കൊറോണ കാലത്ത് പ്രാര്‍ത്ഥന പോലെ വൈദികരുടെ ഒരു ‘മെഴുകുതിരി പാട്ട്’

മരിയ ജോസ്

നിത്യമാം പ്രകാശമേ നയിക്കുകെന്നെ നീ
ചുറ്റിലും ഇരുൾ പരന്നിടുന്ന വേളയിൽ
അന്ധകാരപൂർണ്ണമായ രാത്രിയാണുപോൽ
എൻഗൃഹത്തിൽ നിന്നുമേറെ ദൂരെയാണു ഞാൻ…

അനേകം സദസ്സുകളെ പ്രാർത്ഥനാമയമാക്കിയ ഗാനം. ഇന്ന് ലോകത്തില്‍ കൊറോണ ഇരുൾപരത്തുമ്പോൾ ഈ ഗാനം ഒരു പ്രാർത്ഥനയാക്കി മാറ്റുകയാണ് എറണാകുളം – അങ്കമാലി രൂപതയിലെ ഒരു കൂട്ടം വൈദികർ. പില്‍ഗ്രിംസ് കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ചെയ്തിരിക്കുന്ന ഗാനമാണിത്. വീട്ടിൽ നിന്നും സ്വന്തബന്ധങ്ങളുടെ ഇടയിൽ നിന്നുമെല്ലാമാകന്ന് ദൈവജനത്തിനായി പ്രാർത്ഥിച്ചുകൊണ്ട് പലയിടങ്ങളിലായി ഒറ്റയ്ക്കായിരിക്കുന്ന ഈ വൈദികർ, തങ്ങളുടെ ഹൃദയത്തിന്റെ ഉള്ളിൽ നിന്നും സംഗീതമയമാക്കി, പ്രാർത്ഥനയാക്കി മാറ്റിയ ഈ മെഴുതിരി പാട്ടിന്റെ വിശേഷങ്ങളുമായി ലൈഫ് ഡേയ്ക്ക് ഒപ്പം ചേരുകയാണ് പില്‍ഗ്രിംസ് കമ്മ്യൂണിക്കേഷന്‍സിന്റെ ഡയറക്ടര്‍ ഫാ. ജേക്കബ് കോറോത്ത്.

കൊറോണ പടർന്നുപിടിച്ചതോടെ മിക്ക രാജ്യങ്ങളും ലോക്ക് ഡൌൺ പ്രഖ്യാപിച്ചു. എല്ലാവരും വീടിനുള്ളിലേയ്ക്ക് ഒതുങ്ങി. അച്ചന്മാരുടെയും അവസ്ഥ മറ്റൊന്നായിരുന്നില്ല. ഈ അവസരത്തിലാണ് എറണാകുളം – അങ്കമാലി രൂപതയിലെ അച്ചന്മാരുടെ ബാൻഡായ ’12 ബാൻഡ്’ ഒരു പാട്ടു ചെയ്താലോ എന്ന ആശയം മുന്നോട്ടുവയ്ക്കുന്നത്. 12 ബാൻഡ് അംഗങ്ങൾ എല്ലാവരും തന്നെ പലയിടങ്ങളിലാണ്! ഇടയ്ക്കിടെ കൂടുമ്പോൾ പാട്ടുകൾ ചെയ്യാറുണ്ടെങ്കിലും ഇപ്പോൾ, ഈ കൊറോണ കാലത്ത് ഒരുമിച്ചുകൂടുക എന്നത് അസാധ്യം. ഈ അവസരത്തിൽ ഒരു പാട്ടിന്റെ സാധ്യതകളെക്കുറിച്ച് വാട്സാപ്പിൽ അവര്‍ ചർച്ചകൾ നടത്തി. ഒരു പാട്ടെടുത്ത് എല്ലാവരെയും കൊണ്ട് പാടിച്ചശേഷം അതിൽ വർക്ക് ചെയ്യാം എന്നായി തീരുമാനം. ഒരു പാട്ട് ചെയ്യണം. ആ പാട്ട് ഒരു പ്രാർത്ഥനയാവണം! ഇതായിരുന്നു എല്ലാവരുടെയും അഭിപ്രായം.

ഈ സമയത്തു തന്നെയാണ് പ്രധാനമന്ത്രി ആരോഗ്യപ്രവർത്തകരെ അനുസ്മരിച്ചുകൊണ്ട് തിരി കത്തിക്കണം എന്നു പറഞ്ഞതും. അങ്ങനെയാണ് ആ പ്രാർത്ഥനാഗാനം മെഴുകുതിരിപ്പാട്ടായി മാറിയത്. അതിനു പറ്റിയ ഒരു പാട്ടിനായി ധാരാളം പാട്ടുകൾ നിർദ്ദേശിച്ചു. അതിൽ നിന്നാണ് ‘നിത്യമാം പ്രകാശമേ…’ എന്ന പ്രാർത്ഥന തിരഞ്ഞെടുത്തത്. ഈ സാഹചര്യത്തിന് ഏറ്റവും അനിവാര്യമായതും അർത്ഥവത്തായതെന്നും തോന്നിയതിനാലാണ് ആ പാട്ട് തിരഞ്ഞെടുത്തത് എന്ന് ജേക്കബ് അച്ചൻ വെളിപ്പെടുത്തി.

ആദ്യം ഒരു ചെറിയ മ്യൂസിക്ക് ചെയ്ത് അച്ചന്മാർക്ക് അയച്ചുകൊടുത്തു. ജെയിൻസ് തൊട്ടിയിലച്ചൻ അതിന്റെ ദൃശ്യങ്ങൾ കോർഡിനേറ്റ് ചെയ്തു. ആ ഫ്രെയ്മിൽ ലോകത്തിന്റെ പല ഭാഗങ്ങളിലിരുന്ന് അച്ചന്മാർ പ്രാർത്ഥനാപൂർവ്വം തിരി തെളിച്ചുകൊണ്ട് നിത്യമാം പ്രകാശമേ… എന്ന പാട്ടു പാടി അതിന്റെ ദൃശ്യങ്ങൾ അയച്ചുകൊടുത്തു. എറണാകുളം – അങ്കമാലി അതിരൂപതയിലെ പാട്ടുപാടുന്ന ഒട്ടുമിക്ക അച്ചന്മാരും ഈ പാട്ടു പാടി വീഡിയോ അയച്ചുതന്നു. വിയന്നയിലുള്ള ഫാ. ജാക്സൺ ആ വീഡിയോ പ്രോസസ് ചെയ്തു. ജേക്കബ് അച്ചൻ കലൂരിലിരുന്ന് ആ ദൃശ്യങ്ങൾ എഡിറ്റ് ചെയ്തു.

അമേരിക്കയിൽ നിന്നും യുകെ-യിൽ നിന്നും ഇറ്റലിയിൽ നിന്നുമൊക്കെ അച്ചന്മാർ ഈ പ്രാർത്ഥനാഗാനത്തിന്റെ ഭാഗമായി. പല ഇടവകകളിൽ നിന്നും പ്രീസ്റ്റ് ഹോമിൽ നിന്ന് ശങ്കൂരിക്കല്‍ അച്ചനും ഒക്കെ പാട്ടു പാടി അയച്ചു. ഒരു ഗാനം ചെയ്യാം എന്നുപറഞ്ഞപ്പോൾ അച്ചന്മാരുടെ ഭാഗത്തുനിന്നും ശക്തമായ പിന്തുണയാണ് ഉണ്ടായത്. ഇനി അച്ചന്മാർ മാത്രമല്ല, ഈ പ്രാർത്ഥനാഗാനത്തിന്റെ ഭാഗമായി മാറിയത്. എറണാകുളം – അങ്കമാലി രൂപതാധ്യക്ഷൻ മാർ കരിയിൽ പിതാവിന്റെ പാട്ടോടു കൂടിയാണ് ഇത് അവസാനിക്കുന്നത് എന്ന സവിശേഷതയുമുണ്ട്. കരിയിൽ പിതാവിനോട് ഈ കാര്യം പറഞ്ഞപ്പോൾ അദ്ദേഹവും രണ്ടുവരി പാടാമെന്നു സമ്മതിക്കുകയായിരുന്നു. പിതാവിന്റെ പാട്ട്, അത് കേൾവിക്കാരിൽ പ്രത്യേക ഒരുഅനുഭൂതി, പ്രതീക്ഷയുടെ ഒരു പൊൻകിരണം തെളിയിക്കുകയാണ്. വല്ലാത്ത ഒരു ഫീല്‍ ആണ് പിതാവ് പാടുമ്പോള്‍!

നാലു ദിവസം കൊണ്ട് തയ്യാറാക്കിയ ഈ വീഡിയോയില്‍ അതിന്റേതായ ചെറിയ പ്രശ്നങ്ങളുണ്ടെന്ന് ജേക്കബച്ചന്‍ സൂചിപ്പിച്ചു. എന്നിരുന്നാലും ലോകത്തിനു പ്രത്യാശ പകർന്ന ഒരു പാട്ട് തയ്യാറാക്കുവാൻ തങ്ങളെ ഒരു ഉപകരണമാക്കിയ ദൈവത്തിനു നന്ദി പറയുകയാണ് ഈ വൈദികർ.

പല പ്രായത്തിലുള്ള വൈദികർ, പല രാജ്യത്തായിരിക്കുന്നവർ കൊറോണ ഭീതി പടർത്തിയപ്പോൾ ദൈവജനത്തിനായി ബലിപീഠത്തിനു മുന്നിൽ ഏകനായി മുട്ടുകുത്തിയവർ. ഇവരുടെ ഉള്ളിൽ നിന്നുള്ള പ്രാർത്ഥന ആയതുകൊണ്ടാവാം ഒരുപക്ഷേ, ഇതുവരെ കേൾക്കാത്തൊരു മനോഹാരിത ഈ ഗാനത്തിനുള്ളത്. നമുക്കും കണ്ണുകളടയ്ക്കാം. ഈ ഗാനത്തിനായി കാതോർക്കാം. ഹൃദയം തുറന്ന് ദൈവത്തോട് പ്രാർത്ഥിക്കാം. ദൈവമേ ചുറ്റും ഇരുളാണ്… നീ നയിക്കണേ…

മരിയ ജോസ്