മറിയം ത്രേസ്യയുടെ വിശുദ്ധ പദവി പ്രഖ്യാപനം ഒക്ടോബർ 13 ന്

ഹോളി ഫാമിലി സന്യാസിനീസമൂഹത്തിന്റെ സ്ഥാപകയും കുടുംബങ്ങളുടെ മധ്യസ്ഥയുമായ വാഴ്ത്തപ്പെട്ട മദര്‍ മറിയം ത്രേസ്യയുടെ നാമകരണ ചടങ്ങ് ഒക്ടോബർ 13 നു രാവിലെ പത്തുമണിക്കു സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ വച്ച് നടക്കും. ഈ പുണ്യമുഹൂർത്തത്തിനു സാക്ഷ്യം വഹിക്കുവാൻ കേരളത്തിൽ നിന്നും നാനൂറിലധികം ആളുകൾ റോമിലെത്തും. ഇതിൽ മെത്രാന്മാരും സന്യസ്തരും ജനപ്രതിനിധികളുമുള്‍പ്പെടും.

ചടങ്ങില്‍ ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ സഹകാര്‍മികനാകും. പ്രഖ്യാപനത്തിന്റെ തലേദിവസമായ 12ന് വൈകുന്നേരം നാലിനു മരിയ മെജോറ ബസിലിക്കയില്‍ ഒരുക്കശുശ്രൂഷ നടത്തപ്പെടും. വിശുദ്ധരുടെ കാര്യാലയത്തിന്റെ പ്രീഫെക്ട് കര്‍ദ്ദിനാള്‍ ആഞ്ചലോ ജിയോവാനി ബെച്ച്യു ഈ ശുശ്രൂഷയിൽ മുഖ്യകാര്‍മികനാകും. വിശുദ്ധ പ്രഖ്യാപനത്തിന്റെ പിറ്റേന്ന് രാവിലെ പത്തരയ്ക്ക് റോമിലെ സെന്റ് അനസ്താസിയ ബസിലിക്കയില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ കൃതജ്ഞതാബലി അര്‍പ്പിക്കും.

വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ഒക്ടോബര്‍ 13 ന് ഇരിങ്ങാലക്കുട രൂപതയിലെ എല്ലാ ദേവാലയങ്ങളിലും കൃതജ്ഞതാബലി അര്‍പ്പിക്കുമെന്നു മാര്‍ പോളി കണ്ണൂക്കാടന്‍ അറിയിച്ചു. വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ ഇന്ത്യയിലെ ആഘോഷം നവംബര്‍ 16ന് കുഴിക്കാട്ടുശേരിയിലാണ് നടക്കുന്നത്.