അഭയാര്‍ത്ഥികളുടെ അവകാശം സംരക്ഷിക്കണമെന്ന ആഹ്വാനവുമായി വിവിധ മെത്രാന്‍സമിതികളും കത്തോലിക്കാ സംഘടനകളും

തങ്ങളുടെ രാജ്യങ്ങളിലെ അരക്ഷിതാവസ്ഥ മൂലവും ഉപജീവനത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ തേടിയും പലവിധ യാതനകള്‍ താണ്ടി, കുട്ടികളോടും വൃദ്ധരോടുമൊപ്പം നീണ്ട അപകടകരമായ യാത്ര നടത്താന്‍ നിര്‍ബന്ധിതരുമാവുന്ന അഭയാര്‍ത്ഥികളുടെ നാടകീയ സാഹചര്യത്തിലേക്ക് ശ്രദ്ധ ക്ഷണിച്ച് ഇംഗ്ലീഷ്, ഫ്രഞ്ച് മെത്രാന്‍സമിതികളും ആഗോളതലത്തിലുള്ള വിവിധ കത്തോലിക്കാ സംഘടനകളും.

മെത്രാന്‍സമിതിയും കത്തോലിക്കാ സംഘടനകളും രേഖപ്പെടുത്തുന്നതുപോലെ പല രാജ്യങ്ങളിലും ഭൂരിഭാഗം പേര്‍ക്കും, അഭയാര്‍ത്ഥിസംരക്ഷണ നിയമമനുസരിച്ച് നിയമപരമായ സംരക്ഷണത്തിന് അവകാശമുണ്ടെങ്കില്‍ കൂടി, അഭയത്തിനായുള്ള നിലവിലെ നടപടിക്രമങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ ശരിയായി അറിയിക്കാത്തതു മൂലം അത് നിഷേധിക്കപ്പെടുകയാണ്. അതിന്റെ ഫലമായി കോവിഡ് 19-ന്റെ അടിയന്തരാവസ്ഥയിലും അഭയത്തിനായുള്ള അപേക്ഷകളില്‍ ചുരുക്കം എണ്ണം മാത്രമാണ് സര്‍ക്കാര്‍ അംഗീകരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ സംരക്ഷണ കാര്യത്തില്‍ പ്രത്യേക പരിഗണന വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

ലോകത്ത് തുടരുന്ന ആരോഗ്യ അടിയന്തരാവസ്ഥ കണക്കിലെടുത്ത് രാജ്യത്ത് എത്തിച്ചേരുന്നവര്‍ക്ക് മാനവികതയോടെയുള്ള സ്വാഗതം ഉറപ്പാക്കാനും മനുഷ്യാവകാശത്തിന്റെ അടിച്ചമര്‍ത്തലിനേക്കാള്‍ അഭയത്തിനു മുന്‍ഗണന നല്‍കുന്ന വ്യവസ്ഥകള്‍ മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും തങ്ങളുടെ രാജ്യങ്ങളിലെ സ്ഥാപനങ്ങളോട് മെത്രാന്‍സമിതി അഭ്യര്‍ത്ഥിച്ചു. നിര്‍ബന്ധിത സാഹചര്യങ്ങളാല്‍ സ്വന്തം നാടു വിടേണ്ടിവന്ന അഭയാര്‍ത്ഥികള്‍ക്ക് അന്താരാഷ്ട്ര സംഘടനകളുടെയും തങ്ങളുടെ രാജ്യത്തിന്റെയും പ്രത്യേക സംരക്ഷണം ആവശ്യമാണെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.