കറ്റാർവാഴ കഴിച്ചാൽ കാൻസർ മാറുമോ?

അര്‍ബുദത്തിന് ഒറ്റമൂലി ചികിത്സയുള്‍പ്പെടെ പല തരത്തിലുള്ള സമാന്തര ചികിത്സകളും ഇന്ന് പ്രചാരത്തിലുണ്ട്. അതിലൂടെ രോഗം പൂര്‍ണമായും മാറി എന്ന് വിശ്വസിക്കുന്നവരും അതിന് പ്രചാരം നല്‍കുന്നവരുമുണ്ട്. ആധുനിക മെഡിസിന്‍ രംഗത്ത് കാന്‍സര്‍ ചികിത്സയുടെ പാര്‍ശ്വഫലമായി മുടികൊഴിച്ചിലും, രുചിനഷ്ടവും പോലുള്ള പല വിഷമതകളും രോഗിക്ക് നേരിടേണ്ടി വരാറുണ്ട്. മാത്രമല്ല ശസ്ത്രക്രിയകള്‍ക്കും വിധേയരാവേണ്ടി വന്നേക്കാം. ഇവ പേടിച്ചാണ് പലരും പാര്‍ശ്വഫലമില്ലാത്തതെന്ന് പ്രചരിപ്പിക്കപ്പെടുന്ന മറ്റു ചികിത്സകളിലേയ്ക്ക് ആകര്‍ഷിക്കപ്പെടുന്നത്. പക്ഷേ നിസ്സാരമായി ചിത്രീകരിക്കപ്പെടുന്ന ഇത്തരം ചികിത്സകളില്‍ പലതും പിന്നീട് കാന്‍സര്‍ രോഗിയെ മറ്റ് പല രോഗങ്ങളിലേയ്ക്കും കൊണ്ടെത്തിക്കുകയാണ് പതിവ്. കാന്‍സറിനെതിരെയുള്ള ഒറ്റമൂലി പ്രയോഗം തിരിച്ചടിയായി മാറിയ ഏതാനും പേരുടെ അനുഭവം വിവരിക്കുകയാണ് കാരിത്താസ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സീനിയര്‍ സര്‍ജിക്കല്‍ ഓങ്കോളിസ്റ്റ് ഡോ. ജോജോ ജോസഫ്..

കാന്‍സര്‍ ചികിത്സയെല്ലാം കഴിഞ്ഞ് രോഗം ഭേദമായി എന്ന അവസ്ഥയിലെത്തുമ്പോള്‍ രോഗികള്‍ ചോദിക്കും, “ഡോക്ടറേ, ഞാനൊരു ഒറ്റമൂലി കഴിച്ചോട്ടെ” എന്ന്. കറ്റാര്‍വാഴപ്പോളയും റമ്മും ചേര്‍ത്തുള്ള ഒറ്റമൂലിയാണ് പലരും തിരഞ്ഞെടുക്കുന്നതും. കറ്റാര്‍വാഴപ്പോള ഒരാഴ്ച റമ്മിലിട്ട് വച്ചിട്ട് പിന്നീട് സേവിക്കുകയാണ് ചെയ്യുന്നത്. ഇതിനെക്കുറിച്ച് അധികം അറിയാതിരുന്ന സമയത്തൊക്കെ ഇങ്ങനെ ചോദിച്ചുവന്ന പലരോടും പാതി സമ്മതം അറിയിച്ചിട്ടുണ്ട്.

അതിനിടയിലാണ് ഒരു സംഭവം നടന്നത്. കാന്‍സര്‍ ഭേദമായി പോയ ഒരു സ്ത്രീ ആറേഴു മാസത്തിനുശേഷം ഗാസ്‌ട്രോ വിഭാഗത്തില്‍ അഡ്മിറ്റായി. എന്റെ പഴയ പേഷ്യന്റായിരുന്നതിനാല്‍ എനിക്കും കണ്‍സള്‍ട്ടേഷന്‍ വന്നു. ഡയറിയ, ശരീരഭാരം കുറയല്‍ തുടങ്ങിയ അസ്വസ്ഥതകളാണവര്‍ക്ക്. കാന്‍സറിന്റേതടക്കമുള്ള പരിശോധനകളും നടത്തിയെങ്കിലും കുഴപ്പമൊന്നുമില്ല. പിന്നീട് ഡയറ്റീഷ്യന്‍ എത്തി കാര്യങ്ങള്‍ വിശദമായി ചോദിച്ചപ്പോഴാണ്, കാന്‍സറിനുശേഷമുള്ള ഒറ്റമൂലി പ്രയോഗമാണ് പുതിയ അസ്വസ്ഥതയ്ക്ക് കാരണമെന്ന് വ്യക്തമായത്. കുറേ നാളുകളായി കറ്റാര്‍വാഴപ്പോള റമ്മിലിട്ട് കുടിച്ചുകൊണ്ടിരിക്കുകയാണത്രേ! അസുഖം വീണ്ടും വരാതിരിക്കാന്‍ ഭര്‍ത്താവ് മുന്‍കൈയെടുത്ത് ഇത് കഴിപ്പിക്കുകയാണെന്നും പറഞ്ഞു. കൂടുതല്‍ സംസാരിച്ചപ്പോഴാണ് മറ്റൊരു ഉപകഥ കൂടി ഉണ്ടെന്ന് മനസിലായത്. രോഗിയായ ഭാര്യയ്ക്ക് കൊടുക്കാനെന്ന പേരില്‍ ഭര്‍ത്താവിന് നിത്യവും വീട്ടില്‍ മദ്യം മേടിച്ച് സൂക്ഷിക്കാം. ഇടയ്ക്കിടയ്ക്ക് ഇതില്‍ നിന്ന് കുറച്ചെടുത്ത് അദ്ദേഹത്തിന് സേവിക്കുകയും ചെയ്യാം. ഏതായാലും ഒറ്റമൂലി നിര്‍ത്തിയതോടെ അവരുടെ അസ്വസ്ഥതകളും മാറി.

ഇതുപോലെ തന്നെ മറ്റൊരു രോഗിയെത്തി. കാന്‍സര്‍ ഭേദമായിട്ട് മൂന്നുവര്‍ഷമായി. കാര്‍ഡിയോളജി വിഭാഗത്തില്‍ നിന്ന് ഒരു ദിവസം റഫറന്‍സ് വന്നു. രോഗിയെ കാണണമെന്ന് പറഞ്ഞു. ‘അരിത്മിയ’ (ഹൃദയത്തിന്റെ താളം തെറ്റുന്ന അസുഖം) യാണ്. ഹാര്‍ട്ട് ബ്ലോക്കുമുണ്ട്. വിവരങ്ങള്‍ ചോദിച്ചു മനസിലാക്കിയപ്പോഴാണ് ഇവരും കറ്റാര്‍വാഴ-റം ഒറ്റമൂലി കഴിക്കുന്നുണ്ടായിരുന്നു എന്നറിഞ്ഞത്. പിന്നീട് പറഞ്ഞു മനസിലാക്കി. ഒറ്റമൂലി കഴിപ്പ് നിര്‍ത്തിയപ്പോള്‍ അവരുടേയും അസ്വസ്ഥതകള്‍ ഭേദമായി.

യാതൊരുവിധ പാര്‍ശ്വഫലങ്ങളും ഇല്ലാത്തതും പ്രകൃതിയില്‍ നിന്നു മാത്രം ലഭ്യമാക്കുന്നതുമായ ചികിത്സ എന്നു പറഞ്ഞാണ് പലരും ഒറ്റമൂലി നിര്‍ദേശിക്കുന്നത്. വാമൊഴിയായും സോഷ്യല്‍മീഡിയ വഴിയായും ഊഹാപോഹങ്ങള്‍ വഴിയായുമെല്ലാം വലിയ തോതിലുള്ള പ്രചാരമാണ് ഇത്തരം ഒറ്റമൂലികൾക്ക് ലഭിക്കുന്നത്. അതിനാല്‍ ഇപ്പോള്‍ ഇത്തരത്തിലുള്ള ചികിത്സകള്‍ നടത്തുന്നവരുടെ എണ്ണത്തിൽ വലിയ വര്‍ദ്ധനവുള്ളതായി കാണാൻ സാധിക്കും. എന്നാൽ കറ്റാര്‍വാഴയുടെയും അതിന്റെ ഉപയോഗത്തിന്റെയും ശാസ്ത്രീയ വശങ്ങൾ പരിശോധിച്ചാൽ ഈ പ്രചാരണത്തിന്റെ അർത്ഥ ശൂന്യത നമുക്ക് മനസിലാകും.

എന്താണ് കറ്റാര്‍വാഴ?

എന്താണ് കറ്റാര്‍വാഴ എന്നു നോക്കാം. ‘ആലോവേര’ (Aloe Vera) എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഈ സസ്യം അറേബ്യന്‍ മരുഭൂമികളിലാണ് കണ്ടുപിടിക്കപ്പെട്ടത്. എ.ഡി. 1700 മുതലാണ് ഈ സസ്യം പൊള്ളലിനും മുറിവിനുമായി ഉപയോഗിച്ചു തുടങ്ങിയത്: പ്രത്യേകിച്ച്  ചൈനാക്കാരും ഈജിപ്തുകാരും. കാലക്രമേണ കറ്റാര്‍വാഴ (Aloe Vera) ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് എത്തപ്പെടുകയാണുണ്ടായത്. അങ്ങനെ ഇന്ത്യയിലും എത്തപ്പെടുകയും വ്യാപകമായി കൃഷി ചെയ്യപ്പെടുകയും ചെയ്തുവരുന്നു. ഇന്ന്  കറ്റാര്‍വാഴ സൗന്ദര്യവര്‍ദ്ധക വ്യവസായത്തിന്റെ അവിഭാജ്യഘടകമാണ്. എനർജി ഡ്രിങ്ക് മുതല്‍ കാന്‍സറിനും പ്രമേഹത്തിനുമുള്ള ഒറ്റമൂലി ആയിട്ടുവരെ ഇന്ന് ഇത് ഉപയോഗിക്കപ്പെടുന്നുണ്ട്. ഇതിന്റെ സത്യാവസ്ഥയിലേയ്ക്ക് കടക്കുന്നതിനു മുമ്പ് കറ്റാര്‍വാഴയില്‍ എന്താണ് ഉള്ളതെന്നു നോക്കാം.

കറ്റാര്‍വാഴയുടെ 98 ശതമാനവും വെള്ളമാണ്. ബാക്കിയുള്ള രണ്ടു ശതമാനം വിവിധ ആല്‍ക്കലോയിഡുകളും ഫൈറ്റോകെമിക്കല്‍സും ആണ്. ആൽക്കലോയിഡുകൾ എന്നാൽ സ്വാഭാവികമായി ഉണ്ടാകുന്ന ജൈവ സംയുക്തങ്ങളുടെ ഒരു വിഭാഗമാണ്. സസ്യജന്യ രാസവസ്തുക്കളെ ആണ് ഫൈറ്റോകെമിക്കല്‍സ് എന്നു വിളിക്കുന്നത്. വിവിധ ഫൈറ്റോകെമിക്കല്‍സ് (Pectins, Cellulos, Glucomann തുടങ്ങിയവ) ചെറിയ തോതില്‍ വിറ്റാമിനുകൾ, ധാതുക്കൾ, പഞ്ചസാര, ‘സാലിസിലിക് ആസിഡ്’ (Salicylic Acid), ബീറ്റാ കരോട്ടിന്‍ (Beta carotene), വിവിധ എന്‍സൈമുകള്‍ എന്നിവയും ഇതില്‍ അടങ്ങിയിരിക്കുന്നു. ഈ പറഞ്ഞ വസ്തുക്കളുടെ സാന്നിദ്ധ്യമാണ്  കറ്റാര്‍വാഴയ്ക്ക് ഇത്രയും സ്വീകാര്യത ലഭിക്കാനുള്ള ഒരു കാരണം.

കാന്‍സര്‍ ചികിത്സയും സസ്യങ്ങളില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന മരുന്നുകളും 

ആധുനിക കാന്‍സര്‍ ചികിത്സയില്‍ സസ്യങ്ങളില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന മരുന്നുകള്‍ ഉപയോഗിക്കുന്നുണ്ട്. ഉദാഹരണമായി, ‘വിൻക്രിസ്റ്റയിൻ’ (Vincristine) എന്ന മരുന്ന്. നമ്മുടെ നാട്ടില്‍ കാണപ്പെടുന്ന ‘ശവംനാറി’ അല്ലെങ്കില്‍ ‘ആദം-ഹവ്വ’ എന്ന പൂച്ചെടിയില്‍ നിന്നാണ് ഈ മരുന്ന് ഉല്‍പാദിപ്പിക്കപ്പെടുന്നത്. അതേപോലെ തന്നെ Paclitaxel (പാക്ലിടാക്സെല്‍) , Etoposide (എതോപൊസൈട്)  തുടങ്ങിയ ആധുനിക കീമോതെറാപ്പിയുടെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മരുന്നും മരങ്ങളുടെ തൊലിയില്‍ നിന്നുമാണ് ഉല്‍പാദിപ്പിക്കപ്പെടുന്നത്.

ഈ മരുന്നുകളെല്ലാം വളരെ സങ്കീര്‍ണ്ണമായ രീതിയില്‍ വേര്‍തിരിച്ചെടുക്കുമ്പോള്‍ മാത്രമേ അപകടരഹിതമായി മനുഷ്യനില്‍ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ. കാരണം, ഒരു ചെടിയുടെ തണ്ടിലോ, വേരിലോ ഒക്കെ ആയിരക്കണക്കിന് ആല്‍ക്കലോയിഡുകളും ഫൈറ്റോകെമിക്കല്‍സും അടങ്ങിയിട്ടുണ്ട്. ഇതില്‍ പലതും നമ്മുടെ ശരീരത്തിന് അപകടം ഉണ്ടാക്കുന്നവയായിരിക്കും. അതിനാല്‍ ഒരു ചെടിയില്‍ നിന്നും ലഭിക്കുന്ന ഉപകാരപ്രദമായ മരുന്നിനു വേണ്ടി ഒരു ചെടിയോ ചെടിയില്‍ നിന്നും ഉണ്ടാക്കുന്ന ജ്യൂസോ കുടിച്ച് രോഗമുക്തിക്ക് ശ്രമിക്കുന്നത് ഗുണത്തേക്കാളും ദോഷമാണ് ഉണ്ടാക്കുന്നതെന്ന് മനസ്സിലാക്കണം.

‘ആലോ വേര’ അല്ലെങ്കില്‍ കറ്റാര്‍വാഴയിലേക്കു വരാം. നമ്മള്‍ വേദനസംഹാരിയായി ഉപയോഗിക്കുന്ന ആസ്പിരിനിൽ (Aspirin) ഉള്ള ‘സാലിസിലിക് ആസിഡ്’ (Salicylic Acid) കറ്റാര്‍വാഴയില്‍ ചെറിയ തോതില്‍ ഉണ്ട്. അതിനാൽ കറ്റാർവാഴ പൊള്ളലിലും മുറിവിലും ഉപയോഗിക്കുമ്പോള്‍    കറ്റാര്‍വാഴയിലുള്ള ജെല്ലില്‍ നിന്നും ലഭിക്കുന്ന തണുപ്പും കൂടി ആവുമ്പോള്‍ രോഗിക്ക് ആശ്വാസം നല്‍കുന്നു എന്നത് വാസ്തവമാണെങ്കിലും ഇതുകൊണ്ടു മാത്രമുള്ള ചികിത്സ ഫലപ്രദമാണെന്ന് ഒരു ശാസ്ത്രീയപഠനങ്ങളിലും തെളിയിക്കപ്പെട്ടിട്ടുമില്ല. കൂടാതെ, മുറിവുകളില്‍  കറ്റാര്‍വാഴ ഉപയോഗിക്കുമ്പോള്‍ അത് ശരീരത്തിനുള്ളിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു.

സൗന്ദര്യവര്‍ദ്ധക ക്രീമുകളില്‍  കറ്റാര്‍വാഴ സര്‍വ്വസാധാരണമാണ്. ഇതിന്റെ ജെല്‍ നല്‍കുന്ന തണുപ്പും സുഖകരമായ അവസ്ഥയും ആണ് ഇവിടെ മാര്‍ക്കറ്റ് ചെയ്യപ്പെടുന്നത്. കൂടാതെ, സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ ഫലപ്രാപ്തിയെക്കുറിച്ച് ശാസ്ത്രീയപഠനങ്ങള്‍ നടത്താത്തതിനാല്‍ കമ്പനികള്‍, ഇത് ഒരു നാച്ചുറൽ പ്രോഡക്റ്റ് (Natural Product) ആയി അവതരിപ്പിച്ച്, അപകടമുണ്ടാക്കില്ല എന്ന മട്ടില്‍ വന്‍തോതില്‍ വിറ്റഴിക്കുകയാണ് ചെയ്യുന്നത്. ശരീരത്തിനു പുറമേ ഉപയോഗിക്കുമ്പോൾ, മുറിവിലും പെള്ളലുമല്ലെങ്കില്‍, പ്രത്യേകിച്ച് ഗുണഫലം ഒന്നുമില്ലെങ്കിലും അപകടസാധ്യത കുറവാണ്.

കറ്റാര്‍വാഴ കഴിക്കുന്നതുകൊണ്ട് ഗുണമോ ദോഷമോ?

ഇനി കറ്റാര്‍വാഴ കഴിക്കുന്നതുകൊണ്ട് ഗുണമാണോ ദോഷമാണോ എന്നു പരിശോധിക്കാം. എന്നുവച്ചാൽ, ശരീരത്തിന്റെ ഉള്ളിൽ ചെന്നാൽ എന്തുസംഭവിക്കും എന്ന്. മായോ ക്ലിനിക് (Mayo clinic) ഈ അടുത്തിടെ നടത്തിയ പഠനം സൂചിപ്പിക്കുന്നത്, ദിവസവും ഒരു ഗ്രാം കറ്റാര്‍വാഴസത്ത്‌  (Aloe Vera whole leaf extract) കഴിച്ചാൽ ,അല്ലെങ്കില്‍ കറ്റാര്‍വാഴയുടെ നീര് (Aloe Vera Latex) തുടർച്ചയായി ഏഴു ദിവസം കഴിച്ചാല്‍ കിഡ്‌നിയുടെ പ്രവർത്തനം (Kidney Failure) തകരാറിൽ ആകും എന്നാണ്. സ്ഥിരമായ കറ്റാര്‍വാഴ ഉപയോഗം കാന്‍സറിനെ തടയില്ല എന്നു മാത്രമല്ല, സസ്തനികളില്‍ ഇത് കാന്‍സറിനു തന്നെ കാരണമാകും (carcinogenic) എന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

ഏതെങ്കിലും അസുഖത്തിന് ഗുളിക, മരുന്നുകള്‍ എന്നിവ ഉപയോഗിക്കുന്നവര്‍ കറ്റാർവാഴ കഴിച്ചാല്‍ മരുന്ന് ശരീരത്തില്‍ പ്രവേശിക്കുന്നത് തടയപ്പെടും. പ്രമേഹത്തിന് മരുന്ന് കഴിക്കുന്നവര്‍ കറ്റാർവാഴ കഴിക്കുന്നത് അപകടമുണ്ടാക്കും. അതുപോലെ ഹൃദ്രോഗസംബന്ധമായി മരുന്ന് കഴിക്കുന്നവര്‍ ഒരു കാരണവശാലും ഇത് കഴിക്കാന്‍ പാടുള്ളതല്ല. ഗര്‍ഭിണികളോ, മുലയൂട്ടുന്ന അമ്മമാരോ കൊച്ചുകുട്ടികളോ കറ്റാർവാഴ കഴിക്കുന്നത് ഗുണത്തേക്കാളുപരി അപകടങ്ങളാണ് നമുക്ക് സമ്മാനിക്കുക.

സമൂഹ മാധ്യമങ്ങളും പരസ്യങ്ങളും പറയുന്നത് കേട്ട് അപകടത്തിലേക്ക് നമ്മൾ നടന്നു നീങ്ങരുത്.

കീര്‍ത്തി ജേക്കബ്

തയാറാക്കിയത്: കീര്‍ത്തി ജേക്കബ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.