ശാന്തത പരിശുദ്ധാത്മാവിന്റെ ദാനം

പരിശുദ്ധാത്മാവിന്റെ ഫലങ്ങളില്‍ ഒന്നാണ് ശാന്തതയെന്ന് വി. പൗലോസ് പറയുന്നു (ഗലാ. 5:23). നമ്മുടെ സഹോദരീ-സഹോദരന്മാരില്‍ ആരെങ്കിലും നമുക്ക് ക്ലേശമുണ്ടാക്കിയാല്‍, ‘ശാന്തതയുടെ അരൂപിയോടെ’ അവരെ തിരുത്തുവാന്‍ നാം ശ്രമിക്കണമെന്ന് അദ്ദേഹം ഉപേദശിക്കുന്നു. എന്തെന്നാല്‍, ‘നിങ്ങളും പ്രലോഭിക്കപ്പെടാവുന്നവരാണ്’ (ഗലാ. 6:1) എന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. നാം നമ്മുടെ വിശ്വാസത്തെയും ബോധ്യങ്ങളെയും പ്രതിരോധിക്കുമ്പോഴും ‘ശാന്തതയോടെ’ അത് ചെയ്യണം (1 പത്രോ. 3:16). നമ്മുടെ ശത്രുക്കളോടും ‘ശാന്തതയോടെ’ (2 തിമോ. 2:25) പെരുമാറണം. ദൈവവചനത്തിന്റെ ഈ കല്‍പന പാലിക്കുന്നതില്‍ തിരുസഭയില്‍ നമുക്കു മിക്കപ്പോഴും തെറ്റ് പറ്റുന്നു.

‘ശാന്തശീലര്‍ ഭാഗ്യവാന്മാര്‍; അവര്‍ ഭൂമി അവകാശമാക്കും’ എന്ന് പൗലോസ് അപ്പോസ്തലന്‍ ഓര്‍മ്മിപ്പിക്കുന്നു. വിശ്വാസത്തിനെതിരായി വരുന്ന വിഘ്‌നങ്ങളോടു ശാന്തതയോടെ പെരുമാറണമെന്ന് വി. പത്രോസിന്റെ വാക്കുകളെയും മറക്കാതിരിക്കാം. മനുഷ്യന് എപ്പോഴാണ് ശാന്തത നഷ്ടപ്പെടുന്നത്? ഒരു വ്യക്തി, അവന്‍ ആഗ്രഹിക്കുന്നത് ആഗ്രഹിക്കുന്ന രീതിയില്‍ ലഭിക്കാതെ വരുമ്പോഴുണ്ടാകുന്ന നിരാശയാണ് അവന്റെയുള്ളിലെ ശാന്തതയെ അശാന്തമാക്കുന്നത്.

ഇനി മനുഷ്യന്റെ ആഗ്രഹം എന്താണ്? ഈ ലോകത്തിലെ അവന്റെ നിലനില്‍പ്പാണ്. ആ നിലനില്‍പ്പിനു വേണ്ടിയുള്ള അവന്റെ പരാക്രമവും, ഓട്ടവും, ആര്‍ത്തിയുമാണ് അശാന്തതയുടെ പ്രധാനപ്പെട്ട കാരണങ്ങള്‍. ഇതിന്റെ ആയുധങ്ങളാണ് അധികാരവും, അഹങ്കാരവും. വിനയത്തോടെ സേവനം ചെയ്യാന്‍ കടപ്പെട്ടിരിക്കുന്ന വ്യക്തികള്‍ വിനയത്തിനു വിപരീതമായി പ്രവര്‍ത്തിക്കുകയും, മനുഷ്യജീവിതങ്ങളുടെ ശാന്തതയെ അപഹരിക്കുകയും ചെയ്യുന്നു. മറ്റുള്ളവര്‍ക്ക് സ്വസ്ഥത നല്‍കുന്ന മനുഷ്യര്‍ കുലീനത്വമുള്ളവരാണ്. അത് നല്‍കാന്‍ കഴിയാത്തവര്‍ സ്വന്തം ജീവിതത്തിലും സ്വസ്ഥത അനുഭവിക്കുന്നില്ല. അതിനാല്‍ ശാന്തത എന്ന പുണ്യത്തില്‍ നിറയുന്നതിനായി പരിശുദ്ധാത്മാവിനോട് നിരന്തരം പ്രാര്‍ത്ഥിക്കാം.