ലക്ഷ്മിതരു കാൻസർ ഭേദമാക്കുമോ?

ലക്ഷ്മിതരുവിനെക്കുറിച്ച് നമ്മള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് അധികം നാളായില്ല. ഈ ചെടിയുടെ കുരുവും ഇലയും ഒക്കെ കാന്‍സറിനെ പ്രതിരോധിക്കും എന്ന രീതിയിലുള്ള വാര്‍ത്തകള്‍ കുറച്ചുകാലമായി പ്രചരിക്കുന്നുമുണ്ട്. സോഷ്യല്‍ മീഡിയയില്‍ കൂടിയാണ് കൂടുതല്‍ പ്രചരണവും. ഒരു ഗ്രാമത്തിലെ മുഴുവൻ ആളുകളും ലക്ഷ്മിതരു എന്ന ഔഷധസസ്യം ഉപയോഗിച്ചതിന്റെ ഫലമായി കാൻസറിൽ നിന്നും മോചിതരായി എന്ന തരത്തിലുള്ള വാര്‍ത്തയും നമ്മള്‍ സോഷ്യല്‍ മീഡിയയില്‍ കണ്ടതാണ്. പലരും എന്നോട് ഇതിനെക്കുറിച്ച്‌ ചോദിച്ചിട്ടുമുണ്ട്. ഇത് ഉപയോഗിച്ചാല്‍ കാന്‍സര്‍ വരാതിരിക്കുമോ, കാന്‍സര്‍ രോഗം മാറ്റാന്‍ ലക്ഷ്മിതരുവിനു കഴിയുമോ എന്നൊക്കെയാണ് ആളുകള്‍ ചോദിക്കുന്നത്. ആ ഒരു പശ്ചാത്തലത്തിലാണ് ഈ വരികള്‍ ഞാന്‍ കുറിക്കുന്നത്.

ലക്ഷ്മിതരു എന്താണെന്നും അതിന്റെ ഉപയോഗം എന്താണെന്നും വിശദമാക്കാന്‍ ശ്രമിക്കാം.

അടുത്തിടെ ഉയര്‍ന്നുവന്ന ഒരു കാന്‍സര്‍ ഒറ്റമൂലിയാണ് ലക്ഷ്മിതരു. ‘സിമറൂബാ’ എന്നാണ് ഈ ചെടിയുടെ യഥാര്‍ത്ഥ പേര്. ‘പാരഡൈസ് ട്രീ’ അഥവാ പറുദീസാചെടി, ബിറ്റര്‍വുഡ് അഥവാ കയ്പച്ചെടി എന്നും ഇതിനെ വിളിക്കാറുണ്ട്. ഈ ചെടിയുടെ സ്വദേശം തെക്കന്‍ അമേരിക്കയാണ്. കൂടാതെ, ഫ്‌ളോറിഡ, കരീബിയന്‍ ദ്വീപസമൂഹങ്ങള്‍ തുടങ്ങി പ്രദേശങ്ങളിലും സിമറൂബാ ധാരാളമായി കണ്ടുവരുന്നുണ്ട്.

1961 -ല്‍ ‘ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ച്ചര്‍ റിസേര്‍ച്ച്’ എന്ന സ്ഥാപനമാണ് സിമറൂബായെ ഇന്ത്യയില്‍ എത്തിച്ചത്. നമ്മുടെ പ്രകൃതിയുമായി ഒത്തിണങ്ങി ധാരാളമായി വളരാന്‍ കഴിവുള്ള ചെടിയാണ് എന്നു മനസ്സിലാക്കിയ ഐ.സി.എ.ആർ. (ICAR) മണ്ണുസംരക്ഷണത്തിനും സാമൂഹികവത്ക്കരണത്തിനുമായി ഈ ചെടിയെ ഉപയോഗപ്പെടുത്തിത്തുടങ്ങി. 1995 ആയപ്പോഴേക്കും ഒറീസയില്‍ വര്‍ഷം തോറും 12 ടണ്‍ സിമറൂബാ വിത്ത് ഉല്‍പാദിപ്പിക്കപ്പെട്ടു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

വളരെയധികം വേരുകള്‍ ഉള്ളതിനാല്‍ മണ്ണിലെ ജലാംശം പിടിച്ചുനിര്‍ത്താനും ഗ്രൗണ്ട് വാട്ടര്‍ ലെവല്‍ കൂട്ടാനും സിമറൂബാ സഹായിക്കുന്നു. വേനല്‍ക്കാലത്ത് ഇല പൊഴിക്കാത്തതിനാല്‍ മണ്ണ് ചൂടാകാതെ സൂക്ഷിക്കാനും ഈ ചെടിക്കു കഴിയും. ധാരാളം ഇലകളുള്ളതിനാല്‍ കാര്‍ബണ്‍ഡയോക്‌സയിഡിന്റെ അളവ് കുറച്ച് ഓസോണ്‍ പാളി തകരാര്‍ കുറയ്ക്കാനും സിമറൂബാ സഹായിക്കും. അങ്ങനെ വെറുതെ കിടക്കുന്ന മരുഭൂപ്രദേശങ്ങള്‍ അഥവാ തരിശുഭൂമി ജീവയോഗ്യമാക്കാം എന്ന് ICAR കണ്ടുപിടിച്ചു.

അങ്ങനെ ഒറീസാ, മധ്യപ്രദേശ്, ആന്ധ്രാ, തെലുങ്കാന തുടങ്ങിയ സ്ഥലങ്ങളില്‍ സിമറൂബാ വച്ചുപിടിപ്പിക്കുകയുണ്ടായി. സിമറൂബായുടെ കുരുവില്‍ നിന്നും ഭക്ഷ്യ എണ്ണ ഉത്പാദിപ്പിക്കാനും ICAR ലക്ഷ്യമിട്ടിരുന്നു.

1985 -ലാണ് സിമറൂബാ തെക്കേ ഇന്ത്യയില്‍ എത്തുന്നത്. അന്നത്തെ കര്‍ണ്ണാടക ഗവണ്മെന്റ് സിമറൂബാ വിത്തുകളെക്കുറിച്ച് പഠിക്കാന്‍ കാര്‍ഷികശാസ്ത്രജ്ഞന്മാരായ ജോഷി ദമ്പതികളെ ചുമതലപ്പെടുത്തി. അവരാണ് ഈ ചെടി ദക്ഷിണേന്ത്യയില്‍ പ്രചാരത്തിലാക്കിയത്. ഡോ. ജോഷി ഈ ചെടിയെ ‘മദർ സിമറൂബാ’ (Mother Simaruba) എന്നാണ് വിളിച്ചിരുന്നത്.

1986 -ല്‍ ആദരണീയനായ ശ്രീ ശ്രീ രവിശങ്കര്‍ സിമറൂബായെ ‘ലക്ഷ്മിതരു’ എന്ന് നാമകരണം ചെയ്യുകയും അതിന്റെ പ്രചാരകനായി മാറുകയും ചെയ്തു. അങ്ങനെ സിമറൂബാ എന്ന തെക്കേ അമേരിക്കന്‍ ചെടി കേരളത്തില്‍ ലക്ഷ്മിതരുവായി അറിയപ്പെട്ടു തുടങ്ങി. പതിയെ സര്‍വ്വരോഗ സംഹാരിണി എന്ന പദവിയും ഇതിന്റെ പ്രചാരകര്‍ ലക്ഷ്മിതരുവിന് ചാര്‍ത്തിനല്‍കി.

മറ്റ് ഏത് ഒറ്റമൂലിയെയും പോലെ പല അസുഖങ്ങള്‍ക്കും ഈ ചെടിയുടെ തൊലി, തെക്കേ അമേരിക്കയിലെ ഹെര്‍ബല്‍ മെഡിസിന്‍ പ്രാക്റ്റീഷനേഴ്‌സ് ഉപയോഗിച്ചിരുന്നതായി രേഖകളില്‍ കാണുന്നുണ്ട്. വയറിളക്കം, നീര്‍വീഴ്ച, ഗ്യാസ് ട്രബിള്‍ തുടങ്ങിയ സാധാരണ അസുഖങ്ങള്‍ മുതല്‍ മലേറിയ വരെ സിമറൂബാ അല്ലെങ്കില്‍ ലക്ഷ്മിതരുവിന്റെ തൊലി ഉപയോഗിച്ച് ചികിത്സിച്ചിരുന്നു. ലക്ഷ്മിതരുവിന്റെ തൊലിയില്‍ നിന്നുമുള്ള സത്ത്‌ (Extract) തെക്കന്‍ അമേരിക്കയില്‍ ഗര്‍ഭഛിദ്രത്തിനുള്ള മരുന്നായി ഉപയോഗിച്ചിരുന്നുവെന്നും ജേര്‍ണലുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ലക്ഷ്മിതരുവില്‍ വിവിധയിനം ‘പ്ലാന്റ് ആല്‍ക്കലോയിഡുകള്‍’ അടങ്ങിയിരിക്കുന്നു. പലതും വളരെയധികം ശക്തിയേറിയ കീടനാശിനി കഴിവുള്ളവയാണ്. അതിനാല്‍ ഇതിന്റെ അടിയില്‍ കീടങ്ങള്‍ ബാധിക്കാറില്ല. അതുകൊണ്ട് ഇതിന്റെ തടി ഫര്‍ണിച്ചര്‍ വ്യവസായത്തിന് ഉപയോഗപ്പെടുത്തുന്നു. അങ്ങനെയുള്ള പ്ലാന്റ് ആല്‍ക്കലോയിഡുകള്‍ ഭക്ഷിക്കുമ്പോള്‍ നമുക്ക് സംഭവിച്ചേക്കാവുന്ന അപകടം മനസിലാക്കാനാണ് ഞാന്‍ ഇത് ഇവിടെ പറഞ്ഞത്.

ഈ ചെടിയില്‍ അടങ്ങിയിരിക്കുന്ന Quassinoidens എന്ന കെമിക്കല്‍ ജന്തുകോശങ്ങളെയും സസ്യകോശങ്ങളെയും നശിപ്പിക്കാന്‍ കഴിവുള്ളതാണ് എന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇതിന്റെ ‘ഹെരിറ്റോജെനിക്’ (Heritogenic – ഗര്‍ഭിണികള്‍ കഴിക്കുമ്പോള്‍ കുട്ടികളിലുണ്ടാകുന്ന അംഗവൈകല്യം) – നെക്കുറിച്ച് പഠനങ്ങള്‍ നടക്കുന്നതേയുള്ളൂ.

ഏതാണ്ട് എട്ടോളം വിവിധ സ്റ്റിറോയിഡുകളും ലക്ഷ്മിതരുവില്‍ അടങ്ങിയിരിക്കുന്നതായാണ് കെമിക്കല്‍ അനാലിസിസ് സൂചിപ്പിക്കുന്നത്. ഈ സ്റ്റിറോയിഡ് സാന്നിധ്യമായിരിക്കാം പലപ്പോഴും രോഗലക്ഷണങ്ങളുടെ ശമനത്തിനും അതുവഴി രോഗം മാറിയതായി തെറ്റിദ്ധരിക്കപ്പെടാനും കാരണം. വിവിധ കെമിക്കലുകളും (Anthraquinone, Caumarins, Flavonoids) ലക്ഷ്മിതരുവിന്റെ സത്തിൽ അടങ്ങിയിട്ടുണ്ട്.

ആധുനിക കാന്‍സര്‍ ചികിത്സയില്‍ സസ്യങ്ങളും അതില്‍ നിന്നുമുണ്ടാകുന്ന മരുന്നുകളോ ഉപയോഗിക്കുന്നില്ല എന്നല്ല ഞാന്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. ആധുനിക കീമോതെറാപ്പിയുടെ നട്ടെല്ലായ പാക്‌ലിടാക്സെൽ (Paclitaxel) എന്ന മരുന്ന് ടാക്സ്സ് ബ്രെവിഫോളിയ (Taxus Brevifolia) എന്ന മരത്തിന്റെ തൊലിയില്‍ നിന്നുമാണ് ഉല്‍പാദിപ്പിക്കുന്നത്. അതുപോലെ വിൺക്രിസ്റ്റയിൻ (Vincristine) എന്ന മരുന്ന് നമ്മുടെ നാട്ടില്‍ കാണപ്പെടുന്ന ശവംനാറി അല്ലെങ്കില്‍ ആദം ഹവ്വ എന്ന പൂച്ചെടിയില്‍ നിന്നുമാണ് ഉല്‍പാദിപ്പിക്കപ്പെടുന്നത്.

ഈ മരുന്നുകളെല്ലാം വളരെ സങ്കീര്‍ണ്ണമായ രീതിയില്‍ വേര്‍തിരിച്ചെടുക്കുമ്പോള്‍ മാത്രമേ അപകടരഹിതമായി മനുഷ്യനില്‍ ഉപയോഗിക്കാന്‍ സാധിക്കൂ. കാരണം, ഒരു ചെടിയുടെ തണ്ടിലോ തൊലിയിലോ കുരുവിലോ ഒക്കെ ആയിരക്കണക്കിന് ഫൈറ്റോകെമിക്കലുകള്‍ അടങ്ങിയിട്ടുണ്ട്. അതില്‍ പലതും സസ്യങ്ങളുടെ സംരക്ഷണത്തിനായി ജീവജാലങ്ങള്‍ക്ക് അപകടമുണ്ടാക്കാനായി ഉണ്ടാക്കിയവയുമാവാം. അതിനാല്‍ ഏതെങ്കിലും ചെടിയില്‍ ഉപകാരമുള്ള ഒരു മരുന്ന് എന്നു പറഞ്ഞ് ചെടി മുഴുവനായോ അതിന്റെ നീരോ ഒന്നും ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.

ചില ലബോറട്ടറി പരീക്ഷണങ്ങളില്‍ ലക്ഷ്മിതരുസത്ത്‌ കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ അത് ഏത് ഫൈറ്റോകെമിക്കല്‍ ആണ് എന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. കൂടാതെ മനുഷ്യനിലോ, മൃഗത്തിലോ ഇതുപോലെയുള്ള പരീക്ഷണങ്ങളൊന്നും ഇതുവരെ നടത്തിയിട്ടുമില്ല. അതിനാല്‍ കൃത്യമായ അറിവില്ലാത്ത ചികിത്സക്കു പോയി കൂടുതല്‍ ആപത്ത് വരുത്തിവയ്ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക; ഗര്‍ഭിണികള്‍ പ്രത്യേകിച്ചും.

ഡോ. ജോജോ ജോസഫ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.