മതം മാറിയാല്‍ സഭാംഗത്വം നഷ്ടപ്പെടുമോ?

ഫാ. ജോസ് ചിറമേല്‍

മാമ്മോദീസ സ്വീകരിച്ചെങ്കിലും പിന്നീട് ഹിന്ദു മതത്തില്‍ ചേര്‍ന്ന് ജീവിക്കുന്ന ഒരു സ്ത്രീയെ ഒരു കത്തോലിക്കന്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു. ഇവരുടെ വിവാഹം ദേവാലയത്തില്‍ നിയമാനുസൃതം നടത്താന്‍ എന്താണ് ചെയ്യേണ്ടത്?

വിക്ടര്‍ പെരേര, കൊച്ചി

മതവ്യത്യാസം: വിവാഹതടസ്സം

കൗദാശികവും എക്യുമെനിക്കലുമായ മാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചോദ്യത്തിനാണ് ഉത്തരം നല്‍കേണ്ടത്. ചോദ്യത്തില്‍ പരാമര്‍ശിക്കപ്പെടുന്ന രണ്ടുപേരും മാമ്മോദീസ സ്വീകരിച്ചവരാണ്. പക്ഷേ  അവരിലൊരാള്‍ ഇപ്പോള്‍ ഹിന്ദുമതവിശ്വാസിയായി ജീവിക്കുന്നു. മതവ്യത്യാസം സഭയില്‍ വിവാഹ തടസ്സമാണ് (CCEO C.803; CIC C.1086) സാധുവായും നിയമാനുസൃതമായും ദേവാലയത്തില്‍ വച്ച് വിവാഹം കഴിക്കുന്നതിന് സഭാനിയമത്തില്‍ വ്യക്തമായ നിബന്ധനകളുണ്ട്. അതനുസരിച്ച് മാമ്മോദീസ സ്വീകരിച്ചയാള്‍ക്ക് മാമ്മോദീസ സ്വീകരിക്കാത്ത വ്യക്തിയുമായി സാധുവായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ സാധിക്കുകയില്ല. ഇവര്‍ രണ്ടുപേരും വ്യത്യസ്തമതങ്ങളില്‍പ്പെടുന്നവരാണല്ലോ. മതവ്യത്യാസം സഭയില്‍ വിവാഹതടസ്സവുമാണ്. ഈ തടസ്സത്തില്‍ നിന്നും സഭാധികാരിയില്‍ നിന്ന് ഒഴിവാക്കല്‍ (Dispensation) ലഭിച്ചെങ്കില്‍ മാത്രമേ ഇവരുടെ വിവാഹം ദേവാലയത്തില്‍ വച്ച് സാധുവായി നടത്തുവാന്‍ സാധിക്കൂ. ഇപ്രകാരമുള്ള ഒഴിവാക്കല്‍ തക്കതായ കാരണങ്ങളുടെ അടിസ്ഥാനത്തില്‍ ആയിരിക്കണമെന്ന് നിയമത്തില്‍ നിഷ്‌ക്കര്‍ഷിച്ചിട്ടുണ്ട്.

ചില വ്യവസ്ഥകള്‍

അക്രൈസ്തവരെ വിവാഹം കഴിക്കുവാന്‍ കത്തോലിക്കര്‍ക്ക് സഭാധികാരിയില്‍ നിന്ന് ഒഴിവാക്കല്‍ ലഭിക്കണമെങ്കില്‍ ചില വ്യവസ്ഥകള്‍ പാലിച്ചിരിക്കേണ്ടതുണ്ട്. താഴെപ്പറയുന്നവയാണ് ആ വ്യവസ്ഥകള്‍:

1) തന്റെ വിശ്വാസത്തില്‍ നിന്ന് വ്യതിചലിച്ചു പോയേക്കാവുന്ന അപകടസാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിന് തയ്യാറാണെന്ന് കത്തോലിക്കാകക്ഷി പ്രഖ്യാപിക്കുകയും കുട്ടികളെ കത്തോലിക്കാസഭയില്‍ മാമ്മോദിസയും ശിക്ഷണവും നല്‍കി വളര്‍ത്തുന്നതിന് തന്റെ കഴിവനുസരിച്ച് പരിശ്രമിക്കുന്നതാണെന്ന് ആത്മാര്‍ത്ഥമായി വാഗ്ദാനം ചെയ്യുകയും വേണം.

2) കത്തോലിക്കാ കക്ഷി ചെയ്യേണ്ട വാഗ്ദാനങ്ങളെപ്പറ്റി അക്രൈസ്തവകക്ഷിയെ യഥാസമയം അറിയിച്ചിരിക്കണം.

3) വിവാഹത്തിന്റെ അടിസ്ഥാനപരമായ ഉദ്ദേശ്യങ്ങളേയും ഗുണങ്ങളേയും സംബന്ധിച്ച് രണ്ടുകക്ഷികളേയും ബോധവല്‍ക്കരിക്കുകയും വേണം. ദമ്പതിമാരില്‍ ആരും ഈ ഉദ്ദേശ്യങ്ങളും ലക്ഷ്യങ്ങളും ഒഴിവാക്കാന്‍ പാടില്ലാത്തതുമാകുന്നു.

കത്തോലിക്കരും അക്രൈസ്തവരുമായുള്ള വിവാഹത്തെ സഭാനിയമത്തിന്റെ ഒരു അപവാദമായി പരിഗണിക്കുന്നതിനാലാണ് ന്യായമായ കാരണങ്ങളുണ്ടെങ്കില്‍ മാത്രമേ ഇതനുവദിക്കാവൂ എന്ന് സഭാനിയമം അനുശാസിക്കുന്നത്. ഒരേ വിശ്വാസത്തിലുള്ളവരുടെ വിവാഹമാണ് സഭ അഭികാമ്യമായി കരുതുന്നത്.

എന്നാല്‍, ചോദ്യകര്‍ത്താവ് ഉന്നയിച്ചിരിക്കുന്ന പ്രശ്‌നത്തില്‍ രണ്ടുപേരും മാമ്മോദീസ എന്ന കൂദാശ സ്വീകരിച്ചിട്ടുള്ളവരാണ്. അവരില്‍ ഒരാള്‍ കത്തോലിക്കനും മറ്റേയാള്‍ മാമ്മോദീസാ സ്വീകരിച്ചുവെങ്കിലും ഹിന്ദുമതത്തില്‍ അംഗമായി ചേര്‍ന്ന് ജീവിക്കുന്നയാളുമാണ്. ഇവരുടെ വിവാഹം സാധുവായി നടത്തുന്നതിന് മതവ്യത്യാസം എന്ന വിവാഹതടസ്സത്തില്‍ നിന്നുള്ള ഒഴിവാക്കല്‍ ലഭിക്കേണ്ടതുണ്ടോ എന്നതാണ് പ്രശ്‌നം. ഇതിന് ഉത്തരം നല്‍കുന്നതിന് മുമ്പ് ഇതോട് ബന്ധപ്പെട്ട ലത്തീന്‍-പൗരസ്ത്യസഭകളുടെ കാഴ്ചപ്പാടുകളിലെ വ്യത്യാസം മനസ്സിലാക്കേണ്ടതുണ്ട്.

ലത്തീന്‍-പൗരസ്ത്യ സഭകളുടെ വ്യത്യസ്ത കാഴ്ചപ്പാടുകള്‍

ലത്തീന്‍ നിയമസംഹിതയിലെ 1086 -ാം കാനോനയമനുസരിച്ച് കത്തോലിക്കാസഭയില്‍ മാമ്മോദീസാ സ്വീകരിച്ചവരും കത്തോലിക്കാസഭയിലേയ്ക്ക് ചേര്‍ക്കപ്പെട്ടവരും ഔദ്യോഗിക നടപടി ക്രമത്തിലൂടെ (Defected by a formal act) സഭ ഉപേക്ഷിച്ച് പോകാത്ത പക്ഷം മാമ്മോദീസാ സ്വീകരിക്കാത്തവരുമായി നടത്തുന്ന വിവാഹം അസാധുവായിരിക്കും (CIC.C.1086/1).  ഇതില്‍ നിന്നു കത്തോലിക്കാസഭാംഗത്തിന് ഒരു ഔദ്യോഗികനടപടിക്രമം വഴി കത്തോലിക്കാസഭ ഉപേക്ഷിച്ചു പോകാമെന്നും അതുവഴി അയാളുടെ സഭാംഗത്വം നഷ്ടപ്പെടുന്നുവെന്നും വ്യക്തമാക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പൗരസ്ത്യസംഹിത വ്യത്യസ്തമായ കാഴ്ചപ്പാടാണ് പുലര്‍ത്തുന്നത്. പൗരസ്ത്യ നിയമസംഹിതയിലെ 803-ാം കാനോനയനുസരിച്ച് മമ്മോദീസാ സ്വീകരിക്കാത്ത വ്യക്തിയുമായി കത്തോലിക്കന് സാധുവായി വിവാഹത്തിലേര്‍പ്പെടുവാന്‍ സാധിക്കുകയില്ലെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. എന്നാല്‍ ലത്തീന്‍ നിയമസംഹിതയിലെ 1086-ാം നമ്പര്‍ കാനോ നയിലെ ഒന്നാം ഖണ്ഡികയില്‍ കൊടുത്തിരിക്കുന്ന നിര്‍ദ്ദേശത്തിന് വിപരീതമാണ് പൗരസ്ത്യനിയമ സംഹിതയിലെ കാഴ്ചപ്പാട്. പൗരസ്ത്യനിയമത്തിന്റെ ദൃഷ്ടിയില്‍ കത്തോലിക്കര്‍ കത്തോലിക്കാസഭയില്‍ മാമ്മോദീസ സ്വീകരിച്ചിട്ടുള്ളവരും കത്തോലിക്കാ സഭയിലേക്ക് ചേര്‍ക്കപ്പെട്ടിട്ടുള്ളവരുമാണ്. കത്തോലിക്കാ സഭയില്‍ അംഗമായി ചേര്‍ന്നശേഷം ഔദ്യോഗിക നടപടിക്രമം വഴി ഒരാള്‍ സഭ ഉപേക്ഷിച്ചാലും അയാ ളുടെ സഭാംഗത്വം നഷ്ടപ്പെടുന്നില്ല. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, കത്തോലിക്കന്‍ ഔദ്യോഗിക നടപടിക്രമം വഴി സഭവിട്ട് മറ്റ് ഏതെങ്കിലും മതം സ്വീകരിച്ചാലും അയാള്‍ കത്തോലിക്കനായിരിക്കുമെന്ന് ചുരുക്കം. എന്നാല്‍ ലത്തീന്‍ നിയമമനുസരിച്ച് മാമ്മോദീസ സ്വീകരിച്ച് കത്തോലിക്കനായ വ്യക്തി പിന്നീട് ഔദ്യോഗിക നടപടിക്രമംവഴി സഭ വിട്ടുപോയാല്‍ അയാളെ കത്തോലിക്കനായി പരിഗണിക്കുകയില്ല. ലത്തീന്‍ സഭയുടേയും പൗരസ്ത്യ സഭകളുടേയും വ്യത്യസ്ത മായ ഈ കാഴ്ചപ്പാടുകള്‍ നാം മനസ്സിലാക്കിയിരിക്കണം.

ചോദ്യകര്‍ത്താവ് ലത്തീന്‍ സഭാംഗമായതിനാല്‍ ലത്തീന്‍നിയമത്തിന്റെ കാഴ്ചപ്പാടിലൂടെ വേണം ഈ ചോദ്യത്തെ സമീപിക്കുവാന്‍. വിവാഹത്തിന്റെ സാധു തയെ സംബന്ധിക്കുന്ന ചോദ്യമാണല്ലോ ഇത്. അതു കൊണ്ടുതന്നെ വ്യക്തികള്‍ക്ക് ബാധകമായ നിയമത്തിന്റെ വെളിച്ചത്തില്‍വേണം ചോദ്യത്തിന് ഉത്തരം  കാണേണ്ടത്. ലത്തീന്‍ നിയമത്തിലെ 1086-ാം കാനോന കത്തോലിക്കനും അക്രൈസ്തവനും തമ്മിലുള്ള വിവാഹത്തെ സംബന്ധിക്കുന്നതാണ്. പ്രഥമ ദൃഷ്ട്യാ ചോദ്യകര്‍ത്താവ് ഉന്നയിച്ചിരിക്കുന്ന ചോദ്യത്തിലെ വിവാഹത്തിന്റെ സാധുതയ്ക്ക് സഭാധികാരിയില്‍ നിന്ന് മതവ്യത്യാസം എന്ന വിവാഹ തടസ്സത്തില്‍ നിന്ന് ഒഴിവാക്കല്‍ ലഭിക്കേണ്ട ആവശ്യമില്ലെന്ന് തോന്നാവുന്നതാണ്. കാരണം വിവാഹത്തിലെ രണ്ടു കക്ഷികളും സാധുവായ മാമ്മോദീസ സ്വീകരി ച്ചിട്ടുള്ളവരാണല്ലോ. അവരുടെ മാമ്മോദീസയെ സംബന്ധിച്ച് ആര്‍ക്കും സംശയവുമില്ല.

മാമ്മോദീസ സ്വീകരിക്കുന്ന വ്യക്തിയില്‍ മായാത്ത മുദ്ര പതിയുന്നു. 

സാധുവായി മാമ്മോദീസ സ്വീകരിക്കുന്ന വ്യക്തിയില്‍ ഒരിക്കലും മായാത്ത മുദ്ര (imprint a Character) പതിയുന്നുണ്ടെന്നാണ് സഭ പഠിപ്പിക്കുന്നത് (CCEO. C.675/1;CIC.C.849). തന്മൂലം പില്‍ക്കാലത്ത് അയാള്‍ വിശ്വാസം ഉപേക്ഷിച്ചാലും മാമ്മോദീസയില്‍ ലഭിച്ച മുദ്ര അയാളില്‍ നിന്നും ആര്‍ക്കും എടുത്തു മാറ്റാനാവില്ല. ചോദ്യത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന ദമ്പതിമാരില്‍ ഒരാള്‍ മാമ്മോദീസ സ്വീകരിച്ചെങ്കിലും പിന്നീട് കത്തോലിക്കാ വിശ്വാസം പാടെ ഉപേക്ഷിച്ചയാളാണ്. മാത്രവുമല്ല അയാള്‍ അക്രൈസ്തവ മതത്തില്‍ അംഗമായി ചേരുകയും അവിടെ തികഞ്ഞ ആത്മീയ സംതൃപ്തി കണ്ടെത്തി ജീവിക്കുകയും ചെയ്യുന്നു.

ക്രിസ്തീയ സഭകളില്‍ നിന്ന് അക്രൈസ്തവ മതങ്ങളില്‍ ചേരുന്നവരെപ്പറ്റി:

പൗരസ്ത്യനിയമവും ലത്തീന്‍ നിയമവും മേല്‍ പ്പറഞ്ഞ കാനോനകളില്‍ മാമ്മോദീസാ സ്വീകരിച്ച വ്യക്തിയും, സ്വീകരിക്കാത്ത വ്യക്തിയും തമ്മിലുള്ള വിവാഹത്തെപ്പറ്റിയാണ് പരാമര്‍ശിക്കുന്നത് (CCEO.C. 803;CiC.C.1086). എന്നാല്‍ ക്രിസ്തീയ സഭകളില്‍ നിന്ന് (Catholic Orthodox, Protestant) അക്രൈസ്തവമതങ്ങളില്‍ (Islam, Hinduism, Buddhism etc) ചേരുന്നവരെ ഈ കാനോനകളില്‍ വിഭാവനം ചെയ്തിട്ടില്ല. എങ്കിലും ലത്തീന്‍ നിയമസംഹിതയുടെ വീക്ഷണത്തില്‍ കത്തോലിക്കാസഭയില്‍ അംഗമായിരുന്ന ഒരാള്‍ പിന്നീട് ഔദ്യോഗിക നടപടിക്രമം വഴി സഭ ഉപേക്ഷിക്കുകയും ഹിന്ദുമതത്തിലോ, ഇസ്ലാംമതത്തിലോ മറ്റ് ഏതെങ്കിലും മതത്തിലോ ചേരുകയും ചെയ്തയാളാണെങ്കില്‍ വിവാഹത്തിന്റെ കാര്യത്തെ സംബന്ധിച്ചിടത്തോളം ആ വ്യക്തി അക്രൈസ്തവനായിട്ടാണ് പരിഗണിക്കപ്പെടുന്നത്. തന്മൂലം ഇവരുടെ വിവാഹം പള്ളിയില്‍ സാധുവായി നടത്തപ്പെടുന്നതിന് മതവ്യത്യാസം എന്ന വിവാഹതടസ്സത്തില്‍ നിന്ന് ഒഴിവാക്കല്‍ നല്‍കി വിവാഹത്തിന് അനുവാദം നല്‍കുകയാണ് വേണ്ടത്.

പ്രസ്തുത വിവാഹം കൂദാശയാണോ?

മേല്‍ സൂചിപ്പിച്ച വിവാഹം കൂദാശയാണോ എന്ന ചോദ്യം പ്രസക്തമാണ്. പൗരസ്ത്യ നിയമത്തിലെ 776-ാം കാനോനയനുസരിച്ചും (CCEO.C.776/2) ലത്തീന്‍ നിയമത്തിലെ 1055-ാം കാനോനയനുസരിച്ചും (CIC.C. 1055/2) മാമ്മോദീസാ സ്വീകരിച്ചവര്‍ തമ്മിലുള്ള സാധുവായ വിവാഹം അതിനാല്‍ തന്നെ ഒരു കൂദാശയാണ്. എന്നാല്‍, വിവാഹത്തിലെ ഒരാള്‍ നിലവില്‍ അക്രൈസ്തവമതത്തിലെ അംഗമാണെങ്കില്‍ അയാ ളുമായിട്ടുള്ള വിവാഹം എങ്ങനെ കൂദാശയായി പരിഗണിക്കുമെന്നത് പ്രശ്‌നമാണ്.

ദമ്പതിമാരുടെ മനഃസ്സാക്ഷിയെ ആദരിക്കണം.

1993ലെ പുതുക്കിയ എക്യുമെനിക്കല്‍ ഡയറക്റ്ററിയില്‍ കത്തോലിക്കരും മാമ്മോദീസാ സ്വീകരിച്ച അകത്തോലിക്കരും തമ്മില്‍ നടത്തുന്ന വിവാഹത്തെപ്പറ്റി പരാമര്‍ശിക്കുന്ന 146-ാം ഖണ്ഡികയില്‍ ഇപ്രകാരം പറയുന്നു:”വിവാഹത്തിലെ രണ്ട് ദമ്പതിമാരുടെയും മനഃസ്സാക്ഷിയെ ആദരിക്കേണ്ടതുണ്ട്.” അജപാലനപരമായി നോക്കിയാല്‍ ഈ വസ്തുത മതവ്യത്യാസം എന്ന വിവാഹതടസ്സം ഒഴിവാക്കി വിവാഹം നടത്തുന്ന വരുടെ കാര്യത്തിലും പരിഗണിക്കേണ്ടതാണ്.

ഫാ. ജോസ് ചിറമേല്‍
 

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ