത്തെ ശാസ്ത്രസത്യങ്ങൾക്ക് അജ്ഞാതമാണെങ്കിലും നാളെ അവ ശാസ്ത്രീയമായി വിശദീകരിക്കാൻ സാധിക്കുന്നവയാകാം. അങ്ങനെയെങ്കിൽ ഇതിൽ ദൈവീക ഇടപെടലുകൾ ഉണ്ടെന്ന് എങ്ങനെ പറയാൻ സാധിക്കും?

അത്ഭുതങ്ങൾ കാലഘട്ടത്തിന്റെ അടയാളങ്ങളാണ്. കാലഘട്ടത്തിന്റെ പശ്ചാത്തലത്തിലാണ് അത്ഭുതങ്ങളെ നോക്കിക്കാണേണ്ടത്. പ്രപഞ്ചത്തിൽ സന്നിഹിതരായിരിക്കുന്ന ദൈവം മനുഷ്യർക്ക് ഇപ്പോഴും അജ്ഞാതമായ പ്രപഞ്ച സത്യങ്ങളിലൂടെ പ്രവർത്തിക്കുന്നതാണ് ഇതിലെ ദൈവീക അടയാളങ്ങൾ. കേവലം അടയാളങ്ങൾ എന്നതിലുപരി അത്ഭുതങ്ങൾ അതിനാൽ തന്നെ സ്ഥായിയൊ അജ്ഞാതമായി തുടരുന്നവയൊ അല്ല. അതിനാൽ, അത്ഭുതങ്ങളിലെ ശാസ്ത്രീയ കണ്ടെത്തലുകൾ സംഭവിക്കാം എന്നത് അവയെ ദൈവീക അടയാളങ്ങൾ അല്ലാതെയാക്കുന്നില്ല.

2) നാമകരണ നടപടികൾക്ക് ശേഷം അത്ഭുതം അത്ഭുതമല്ലെന്ന് തെളിഞ്ഞാൽ എന്ത് സംഭവിക്കും?

ഒന്നും സംഭവിക്കില്ല. നാമകരണ പ്രഖ്യാപനത്തിന് അപ്രമാദിത്വം ഉണ്ട്. വിശുദ്ധൻ വിശുദ്ധനായും അതിന് കാരണഭൂതമായ അത്ഭുതം അത്ഭുതമല്ലാതെയും തുടരും. നാമകരണ നടപടികളുടെ സമയത്ത് അത്ഭുതം കാനോനിക്കലി സാധുവായ അടയാളമായിരുന്നൊ എന്നതുമാത്രമാണ് നാമകരണ നടപടികൾക്ക് ആവശ്യമുള്ളത്. അതിനുശേഷം അത്ഭുതത്തിന് എന്ത് സംഭവിക്കുന്നു എന്നത് നാമകരണ നടപടിയുടെ സാധുതയുമായി യാതൊരുതരത്തിലും ബന്ധമുള്ളതല്ല. അത്ഭുതങ്ങൾ വേണമെന്നുള്ളത് അത് കാനോൻ നിയമം നിഷ്കർഷിക്കുന്ന ചട്ടം മാത്രമാണ്. അത്ഭുതങ്ങൾ ഇല്ലാതെ തന്നെ നാമകരണ നടപടികൾ പൂർത്തിയാക്കാൻ മാർപ്പാപ്പയുടെ അനുവാദം മാത്രം മതിയാകും.

3) വിശുദ്ധരായി പ്രഖ്യാപിച്ചാൽ അവരെ നിർബന്ധമായും വണങ്ങണമോ?

വിശ്വാസത്തെ സംബന്ധിച്ച പ്രബോധനപരമായ പ്രഖ്യാപനമാണ് നാമകരണം. അതിനാൽ വിശുദ്ധരെ വിശുദ്ധരായി അംഗീകരിക്കാൻ കത്തോലിക്കർ എല്ലാവരും ബാധ്യസ്ഥരാണ്. എന്നാൽ, അവരെ വണങ്ങണമോ വേണ്ടയോ അല്ലെങ്കിൽ അവരോട് മാധ്യസ്ഥം പ്രാർത്ഥിക്കണൊ വേണ്ടയോ എന്നതൊക്കെ വ്യക്തികൾക്ക് തീരുമാനിക്കാവുന്നതാണ്.

4) എന്തുകൊണ്ടാണ് ദൈവം എല്ലാവർക്കും അത്ഭുതം പ്രവർത്തിക്കാത്തത്?

അത്ഭുതങ്ങൾ അസാധാരണും അജ്ഞാതവുമായ പ്രതിഭാസങ്ങളാണ്. സ്വഭാവികമായ പ്രശ്നപരിഹാര മാർഗങ്ങൾ എന്ന നിലയിൽ അവയെ അവലംബിക്കുന്നത് ശരിയല്ല. എന്നാൽ ചില പ്രത്യേക സാഹചര്യത്തിൽ അവ സംഭവിക്കുന്നു എന്ന് മാത്രം. വിശ്വാസികൾ അതിനെ ദൈവീക ഇടപെടലായി കാണുന്നു. ദൈവം എന്തുകൊണ്ട് എല്ലായ്പ്പോഴും അത്ഭുതങ്ങൾ പ്രവർത്തിക്കുന്നില്ല എന്തുകൊണ്ട് പ്രവർത്തിക്കുന്നു എന്ന ചോദ്യങ്ങൾക്ക് മനുഷ്യൻ എന്ന പരിമിതിയിൽ കൃത്യമായ ഉത്തരം നൽകാൻ സാധിക്കില്ല. പ്രാർത്ഥന കൊണ്ട് ദൈവത്തെ സ്വാധീനിക്കാൻ ആർക്കും സാധിക്കില്ല. കാരണം ദൈവം അചഞ്ചലനാണ് (immutable). ദൈവീക പദ്ധതിയിൽ ഒരു സഹകാരണം ആയാണ് പ്രാർത്ഥനകൾ പ്രവർത്തിക്കുന്നത്. പ്രവർത്തിക്കുക എന്നതാണ് ദൈവീക പദ്ധതിയെങ്കിൽ പ്രാർത്ഥനയിലൂടെ അദ്ഭുതം സംഭവിക്കാം.

5) എന്തുകൊണ്ടാണ് വൈദ്യശാസ്ത്ര അത്ഭുതങ്ങൾ നാമകരണ നടപടികൾക്ക് കൂടുതലായും ഉപയോഗിക്കപ്പെടുന്നത്?

വൈദ്യശാസ്ത്രപരമായും അല്ലാതെയുമുള്ള നിരവധി അത്ഭുതങ്ങൾ സംഭവിക്കുന്നുണ്ടെങ്കിലും അവ ശാസ്ത്രത്തിന് അജ്ഞാതമാണെന്ന് പഴുതുകളില്ലാതെ വിലയിരുത്തേണ്ടത് നാമകരണ നടപടികൾക്ക് അനിവാര്യമാണ്. വൈദ്യശാസ്ത്ര പ്രതിഭാസങ്ങളുടെ രോഗശമനത്തിന് മുമ്പും ശേഷവും ഉള്ള രേഖകൾ എളുപ്പം ലഭ്യമായതിനാലാണ് വൈദ്യശാസ്ത്ര പ്രതിഭാസങ്ങൾ നാമകരണ നടപടികൾക്ക് കൂടുതൽ ഉപയോഗിക്കപ്പെടുന്നത്.

6) വാഴ്ത്തപ്പെട്ട റാണി മരിയയുടെ നാമകരണ നടപടികൾക്ക് അത്ഭുതം ഇല്ലായിരുന്നല്ലോ?

രക്തസാക്ഷികളുടെ നാമകരണത്തിന് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കാൻ നിലവിലെ നിയമമനുസരിച്ച് അത്ഭുതങ്ങൾ ആവശ്യമില്ല. വിശുദ്ധനായി പ്രഖ്യാപിക്കാൻ ഒരത്ഭുതം ആവശ്യമുണ്ട്. നിയമത്തിൽ എപ്പോൾ വേണമെങ്കിലും ഭേദഗതി വരുത്താൻ മാർപ്പാപ്പയ്ക്ക് അധികാരമുണ്ട്.

(പി.ഒ.സി. – യിൽ നടന്ന സെമിനാറിൽ നിന്ന് പ്രസക്തഭാഗങ്ങളും ചേർത്തിട്ടുണ്ട്)

ഡോ. നെൽസൺ തോമസ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.