സമയത്തെ ഉപയോഗിക്കാം ഫലപ്രദമായി

ഒരു ദിവസം നാം എത്ര പ്രാവശ്യം നമ്മുടെ സമയത്തെ ചൊല്ലി ആകുലപ്പെടുകയും അസ്വസ്ഥരാവുകയും ചെയ്യാറുണ്ട്. ഒന്നിനും സമയം തികയാത്ത ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത്. അതിനാൽ തന്നെ ഉള്ള സമയം എങ്ങനെ വിനിയോഗിക്കണം എന്ന് നമുക്ക് അറിഞ്ഞുകൂടാ. ഓരോ ദിവസവും വെറുതെ പാഴാക്കി കളയുന്ന സമയത്തെക്കുറിച്ചുള്ള ഒരു പരിശോധന നമുക്ക് ആവശ്യമാണ്. ജീവിതത്തിൽ ഭൂരിഭാഗം സമയവും നാം എന്തിനു വേണ്ടിയാണ് ചിലവഴിക്കുന്നത്? കഴിഞ്ഞുപോയ സമയത്തെക്കുറിച്ചുള്ള ആകുലത നമ്മെ അലട്ടാറുണ്ടോ? ഒപ്പം വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള ഉത്കണ്ഠ നമ്മെ അസ്വസ്ഥരാക്കുന്നുണ്ടോ?

ദിവസത്തിൽ കൂടുതൽ സമയം മാറ്റി വെയ്ക്കുന്നത് എന്തിനുവേണ്ടിയാണ്?

ഓരോ ദിവസവും സമയത്തിന്റെ ഭൂരിഭാഗവും നാം ചിലവഴിക്കുന്നത് എന്തിന് വേണ്ടിയാണ് എന്ന് ചിന്തിക്കുന്നത് ഉത്തമമാണ്. ഭൗതിക കാര്യങ്ങൾക്കും ലൗകിക കാര്യങ്ങൾക്കും ആത്മീയ കാര്യങ്ങൾക്കുമായി എത്ര സമയം ചിലവഴിക്കുന്നുണ്ട്. എന്തിനായിട്ടാണ് ഏറ്റവും കൂടുതൽ സമയം നാം മാറ്റിവയ്ക്കുന്നത്? തുടങ്ങി നിരവധി ചോദ്യങ്ങൾ സ്വയം ചോദിക്കാം. കഴിഞ്ഞു പോയ കാര്യങ്ങൾക്കു വേണ്ടി അമിതമായി സമയം ചിലവഴിക്കുന്നുണ്ടെങ്കിൽ അത് ജീവിതത്തെ സാരമായി ബാധിക്കും. ഇന്ന് ദൈവം നമുക്ക് നൽകിയ ഈ ദിവസത്തിൽ കൂടുതൽ നന്നായി ജീവിക്കുക. അമിതമായ സോഷ്യൽ മീഡിയയുടെ ഉപയോഗം നമ്മുടെ സമയത്തിന്റെ ഭൂരിഭാഗവും കവർന്നെടുക്കുകയാണ്. അത് നിയന്ത്രിക്കാം. എല്ലാക്കാര്യത്തിനും ഒരു നിശ്ചിത സമയം തിരഞ്ഞെടുക്കുക.

പ്രത്യാശ ഇല്ലാത്ത ഒരു ജീവിതമാണോ നയിക്കുന്നത്?

ഭാവിയെക്കുറിച്ചുള്ള അമിതമായ ആകുലത മൂലം പ്രത്യാശയില്ലാത്ത ഒരു ജീവിതമാണോ നാം നയിക്കുന്നത്. ദൈവത്തിന്റെ വഴികൾക്കായും സമയത്തിനായും കാത്തിരിക്കുക. എല്ലാം ദൈവകരങ്ങളിൽ സമർപ്പിക്കുന്ന ഒരാൾക്ക് ജീവിതത്തിൽ ഒന്നിനെക്കുറിച്ചും അമിതമായ ആകുലത ഉണ്ടായിരിക്കുകയില്ല. പ്രത്യാശ അർപ്പിക്കേണ്ടത് ദൈവത്തിൽ മാത്രം. കാരണം, ആയുസിലെ ഒരു ദിവസം പോലും കൂട്ടുവാനോ കുറയ്ക്കുവാനോ നമുക്ക് സാധിക്കുകയില്ല. ജീവിക്കുന്ന സമയം ആകുലതപ്പെട്ട് സമയം കളയാതെ സന്തോഷത്തോടെ ജീവിക്കുവാൻ പരിശ്രമിക്കാം.