തൂക്കിലേറ്റാന്‍ വിധിക്കപ്പെട്ട വ്യക്തിക്ക് രോഗീലേപനം നല്‍കാമോ?

ഡോ. ജോസ് ചിറമേല്‍

വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഒരാളുടെ ശിക്ഷ നടപ്പിലാക്കാന്‍ ഏതാനും മണിക്കൂറുകളേ ശേഷിക്കു ന്നുള്ളൂ. തടവറയില്‍ കഴിയുന്നവരുടെ ആദ്ധ്യാത്മികകാര്യങ്ങള്‍ നോക്കുന്ന വൈദികന് (Jail chaplain) ഇയാള്‍ക്ക് രോഗീലേപനം എന്ന കൂദാശ നല്‍കാമോ? ഇത്തരം സാഹചര്യങ്ങളില്‍ ഈ കൂദാശ നല്‍കാന്‍ സഭാനിയമം അനുവദിക്കുന്നുണ്ടോ?

കത്തോലിക്കാസഭയുടെ ആരാധനാക്രമത്തിന്റെ കാതലാണല്ലോ കൂദാശകള്‍. മനുഷ്യരെ വിശുദ്ധീകരിക്കുക, മിശിഹായുടെ മൗതീകശരീരത്തെ വളര്‍ത്തുക, ദൈവത്തിന് ആരാധനയര്‍പ്പിക്കുക എന്നിവയാണ് കൂദാശകളുടെ ലക്ഷ്യങ്ങള്‍. യേശുക്രിസ്തുവിന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങളായ ജനനം, പരസ്യജീവിതം, സഹനം, മരണം, ഉത്ഥാനം എന്നീ ദിവ്യരഹസ്യങ്ങളുടെ ആവിഷ്‌ക്കരണങ്ങളാണ് സഭയിലെ വിവിധ കൂദാശകള്‍.

കൂദാശകള്‍ ഒരു അവകാശം

ക്രിസ്തീയ വിശ്വാസികള്‍ക്ക് തങ്ങളുടെ ഇടയന്മാരില്‍ നിന്ന് ആദ്ധ്യാത്മികജീവിതത്തിനാവശ്യമായ സഹായം ലഭിക്കുവാന്‍ അവകാശമുണ്ടെന്ന് സഭാനിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട് (CCEO.c.16; CIC.c.213). ഇവ മാമ്മോദീസായിലൂടെ കൈവരുന്ന അവകാശങ്ങളാണ്. തന്മൂലം ശരിയായ ഒരുക്കത്തോടെ കൂദാശകള്‍ ആവശ്യപ്പെടുന്ന വിശ്വാസികള്‍ക്ക് അവ നല്‍കുവാന്‍ വൈദികര്‍ക്ക് കടമയുണ്ട്. അത്തരം സാഹചര്യങ്ങളില്‍ കൂദാശകള്‍ നിഷേധിക്കുവാന്‍ പാടില്ല.

അവകാശം നിരുപാധികമല്ല

എന്നാല്‍ പ്രസ്തുത അവകാശങ്ങള്‍ നിരുപാധികമല്ല (absolute). സഭാനിയമം നിഷ്‌ക്കര്‍ഷിക്കുന്ന ഗൗരവമായ കാരണങ്ങളുടെ അടിസ്ഥാനത്തില്‍ വിശ്വാസികള്‍ക്ക് കൂദാശകള്‍ നിഷേധിക്കാവുന്നതാണ്. ഈ നിഷേധം എപ്പോഴൊക്കെ ആകാമെന്ന് നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉദാഹരണമായി, പരസ്യ പാപികള്‍ക്ക് വിശുദ്ധ കുര്‍ബാന നല്‍കുവാന്‍ പാടില്ല. ദൈവ ജനത്തിന് ഉതപ്പിന് കാരണമാകാതിരിക്കുവാന്‍ വേണ്ടിയാണിത് (CCEO.c.712).

സഭയില്‍ മഹറോന്‍ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍ക്കും വി. കുര്‍ബാന നല്‍കുവാന്‍ പാടില്ലെന്ന് ലത്തീന്‍ നിയമത്തിലും പ്രതിപാദിച്ചിട്ടുണ്ട് (C1C.c.915). ഏതെങ്കിലും തരത്തിലുള്ള ബുദ്ധിഭ്രമമോ മറ്റ് മാനസികരോഗമോ മൂലം പൗരോഹിത്യ ശുശ്രൂഷ ശരിയായി നിര്‍വഹിക്കുന്നതിന് അപര്യാപ്തരാണെന്ന് സ്ഥിരീകരിക്കപ്പെട്ടവര്‍ക്കും, വിശ്വാസം ത്യജിക്കല്‍, പാഷണ്ഡത, ശീശ്മ എന്നീ തെറ്റുകളേതെങ്കിലും ചെയ്തിട്ടുള്ളവര്‍ക്കും തിരു പ്പട്ടം എന്ന കൂദാശ നല്‍കുവാന്‍ പാടുള്ളതല്ല (CCEO.c.762/1;CIC.c.1041/1). തിരുപ്പട്ടം സ്വീകരിച്ചിട്ടുള്ളവരും സന്യാസസമൂഹത്തില്‍ പരസ്യമായ നിത്യബ്രഹ്മചര്യവ്രത വാഗ്ദാനം നടത്തിയിട്ടുള്ളവരും തായ്പരമ്പരയിലെ രക്തബന്ധത്തില്‍പ്പെട്ടവരും (Consanguinity in the direct line) വിവാഹം കഴിക്കാന്‍ പാടില്ല (CCEO.c.795;CIC.c.1098/2.1).

കൂദാശകള്‍ സ്വീകരിക്കാന്‍ ക്രൈസ്തവ വിശ്വാസികള്‍ക്ക് അവകാശമുണ്ടെങ്കിലും സഭ നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകള്‍ക്ക് വിധേയമായി മാത്രമേ അവ സ്വീകരിക്കാന്‍ പാടുള്ളുവെന്ന് മേല്‍ പ്രസ്താവിച്ച വസ്തുതകളില്‍ നിന്നും വ്യക്തമാണല്ലോ. അതു കൊണ്ടാണ് സഭാനിയമം താഴെ പറയും പ്രകാരം നിഷ്‌ക്കര്‍ഷി ച്ചിരിക്കുന്നത്:
”ശരിയായ ഒരുക്കമുള്ളവരും കൂദാശകള്‍ സ്വീകരിക്കുന്ന തില്‍ നിന്ന് നിയമം വിലക്ക് കല്‍പ്പിച്ചിട്ടില്ലാത്തവരുമായ വിശ്വാ സികള്‍ ഉചിതമായ സമയങ്ങളില്‍ ആവശ്യപ്പെടുമ്പോള്‍ ന്യായ മായ തടസ്സങ്ങളാല്‍ തടയപ്പെടുന്നില്ലെങ്കില്‍ മാത്രമേ വിശ്വാസികള്‍ക്ക് കൂദാശകള്‍ സ്വീകരിക്കുവാന്‍ അവകാശമുള്ളൂ (CCEO.c. 381/2;CIC.c.843/1).

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാള്‍ക്ക് രോഗീലേപനം നല്‍കാമോ?

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് മരണം കാത്ത് തടവറയില്‍ കഴിയുന്ന ആള്‍ക്ക് രോഗീലേപനം എന്ന കൂദാശ സ്വീകരിക്കുന്നതിന് സഭാനിയമം നിഷ്‌ക്കര്‍ഷിക്കുന്ന തടസ്സമുണ്ടോ എന്ന് പരിശോധിക്കുന്നതിനുമുമ്പ്, ഈ കൂദാശ സ്വീകരിക്കുന്നവര്‍ക്ക് ഉണ്ടായിരിക്കേണ്ട ഗുണവിശേഷങ്ങള്‍ എന്തൊക്കെയാണെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. ലത്തീന്‍ നിയമസംഹിതയിലെ 1004 മുതല്‍ 1007 വരെയുള്ള കാനോനകളും പൗരസ്ത്യ നിയമ സംഹിതയിലെ 738,740,804 എന്നീ കാനോനകളും രോഗീലേപനം എന്ന കൂദാശ സ്വീകരിക്കുന്ന വ്യക്തികള്‍ക്ക് ഉണ്ടായിരിക്കേണ്ട ഗുണങ്ങളെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. ആരെല്ലാമാണ് ഈ കൂദാശ സ്വീകരിക്കുവാന്‍ അര്‍ഹരായവര്‍ എന്നാണ് ഈ കാനോനകള്‍ വ്യക്തമാക്കുന്നത്.

കത്തോലിക്കാ വിശ്വാസികള്‍ക്ക് മാത്രമല്ല

ക്രൈസ്തവ വിശ്വാസികള്‍ എന്ന് പറയുന്നതിനാല്‍ കത്തോലിക്ക വിശ്വാസികള്‍ എന്നു മാത്രം കരുതുവാന്‍ പാടില്ല. മാമ്മോദീസാ സ്വീകരിച്ച അകത്തോലിക്കാ വിശ്വാസികളെക്കൂടി ഈ കാനോനകള്‍ വിഭാവനം ചെയ്യുന്നുണ്ട്. പൗരസ്ത്യ അകത്തോലിക്കാ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കുര്‍ബാന, പാപമോചനം, രോഗീലേപനം എന്നീ കൂദാശകള്‍ നല്‍കാന്‍ കത്തോലിക്ക വൈദികര്‍ക്ക് സാധിക്കും. ഗുരുതരമായ രോഗാവസ്ഥയിലാണെങ്കില്‍ മറ്റ് അകത്തോലിക്കാ സഭാവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും ഈ കൂദാശകള്‍ ചില വ്യവസ്ഥകള്‍ക്ക് വിധേയമായി നല്‍കാവു ന്നതാണെന്ന് നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട് (CCEO.c.671/2; CIC.c.844/3,4).

ഗുരുതരമായ രോഗാവസ്ഥയില്‍

കത്തോലിക്കാ വിശ്വാസികള്‍ക്ക് ഗുരുതരമായ രോഗാവസ്ഥയിലും മരണാസന്നാവസ്ഥയിലും ഈ കൂദാശ നല്‍കാവുന്നതാണ്. കൂടാതെ അവര്‍ തിരിച്ചറിവ് (age of reason) എത്തിയവരും കൂദാശ സ്വീകരിക്കാന്‍ ആഗ്രഹമുള്ളവരുമായിരിക്കണം. തങ്ങളുടെ അജഗണങ്ങളെ ശരിക്കറിയാവുന്ന അജപാലകര്‍ക്ക് അവരുടെ ഗുരുതരമായ അവസ്ഥയും ആത്മീയകാര്യങ്ങളും മനസ്സിലാക്കാനാവും. 1917ലെ ലത്തീന്‍ നിയമസംഹിതയിലെ 940-ാം കാനോനയില്‍ വ്യക്തമാക്കിയിരുന്നത് മരണാവസ്ഥയിലായിരിക്കുന്നവര്‍ക്ക് രോഗീലേപനം സ്വീകരിക്കാമെന്നായിരുന്നു. പൗരസ്ത്യനിയമ സംഹിതയില്‍ പറഞ്ഞിരിക്കുന്നത് ഗുരുതരമായ അസുഖമുള്ളവര്‍ക്ക് രോഗീലേപനം സ്വീകരിക്കാം എന്നാണ് (CCEO.c.738). എന്നാല്‍ ലത്തീന്‍ നിയമസംഹിതയനുസരിച്ച് വ്യക്തമാക്കുന്നത് രോഗംമൂലമോ പ്രായാധിക്യം മൂലമോ ഗുരുതരാവസ്ഥയില്‍ ആയിരിക്കുമ്പോള്‍ എന്നാണ് (CIC.c.1004/1). രോഗികള്‍ക്കുവേണ്ടിയുള്ള അജപാലനശുശ്രൂഷയെ സംബന്ധിക്കുന്ന അനുഷ്ഠാനക്രമത്തിലെ (The Ritual on the pastoral care of the sick) പതിനൊന്നാം ഖണ്ഡികയില്‍ ഇപ്രകാരം പറയുന്നു: ”ഗൗരവമായ രോഗങ്ങളില്ലെങ്കിലും പ്രായമായവര്‍ക്ക് ഗൗരവമായ രീതിയില്‍ തളര്‍ച്ച ബാധിച്ചിട്ടുണ്ടെങ്കില്‍ രോഗീലേപനം നല്‍കാവുന്നതാണ്”. ഗൗരവമായ രോഗം മൂലം ശസ്ത്ര ക്രിയയ്ക്ക് വിധേയരാകുന്ന വ്യക്തികള്‍ക്കും രോഗീലേപനം നല്‍കാമെന്ന് 10-ാം ഖണ്ഡിക വ്യക്തമാക്കുന്നുണ്ട്. ഇവിടെ യെല്ലാം രോഗീലേപനം നല്‍കുന്നതിനുള്ള മാനദണ്ഡം ഗൗരവമേറിയ രോഗമാണെന്ന് വ്യക്തമാണല്ലോ. കൂദാശ സ്വീകരി ക്കുവാനുള്ള ശരിയായ സമയവും ഗൗരവമായ രോഗാവ സ്ഥയാണ്.

രോഗീലേപനത്തിന്റെ ലക്ഷ്യം

രോഗീലേപനം എന്ന കൂദാശയുടെ പ്രധാന ലക്ഷ്യം രോഗത്തില്‍ നിന്നുള്ള വിമുക്തിയാണ്. അതുകൊണ്ടുതന്നെ ആരോഗ്യ മുള്ളവര്‍ക്കല്ല രോഗീലേപനം നല്‍കേണ്ടതെന്ന് വ്യക്തമാണല്ലോ. ഗുരുതരമായ രോഗത്താലല്ലാതെ മറ്റ് ബാഹ്യമായ കാരണ ങ്ങളാല്‍ മരണത്തെ നേരിടുന്നവര്‍ക്കല്ല എന്നും സഭാ നിയമങ്ങ ളുടെ വെളിച്ചത്തില്‍ വ്യക്തമാണ്. ഒരു വ്യക്തി ആരോഗ്യവാനാ യിരിക്കുന്നിടത്തോളം മറ്റ് ബാഹ്യമായ കാരണങ്ങളാല്‍ (യുദ്ധമോ, മരണശിക്ഷയോ) മരണാസന്നാവസ്ഥയിലായിരിക്കുമ്പോള്‍ രോഗീലേപനം നല്‍കുവാന്‍ പാടുള്ളതല്ല. ഈ ആശയം തന്നെ യാണ് സഭാനിയമത്തിന്റെ പ്രധാനപ്പെട്ട വ്യാഖ്യാന ഗ്രന്ഥങ്ങളി ലും വ്യക്തമാക്കിയിരിക്കുന്നത് (The Canon Law, Letter and Spirit).

മരണത്തിന് വിധിക്കപ്പെട്ടയാള്‍

മരണത്തിന് വിധിക്കപ്പെട്ട ആളിന്റെ മാനസികാവസ്ഥ ഗൗരവതരമായിരിക്കാം. എന്നാല്‍ മരണകാരണം പ്രസ്തുത മാനസികാവസ്ഥയല്ല. തന്മൂലം മരണത്തിന് വിധിക്കപ്പെട്ട് കഴിയുന്ന ഒരാള്‍ക്ക് രോഗീലേപനം നല്‍കുന്നതിന് കാനന്‍ നിയമം അനുവദിക്കുന്നില്ല. ഇത്തരം ബാഹ്യമായ കാരണങ്ങ ളാല്‍ മരണാസന്നരായവര്‍ക്ക് വിശുദ്ധ കുര്‍ബാന നല്‍കുന്നതാണ് ഉചിതം. എന്ത് കാരണങ്ങളായാലും മരണാവസ്ഥയിലായിരിക്കുന്ന വിശ്വാസികളെ കുമ്പസാരിപ്പിച്ച് അവര്‍ക്ക് വിശുദ്ധ കുര്‍ബാന നല്‍കണമെന്നാണ് സഭാനിയമത്തില്‍ നിഷ്‌ക്കര്‍ഷിച്ചിട്ടുള്ളത് (CCEO.c.708; CIC.c. 921).

ഫാ. ജോസ് ചിറമേല്‍

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.