ജീവിതത്തിൽ സന്തോഷമുള്ള വ്യക്തികൾ ആകണമോ? ഈ കാര്യങ്ങൾ അഭ്യസിക്കൂ!

സന്തോഷമുള്ള വ്യക്തികളെ എല്ലാവരും ഇഷ്ടപ്പെടുന്നു. കാരണം അവർ മറ്റുള്ളവർക്കും സന്തോഷം കൊടുക്കുന്നവരായിരിക്കും. അവർ ജീവിക്കുന്ന ചുറ്റുപാടും സന്തോഷപ്രദവും ജീവനുള്ളതുമായിരിക്കും. അതിനാൽ ജീവിതത്തിൽ എന്തൊക്കെ പ്രശ്നങ്ങൾ അഭിമുഖീകരിച്ചാലും സന്തോഷം കൈവിടാതെ കാത്തുസൂക്ഷിക്കുക. അതിന് നമ്മെ സഹായിക്കുന്ന ചില സദ്ഗുണങ്ങളെ നമുക്കൊന്ന് പരിചയപ്പെടാം.

1. എല്ലാറ്റിനും നന്ദിയുള്ളവരായിരിക്കുക  

രാവിലെ ഉണർന്നെഴുന്നേറ്റ ഉടനെ കണ്ണാടിയിൽ നോക്കി നമ്മെ അനുഗ്രഹിച്ച ദൈവത്തിന് നന്ദി പറയുക. ഒപ്പം നമ്മെക്കുറിച്ചുതന്നെ പോസിറ്റീവ് ആയി ചിന്തിക്കുക. നന്ദിയുള്ള ഒരു ഹൃദയത്തിൽ നിന്ന് മാത്രമേ സന്തോഷമുള്ള ഒരു മനോഭാവം രൂപപ്പെടുകയുള്ളൂ. അതിനാൽ സ്വയം വിലയുള്ളവരായി കരുതുക. ജീവിതത്തിലെ പരാജയങ്ങളെ ഓർത്ത് ദുഃഖിക്കാതെ നന്മകളെ ഓർത്ത് സന്തോഷിക്കുന്നവരാകുക. നല്ലതും മനോഹരവുമായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

2. കൂടുതൽ അവസരങ്ങൾ കണ്ടെത്തുക

പുതിയ ആളുകൾ, സ്ഥലങ്ങൾ, അവസരങ്ങൾ എന്നിവ കണ്ടെത്തുവാനും അവയെ സ്വീകരിക്കുവാനുമുള്ള ഒരു മനസ് ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. ജീവിതം നമ്മുടെ മുൻപിൽ വെച്ചുനീട്ടുന്ന അനേകം സാധ്യതകളെ ഉൾക്കൊള്ളുവാൻ പരിശ്രമിക്കുക. മറ്റുള്ളവരെ ശ്രദ്ധിക്കുവാനും അവരുടെ കാഴ്ചപ്പാട് മനസിലാക്കുവാനും ജിജ്ഞാസ എന്ന ഗുണം നമ്മെ സഹായിക്കും. ഒപ്പം മറ്റുള്ളവരുമായി നല്ല ബന്ധം സ്ഥാപിക്കുവാനുള്ള ഒരു അവസരവും ജിജ്ഞാസ നമ്മിൽ ജനിപ്പിക്കുന്നു. നല്ല സുഹൃത്തുക്കൾ സന്തോഷത്തിന്റെ ഒരു പ്രധാന കാരണമാണല്ലോ.

3. ആഴമുള്ള സൗഹൃദ വലയങ്ങൾ രൂപപ്പെടുത്തുക

സുഹൃത്തുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും പ്രിയപ്പെട്ടവരിൽ നിന്നും പ്രതിഫലം ആഗ്രഹിക്കാതെ  നല്ല ബന്ധം സ്ഥാപിക്കുന്നത് സന്തോഷമുള്ള ജീവിതത്തിൽ ആവശ്യമായ ഒന്നാണ്. സ്വയം സന്തോഷം കണ്ടെത്തുന്നവർ  തങ്ങളുടെ ജീവിതത്തിന്റെ സന്തോഷം ചുറ്റുമുള്ളവരുമായി പങ്കുവെയ്ക്കുന്നു. മറ്റുള്ളവർ നമ്മോട് പെരുമാറുന്നതനുസരിച്ചാണ് സന്തോഷം എന്ന് പലരും വിചാരിക്കുന്നു. എന്നാൽ യഥാർത്ഥത്തിൽ സന്തോഷം നമ്മുടെ ഉള്ളിലാണ്. നമുക്ക് സംഭവിക്കുന്ന കാര്യങ്ങളുടെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുക. ഉള്ളിലെ സന്തോഷം നഷ്ടപ്പെടുകയില്ല.

4. പ്രതീക്ഷ കൈവിടാതിരിക്കുക

ജീവിതത്തിൽ എന്തൊക്കെ തിരിച്ചടികൾ നേരിട്ടാലും പ്രതീക്ഷ കൈവിടാതെ മുന്നേറുക. ശുഭാപ്‌തി വിശ്വാസമുള്ള ആളുകൾ പരാജയത്തിൽ നിന്നും പാഠം ഉൾക്കൊണ്ട് വീണ്ടും പരിശ്രമിക്കും. പ്രത്യാശ നമ്മെ ജീവിതത്തിൽ കൂടുതൽ വിജയം വരിക്കുവാൻ സഹായിക്കുന്നു. അത് വളരുവാനുള്ള ശക്തിയും വിശ്വാസവും നൽകുകയും കൂടുതൽ മനോഹരമായ കാര്യങ്ങൾ നേടുവാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നു.

5. ജീവിതത്തിന്റെ അത്ഭുതങ്ങളെ ആസ്വദിക്കുക

മനോഹരമായ കലാസൃഷ്ടി കാണുമ്പോഴോ പ്രപഞ്ചത്തിലെ ഒരു ദൃശ്യം ആസ്വദിക്കുമ്പോഴോ നാം അത്ഭുതപ്പെടാറുണ്ട്. എന്നാൽ  ജീവിതത്തിലെ സാധാരണ കാര്യങ്ങളിലും അത്ഭുതത്തെ ദർശിക്കുവാൻ സാധിക്കണം. ഒരു പുഷ്പം വിരിയുന്നു, മനുഷ്യ ശരീരത്തിലെ പ്രവർത്തനങ്ങൾ ഇവയിലൊക്കെ നടക്കുന്ന വൈഭവങ്ങളെ തിരിച്ചറിയുവാൻ ശ്രമിക്കുക. പുതിയ കാര്യങ്ങൾ പരീക്ഷിക്കുവാനും വേറിട്ട രീതിയിൽ കാര്യങ്ങൾ ചെയ്യുവാനും പരിശ്രമിക്കുക.

6. വിശ്വാസം

സന്തുഷ്ടരായ ആളുകൾ ജീവിതത്തിലും മറ്റുള്ളവരിലും വിശ്വാസം കാത്തു സൂക്ഷിക്കുന്നവരായിരിക്കും. അതായത് ജീവിതത്തെ അതിന്റെ ഉയർച്ച താഴ്ചകളോടെ സ്വീകരിക്കുന്നവരായിരിക്കും. ഇത് ഓരോരുത്തരുടെയും  ദൈവത്തിലുള്ള വിശ്വാസത്തെ ആശ്രയിച്ചിരിക്കും. ദൈവം ജീവിതത്തിലേക്ക് അനുവദിക്കുന്നവയെ വിശ്വാസത്തോടെ സ്വീകരിക്കുവാൻ പരിശ്രമിക്കുക.